2011-08-03 18:57:01

നവസുവിശേഷവത്ക്കരണം
വിശ്വാസത്തെ ബലപ്പെടുത്താന്‍


3 ആഗസ്റ്റ് 2011, റോം
ദൈവിക നിറവില്ലാതെ നവസുവിശേഷവത്ക്കരണം സാദ്ധ്യമല്ലെന്ന്,
കര്‍ദ്ദിനാള്‍ റയില്‍ക്കോ, അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് സന്ദേശത്തിലൂടെ പ്രസ്താവിച്ചു. 2012-ാമാണ്ടില്‍ അരങ്ങേറുന്ന മെത്രാന്മാരുടെ സിനഡിന്‍റെ 13-ാമത് പൊതുസമ്മേളനത്തിന് ഒരുക്കമായി ഇറക്കിയ പ്രബന്ധത്തിലാണ് കര്‍ദ്ദിനാള്‍ റയില്‍ക്കോ ഇപ്രകാരം പ്രസ്താവിച്ചത്.
പുതുസഹസ്രാബ്ദത്തില്‍ ക്രൈസ്തവ വിശ്വാസത്തെ ബലപ്പെടുത്തുന്നതിനാണ് സഭയുടെ നവസുവിശേഷവത്ക്കരണ പദ്ധതിയെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ദൈവത്തില്‍ കേന്ദ്രീകൃതമല്ലാത്ത വിശ്വാസം പൊള്ളയായിരിക്കുമെന്നും, പ്രാര്‍ത്ഥനയിലൂടെയും കൂദാശകളിലൂടെയും ദൈവികൈക്യത്തില്‍ ജീവിച്ചുകൊണ്ട് ഈ യുഗത്തിന്‍റെ സുവിശേഷവത്ക്കരണം യാഥാര്‍ത്ഥ്യമാക്കണമെന്നും കര്‍ദ്ദിനാള്‍ ഉദ്ബോധിപ്പിച്ചു.
സഭാതലങ്ങളില്‍ ഇന്ന് ഏറ്റവും അധികം ഉപയോഗിക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്ന സംജ്ഞയായി മാറിയിട്ടുണ്ട് നവസുവിശേഷവത്ക്കരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സഭയെ ബാഹ്യലോകത്ത് ആകര്‍ഷകമാക്കാനോ ശക്തമാക്കനോ, എണ്ണസംഖ്യ വര്‍ദ്ധിപ്പിക്കാനോ ഉള്ള ശ്രമമല്ല ഇതെന്നും, മറിച്ച് സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും മാര്‍ഗ്ഗത്തിലൂടെ
ക്രിസ്തു സാന്നിദ്ധ്യം ലോകത്തിന്‍റെ നവീകരണത്തിനായി ലഭ്യമാക്കുകയാണ് നവസുവിശേഷവത്ക്കരണത്തിന്‍റെ ലക്ഷൃമെന്നും കര്‍ദ്ദിനാള്‍ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

2012-ല്‍ ഒക്ടോബര്‍ 7-മുതല്‍ 28-വരെ തിയതികളിലാണ് മെത്രാന്മാരുടെ സിനഡിന്‍റെ 13-ാമത് പൊതു സമ്മേളനം റോമില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസ പ്രചരണത്തിന് നവസുവിശേഷവത്ക്കരണം, എന്നതാണ് സിനഡു സമ്മേളനത്തിന്‍റെ പഠന വിഷയം.








All the contents on this site are copyrighted ©.