2011-08-09 14:31:50

വടക്കന്‍ - തെക്കന്‍ സുഡാന്‍ സംഘര്‍ഷാവസ്ഥയ്ക്കു യു.എന്‍ സുരക്ഷാ സമിതി പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് ആഗ്ലിക്കന്‍ മെത്രാന്‍


09.08.2011, കദുലി – സുഡാന്‍
വടക്കന്‍ സുഡാന്‍റേയും തെക്കന്‍ സുഡാന്‍റേയും വിഭജനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടും അവിടെ തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്കു പരിഹാരം കാണാന്‍ ഐക്യരാഷ്ട്രസംഘടനയുടെ സുരക്ഷാ സമിതി നടപടികള്‍ സ്വീകരിക്കണമെന്ന് തെക്കന്‍ കോര്‍ദാഫാനിലെ ആഗ്ലിക്കന്‍ മെത്രാന്‍ അന്‍ദുദു ആദം എല്‍നെയില്‍ സുരക്ഷാസമിതിയംഗങ്ങളോടഭ്യര്‍ത്ഥിച്ചു. വടക്കന്‍ സുഡാന്‍റേയും തെക്കന്‍ സുഡാന്‍റേയും അതിര്‍ത്തി പ്രദേശമായ തെക്കന്‍ കോര്‍ദോഫാനിലാണ് കൂടുതല്‍ സംഘര്‍ഷങ്ങള്‍ നടക്കുന്നത്. സുഡാന്‍ സായുധ സൈനീക ശക്തിയും (എസ്.എ.എഫ്.) സുഡാന്‍ ജനതയുടെ സ്വാതന്ത്ര്യ സൈന്യവും (എസ്.പി.എല്‍.എ.)യും തമ്മില്‍ നടക്കുന്ന പോരാട്ടം ജനജീവിതം ദുഃസഹമാക്കുകയാണെന്നു പ്രസ്താവിച്ച ബിഷപ്പ് എല്‍നെയില്‍, സുഡാന്‍ ഭരണകൂടം സന്നദ്ധ പ്രവര്‍ത്തനത്തിനെത്തുന്ന ഉപവി സംഘടനകളെ ഈ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. അന്താരാഷ്ട്ര വാര്‍ത്താമാധ്യമങ്ങളുടെയും സന്നദ്ധ സംഘടനകളുടേയും അഭാവം മൂലം തെക്കന്‍ കോര്‍ദോഫാനിലെ സ്ഥിതിഗതികള്‍ വ്യക്തമായി വിലയിരുത്തുവാന്‍ ബുദ്ധിമുട്ടാണെന്ന് മനുഷ്യാവകാശ നിരീക്ഷക സംഘടയുടെ ആഗോള ഉപദേശകസമിതിയധ്യക്ഷ പെഗ്ഗി ഹിക്കന്‍സ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിനു ശേഷം 2011 ജൂലൈ ഒന്‍പതാം തിയതിയാണ് സുഡാന്‍ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടത്.








All the contents on this site are copyrighted ©.