2011-08-15 15:54:42

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഓഗസ്ററ് പതിനാലാം തിയതി ഞായറാഴ്ച നല്‍കിയ തൃകാല പ്രാര്‍ത്ഥനാ സന്ദേശം


14 ഓഗസ്റ്റ് 2011, കാസ്റ്റല്‍ഗണ്ടോള്‍ഫോ

(പതിനാലാം തിയതി ഞായറാഴ്ച ദിവ്യബലിമധ്യേ വായിച്ച സുവിശേഷഭാഗത്തെ അടിസ്ഥാനമാക്കിയാണ് പാപ്പ പ്രഭാഷണം നടത്തിയത്. മത്തായിയുടെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം ഇരുപത്തൊന്നു മുതല്‍ ഇരുപത്തെട്ടു വരെയുള്ള വാക്യങ്ങളായിരുന്നു സുവിശേഷഭാഗം. കാനാന്‍കാരിയുടെ വിശ്വാസത്തെക്കുറിച്ചാണ് ഈ ഭാഗത്ത് പരാമര്‍ശിക്കുന്നത്.)

പ്രഭാഷണത്തിന്‍റെ സംഗ്രഹം :

തന്‍റെ പുത്രിയെ പിശാചിന്‍റെ പിടിയില്‍ നിന്നും മോചിപ്പിക്കണമെന്നപേക്ഷിക്കുന്ന കാനാന്‍കാരി സ്ത്രീ വിശ്വാസത്തിന്‍റെ പാതയിലൂടെ സഞ്ചരിക്കാന്‍ ആരംഭിക്കുകയാണ്. കര്‍ത്താവിനോടുള്ള സംഭാഷണത്തിലൂടെ ആ വിശ്വാസം വളരുകയാണ്. വിജാതീയായ ആ സ്ത്രീയുടെ അഭ്യര്‍ത്ഥനയോട് കര്‍ത്താവ് എങ്ങനെയാണ് പ്രതികരിക്കുന്നത്? ക്രിസ്തു ഉത്തരമൊന്നും പറയുന്നില്ല. പക്ഷെ ക്രിസ്തുവിന്‍റെ പ്രഥമ നിശബ്ദത പക്ഷെ അവളുടെ വേദയോടുള്ള അവഗണനയല്ല, അവളോടു കരുണ കാണിക്കാതിരിക്കാനല്ല അവളുടെ ആഗ്രഹം ജ്വലിപ്പിക്കാനാണ് കര്‍ത്താവ് അവളോട് ഇപ്രകാരം പെരുമാറുന്നതെന്ന് വിശുദ്ധ അഗസ്റ്റിന്‍ രേഖപ്പെടുത്തുകയുണ്ടായി.

പിന്നീട് ശിഷ്യന്‍മാര്‍ ഇടപ്പെട്ട് അവിടുത്തോട് സംസാരിക്കുമ്പോള്‍ ശിഷ്യന്മാരുടെ അഭ്യര്‍ത്ഥനയ്ക്ക് "ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്" എന്ന് അവിടുന്ന് ഉത്തരം നല്‍കുന്നു. പക്ഷെ അതും കാനാന്‍കാരി സ്ത്രീയെ നിരാശയാക്കുന്നില്ല, "കര്‍ത്താവേ എന്നെ സഹായിക്കണമേ" എന്ന് അവള്‍ വീണ്ടും യാചിക്കുമ്പോള്‍ ഏതു പ്രത്യാശയും ഇല്ലാതാക്കുന്ന ഒരു മറുപടിയാണ് ക്രിസ്തു അവള്‍ക്കു നല്‍കുന്നത്, മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ലായെന്ന് അവിടുന്ന് പറയുന്നു. അവള്‍ ആരില്‍ നിന്നും ഒന്നും എടുക്കണമെന്ന് ആഗ്രഹിക്കുന്നില്ല. എളിമയോടെ അവള്‍ ആവശ്യപ്പെടുന്നത് മേശയില്‍ നിന്നു താഴെ വീഴുന്ന അപ്പക്കഷണങ്ങള്‍ മാത്രമാണ്. അവിടുത്തെ ഒരു ദര്‍ശനം, ദൈവപുത്രന്‍റെ ഒരു വാക്ക് അവള്‍ക്കതു മതി. അവളുടെ വിശ്വാസത്തെ പ്രതി അത്ഭുതപ്പെട്ടു പോകുന്ന ക്രിസ്തു അവളുടെ ആഗ്രഹം അവള്‍ക്കു അനുവദിച്ചുകൊടുക്കുന്നു.

നാമും വിശ്വാസത്തില്‍ വളരാന്‍ വിളിക്കപ്പെട്ടവരാണ് എന്ന് ഓര്‍മിപ്പിച്ച മാര്‍പാപ്പ കര്‍ത്താവെ ഞങ്ങള്‍ക്ക് വിശ്വാസം നല്‍കണമേ എന്ന് അവിടുത്തോടു വിളിച്ചപേക്ഷിക്കാന്‍ നമുക്കു സാധിക്കണം എന്നും ഉത്ബോധിപ്പിച്ചു. ക്രിസ്തു ആരാണെന്ന് മനസിലാക്കാനും അവിടുത്തെ സ്വീകരിക്കാനും വിശ്വാസം നമ്മെ തുറവുള്ളവരായിതീര്‍ക്കും, അങ്ങനെ അവിടുത്തോടുള്ള വ്യക്തിബന്ധത്തില്‍ വളരുവാന്‍ നമുക്കു സാധിക്കും. ക്രിസ്തു നമ്മോടുള്ള അഗാധമായ സ്നേഹബന്ധത്തില്‍ നമ്മുടെ ഉള്ളില്‍ വസിക്കാനാഗ്രഹിക്കുന്നു. അതിന് നമ്മുടെ ഹൃദയങ്ങള്‍ നിരന്തരമായ പരിവര്‍ത്തനത്തിനു വിധേയമാകണമെന്നും മാര്‍പാപ്പ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.