2011-08-04 20:17:35

ദുരന്തഭൂമിയിലെ
സമാധാന പ്രാര്‍ത്ഥന


04 ആഗസ്റ്റ് 2011, ജപ്പാന്‍
സ്ഥായിയായ സമാധാനം ആര്‍ജ്ജിക്കുവാന്‍ ഐക്യത്തിന്‍റെ പാതയില്‍ ചരിക്കണമെന്ന്, ആര്‍ച്ചുബിഷപ്പ് ലിയോ ഇക്കെനാഗാ, ജപ്പാനിലെ ദേശിയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് അഭ്യര്‍ത്ഥിച്ചു.
ഹിരോഷിമാ–നാഗസാക്കി ആറ്റംബോംബ് വിനാശത്തിന്‍റെ വാര്‍ഷിക
സ്മരണാ ദിനത്തോടനുബന്ധിച്ചു നല്കിയ സന്ദേശത്തിലാണ് ആര്‍ച്ചുബിഷപ്പ് ഇക്കനാഗാ ഇപ്രകാരം പ്രസ്താവിച്ചത്.
ആഗസ്റ്റ് 6-മുതല്‍ 15-വരെ തിയതികളില്‍ സമാധനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം നല്കിക്കൊണ്ടാണ് ആര്‍ച്ചുബിഷപ്പ് ജപ്പാനിലെ ജനങ്ങള്‍ക്ക് സന്ദേശമയച്ചത്. ആറ്റോമിക്ക് ദുരന്തങ്ങളുടെ അനുസ്മരണയ്ക്കൊപ്പം 2011 മാര്‍ച്ചില്‍ ജപ്പാന്‍റെ വടക്കന്‍ തീരങ്ങളില്‍ ഉയര്‍ന്ന സുനാമി-ഭൂകമ്പ ദുരന്തത്തിന്‍റെ കെടുതികളില്‍ ഇനിയും വേദനിക്കുന്നവര്‍ക്കുവേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും അവരെ തുണയ്ക്കണമെന്നും ആര്‍ച്ചുബിഷപ്പ് ഇക്കനാഗാ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.
പ്രതിസ്ന്ധികള്‍ ജീവിതത്തില്‍ ഉയര്‍ന്നു നില്ക്കുമ്പോഴും, വിശ്വാസം
പ്രത്യാശ പകരട്ടെയെന്ന് ദേശിയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റു കൂടിയായ ആര്‍ച്ചുബിഷപ്പ് ഇക്കനാഗാ ഉദ്ബോധിപ്പിച്ചു.

1981-ല്‍ ജപ്പാന്‍ സന്ദര്‍ശിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നാഗസാക്കി-ഹിരോഷിമാ ദുരന്തത്തിന്‍റെ വാര്‍ഷിക ദിനത്തില്‍ നല്കിയ സമാധാനാഹ്വാനം ഇന്നും ദുരന്തങ്ങള്‍ക്കുമദ്ധ്യേ സമാധാനദൂതരായി പ്രവര്‍ത്തിക്കാന്‍ ജപ്പാനിലെ ജനങ്ങള്‍ക്ക് പ്രചോദനമായി നില്ക്കുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് സന്ദേശത്തില്‍ അനുസ്മരിച്ചു..

1945 ആഗസ്റ്റ് 6-ാ തിയതി നാഗസാക്കിയിലും 9-ാം തിയതി ഹിരോഷിമയിലുമാണ് സംഖ്യ-കക്ഷികള്‍ അണുബോംബു വര്‍ഷിച്ചത്.
2011 മാര്‍ച്ച് 11-ാം തിയതിയാണ് 20,000-ലേറെ പേരുടെ ജീവന്‍ അപഹരിച്ച
ഭൂകമ്പ-സുനാമി ദുരന്തം ജപ്പാനെ നെടുക്കിയത്.









All the contents on this site are copyrighted ©.