2011-08-02 14:55:30

സൊമാലിയായിലെ നാലിലൊന്നു ജനങ്ങളും അഭയാര്‍ത്ഥികള്‍ - കാരിത്താസ് സൊമാലിയാ


02 ഓഗസ്റ്റ് 2011, മുഗ്ദിഷൊ - സൊമാലിയാ

ക്ഷാമവും വരള്‍ച്ചയും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സൊമാലിയായില്‍ നിന്നും ജനസംഖ്യയുടെ കാല്‍ഭാഗവും മറ്റു സ്ഥലങ്ങളിലേക്ക് യാത്രയായിക്കഴിഞ്ഞുവെന്ന് കാരിത്താസ് ഉപവിസംഘടന ഫീദെസ് വാര്‍ത്താഏജന്‍സിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. ലോകഭക്ഷൃസുരക്ഷാപദ്ധതിയടക്കമുള്ള (WFP) ചില സേവനസംഘടനകളുടെ സാന്നിദ്ധ്യം കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ആ രാജ്യത്തുനിന്നും ഉന്മൂലനം ചെയ്തത് ഭക്ഷൃവിതരണ മേഖലയില്‍ വലിയ ശൂന്യത സൃഷ്ടിച്ചിരുന്നുവെന്നും കാരിത്താസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. രാജ്യത്തെ സ്ഥിതി ശോചനീയമായിരിക്കുകയാണെന്നും കൂട്ടത്തോടെ പലായനം ചെയ്യുന്ന ജനം വളരെ ദൂരം കാല്‍നടയായോ കഴുതപ്പുറത്തോ സഞ്ചരിച്ച് ലക്ഷൃസ്ഥാനത്തേക്കെത്തുക എന്നത് ദുഷ്ക്കരമാണെന്നും വിശദീകരിച്ച റിപ്പോര്‍ട്ട് അവിടുത്തെ പ്രഥമ ആവശ്യം ഭക്ഷണമാണെന്നും വ്യക്തമാക്കി. വരള്‍ച്ചാ കെടുതികളനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും ശുദ്ധജലവും സുരക്ഷയും കിടപ്പാടവും ആരോഗ്യശുശ്രൂഷയും നല്‍കേണ്ടതും അടിയന്തരാവശ്യങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. സൊമാലിയായിലെ ദേശീയ കാരിത്താസ് സംഘടന ലോകമെങ്ങുമുള്ള കാരിത്താസ് സംഘടനകളുടേയും ഇതര സംഘടനകളുടേയും വ്യക്തികളുടേയും സഹായത്തോടെയാണ് സൊമാലിയായില്‍ ഉപവിപ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചുപ്രവര്‍ത്തിക്കുന്നത്.








All the contents on this site are copyrighted ©.