2011-08-10 19:52:43

ഭാരതത്തിലെ ക്രൈസ്തവര്‍
ആചരിച്ച കരിദിനം


10 ആഗസ്റ്റ് 2011, ഡല്‍ഹി
ഇന്ത്യന്‍ ഭരണഘടനയുടെ 61-ാം വാര്‍ഷിക ദിനത്തില്‍
ഭാരതത്തിലെ ക്രൈസ്തവര്‍ കരിദിനമാചരിച്ചു.
ഭാരതത്തിലെ ദലിത് ക്രൈസ്തവരുടെ അവകാശ സംരക്ഷണത്തിനായിട്ടാണ് ആഗസ്റ്റ് 10-ാം തിയതി ബുധനാഴ്ച ദേശീയതലത്തല്‍ കരിദിനം ആചരിച്ചതെന്ന് വിവിധ ക്രൈസ്തവ സഭകളുടെ സംയുക്ത സമിതി ഇറക്കിയ പ്രസ്താവന വെളിപ്പെടുത്തി.

ദലിത് വംശജരെക്കുറിച്ചു പരാമര്‍ശിക്കുന്ന ഭരണഘടനയുടെ
മൂന്നാം ഖണ്ഡികയില്‍ ന്യൂനപക്ഷങ്ങളായ ദലിത് ക്രൈസ്തവരെയും മുസ്ലീംങ്ങളെയും വിവേചനപരമായി കാണുന്നതിനോട് പ്രതിഷേധിച്ചുകൊണ്ടാണ് ഭാരതത്തിലെ ക്രൈസ്തവര്‍ കരിദിനം ആചരിച്ചത്. ഹിന്ദുവംശത്തില്‍പ്പെടാത്ത മറ്റൊരാളെയും പട്ടിക ജാതി-പട്ടിക വര്‍ഗ്ഗമായി പരിഗണിക്കുകയില്ലെന്ന, ഭരണഘടനയിലെ വിവേചനപരവും പ്രകടവുമായ പരാമര്‍ശത്തോടാണ് പതിറ്റാണ്ടുകളായി ക്രൈസ്തവ-മുസ്ലീം സമൂഹങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കി.

ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ദലിത് ക്രൈസ്തവ അവകാശ കമ്മിഷന്‍ സംഘടിപ്പിച്ച കരിദിന മാര്‍ച്ച്
സിഎന്‍ഐ ഭവനില്‍ ആരംഭിച്ച്, പാര്‍ലിമെന്‍റ് മന്ദിരത്തിലേയ്ക്ക്
ഡല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍, വിന്‍സന്‍റ് കൊണ്‍ചെസ്സാവോയും,
വടക്കെ ഇന്ത്യ ക്രൈസ്തവ സഭകളുടെ ജനറല്‍ സെക്രട്ടറി,
അല്‍വാന്‍ മാഷിയും ചേര്‍ന്ന് നയിച്ചു.

ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക-തൊഴില്‍-വിദ്യാഭ്യാസ അവകാശങ്ങള്‍ നേടിയെടുക്കുംവരെ ശക്തിയുക്തം പ്രതിഷേധിക്കുമെന്ന് ഭാരതത്തിലെ ദേശിയ മെത്രാന്‍ സമിതിക്കുവേണ്ടി ഡല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് കൊണ‍ച്ചെസ്സാവോ മാധ്യമങ്ങളെ അറിയിച്ചു.








All the contents on this site are copyrighted ©.