2011-08-11 18:43:09

യുവജനങ്ങള്‍ക്ക്
ദണ്ഡവിമോചനം പ്രാപിക്കാം


11 ആഗസ്‍റ്റ് 2011, വത്തിക്കാന്‍
ആഗോള യുവജന സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്
പൂര്‍ണ്ണ ദണ്ഡവിമോചനം പ്രാപിക്കാമെന്ന് വത്തിക്കാന്‍റെ ഡിക്രി അറിയിച്ചു.
ആഗസ്റ്റ് 11-ാം തിയതി പരിശുദ്ധ സിംഹാസനത്തിന്‍റെ പരമോന്നത അനുരഞ്ജന കോടതി പുറപ്പെടുവിച്ച ഡിക്രിയിലൂടെയാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന യുവജനങ്ങള്‍ക്കും, അതിന്‍റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും ദണ്ഡവിമോചനം ലഭിക്കുമെന്ന് അറിയിച്ചത്.
മാഡ്രിഡ് അതിരൂപതാദ്ധ്യക്ഷനും സ്പെയിനിലെ ദേശിയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ അന്തോണിയോ റയില്‍ക്കോ
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ച അപേക്ഷയിലെ അഭ്യര്‍ത്ഥനകള്‍ പരിഗണിച്ചുകൊണ്ടാണ് ദണ്ഡവിമോചനത്തിനുള്ള ഡിക്രി വത്തിക്കാന്‍റെ അനുരജ്ഞനക്കോടതി Apostolic Penitentiary പുറപ്പെടുവിച്ചത്.

അനുരഞ്ജിതരായി വിശുദ്ധ കുര്‍ബ്ബാന സ്വീകരിച്ച് 26-ാമത് ആഗോള യുവജനസമ്മേളനത്തിലും അതിന്‍റെ സമാപന പരിപാടിയിലും പ്രാര്‍ത്ഥാനാരൂപിയോടെ പൂര്‍ണ്ണമായി പങ്കെടുക്കുകയും പരിശുദ്ധ പിതാവിന്‍റെ നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനവും, എവിടെയായിരുന്നാലും യുവജന സംഗമത്തിന്‍റെ വിജയത്തിനായി ആ ദിവസങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഭാഗികമായ ദണ്ഡവിമോചനവും ലഭിക്കുമെന്ന്, വത്തിക്കാന്‍ പുറപ്പെടുവിച്ച ഡിക്രി വെളിപ്പെടുത്തി. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പായുടെ അനുമതിപ്രകാരം വത്തിക്കാന്‍റെ പരമോന്നത കോടതിയുടെ അദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഫോര്‍ത്തുനാത്തോ ബള്‍ദേല്ലിയാണ് ആഗസ്റ്റ് 11-ാം തിയതി വ്യാഴാഴ്ച വിശുദ്ധ ക്ലാരയുടെ അനുസ്മരണദിനത്തില്‍ ഡിക്രി പ്രസിദ്ധപ്പെടുത്തിയത്.









All the contents on this site are copyrighted ©.