2011-08-04 18:25:09

വായനയില്‍ ബൈബിള്‍ ഉള്‍പ്പെടുത്തണമെന്ന്
ബനഡിക്ട് 16-ാമന്‍ പാപ്പ


03 ആഗസ്റ്റ് 2011, കാസില്‍ ഗണ്ടോള്‍ഫോ
മാര്‍പാപ്പയുടെ പതിവുള്ള ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം ഇത്തവണയും വേനലല്‍ അവധിക്കാലമാകയാല്‍ റോമിനു പുറത്തുള്ള കാസില്‍ ഗണ്ടോള്‍ഫോയിലെ പേപ്പല്‍ വസതിയുടെ അങ്കണത്തിലായിരുന്നു. യൂറോപ്പില്‍ ഇപ്പോള്‍ (ജൂലൈ-ആഗസ്റ്റ്) അവധിക്കാലമായതിനാല്‍ അതിനിണങ്ങുന്ന അപൂര്‍വ്വമായ ചിന്തയാണ് മാര്‍പാപ്പ ചത്വരത്തില്‍ തടിച്ചുകൂടിയ അയ്യായിരത്തോളം വരുന്ന സന്ദര്‍ശകര്‍ക്കായി പങ്കുവച്ചത്.

അവധിക്കാലത്ത് ലഘുവായ വിഷയങ്ങളുടെ വായനയില്‍ മുഴുകുമ്പോള്‍ കൂട്ടത്തില്‍ ബൈബിളിലെ ഒന്നോ രണ്ടോ പുസ്തകങ്ങളും വായിക്കാമെന്നായിരുന്നു മാര്‍പാപ്പ വിവിധ ദേശക്കാരായ സന്ദര്‍ശകരോടായി പങ്കുവച്ച ചിന്തയുടെ ആമുഖം. അവധിക്കാല വായന വളരെ ലഘുവായ വിഷയങ്ങളെക്കുറിച്ചാകുന്നത് മാറ്റത്തിനും ഉല്ലാസത്തിനുമാണെന്നത് സ്വാഭാവികമാണ്. എന്നാല്‍ വിശ്രമിക്കാനും ഉല്ലസിക്കാനും മനുഷ്യനു ദൈവം തന്നിട്ടുള്ള കഴിവ് ദൈവത്തിന്‍റെ ദാനമാണെന്നും, അതിന് അവിടത്തോട് നന്ദിയുള്ളവരായിരിക്കണമെന്നും മാര്‍പാപ്പ അനുസ്മരിപ്പിച്ചു. ലഘു വായനയില്‍ മനസ്സും ഹൃദയവും ഒരു കഥയിലേയ്ക്ക് ഇഴുകിച്ചേര്‍ത്ത്, അതിലെ കഥാപാത്രങ്ങളോട് താദാത്മ്യപ്പെട്ട് അതില്‍ അലിഞ്ഞുചേര്‍ന്നും ആസ്വദിച്ചും സമയം ചിലവഴിക്കാന്‍ വായനക്കാരന് സാധിക്കുന്നു.

നീണ്ട ഒരു സഹസ്രാബ്ദത്തിന്‍റെ തികവില്‍ വികസിച്ച ഗ്രന്ഥശേഖരമാണ് ബൈബിള്‍. അതിലെ പുസ്തകങ്ങളില്‍ ചിലത് വളരെ ചെറുതാണ്. ഇതുവരെ ബൈബിള്‍ വായിക്കാത്ത ഒരു വ്യക്തിക്കുപോലും അവയിലൊന്നു വായിച്ചു തുടങ്ങുവാനും ഫലമണിയുവാനും സാധിക്കും. ഉദാഹരണത്തിന് ബൈബിളിലെ തോബിത്തിന്‍റെ പുസ്തകം – കുടുംബ ജീവിതത്തിന്‍റെ അന്തസ്സും ശ്രേഷ്ഠതയും വര്‍ണ്ണിക്കുന്ന ചെറുഗ്രന്ഥമാണ്. എസ്തറിന്‍റെ പുസ്തകവും – തന്‍റെ വിശ്വാസവും പ്രാര്‍ത്ഥനയുംകൊണ്ട് ഒരു ജനത്തെ വിനാശത്തില്‍നിന്നും രക്ഷിച്ച യഹൂദ വംശജയായ എസ്തര്‍ രാജ്ഞിയുടെ കഥ പറയുന്നു. അതുപോലെ റൂത്തിന്‍റെ പുസ്തകം - ദൈവത്തെ അറിഞ്ഞ് അവിടത്തെ പരിപാലയുടെ സ്നേഹം മനസ്സിലാക്കിയ ഒരു വിജാതീയ സ്ത്രീയുടെ
ഹൃദയസ്പര്‍ശിയായ ചരിത്രമാണ്. മൂന്നു പുസ്തകങ്ങളുംകൂടി ഒരൊറ്റ മണിക്കൂറില്‍ വായിച്ചു തീര്‍ക്കാവുന്നതാണ്. എന്നാല്‍ അല്പം നീണ്ടതെങ്കിലും നിര്‍ദ്ദോഷിയായ ഒരു മനുഷ്യന്‍റെ ജീവിത യാതനകള്‍ വര്‍ണ്ണിക്കുന്ന അപൂര്‍വ്വവും ശ്രേഷ്ഠവുമായ കൃതിയാണ് ബൈബിളിലെ ജോബിന്‍റെ പുസ്തകം. നവയുഗ നാഗരികതയെ ചോദ്യംചെയ്യുകയും മനുഷ്യജീവിതത്തെക്കുറിച്ചും
ഈ ലോകത്തെക്കുറിച്ചും ആഴമായി ചിന്തിപ്പിക്കുന്ന ബൈബിളിലെ ശ്രദ്ധേയമായ മറ്റൊരു ഗ്രന്ഥമാണ് സഭാപ്രസംഗകന്‍. ഇനി ആര്‍ദ്രമായ മനുഷ്യസ്നേഹത്തിന്‍റെ വികാരങ്ങള്‍ ഉണര്‍ത്തുന്ന അതിമനോഹരമായ ഗീതങ്ങളുടെ അപൂര്‍വ്വ സമാഹാരമാണ്- ഉത്തമഗീതം.

നോവലുകളുടെയും ലഘുവായനകളുടെയും പരിധികള്‍ക്കപ്പുറം, ബൈബിള്‍ പാരായണത്തിലേയ്ക്കു കടക്കുമ്പോള്‍ സാംസ്കാരിക പ്രബുദ്ധതയുടെയും ബൗദ്ധിക സമ്പന്നതയുടെയും സമയം മാത്രമല്ലത്, മറിച്ച് ആത്മീയ ഉണര്‍വിന്‍റെയും ദൈവിക അറിവിന്‍റെയും പ്രാര്‍ത്ഥനയുടെയും യാമങ്ങള്‍ അനുദിന ജീവിതത്തില്‍ സൃഷ്ടിക്കാന്‍ അത് സഹായിക്കുന്നു.
An extract from the message of the Holy Father rendred in Castel Gondolfo during
the General Audience on Wednesday, 3rd August 2011







All the contents on this site are copyrighted ©.