2011-07-30 15:18:06

സുവിശേഷപരിചിന്തനം 31 ജലൈ 2011
മലങ്കര റീത്ത്


മത്തായി 12, 22-32 മാര്‍ക്ക് 3, 20-30
പെന്ത്രക്കൂസ്തായ്ക്കു ശേഷം 7-ാം ഞായര്‍

അന്ധനും ഊമനുമായ ഒരാളെ ക്രിസ്തു തൊട്ടു സുഖപ്പെടുത്തുന്നു.
അതു പിശാചിന്‍റെ അല്ലെങ്കില്‍ തിന്മയുടെ ശക്തികൊണ്ടാണ് സാധിച്ചത് എന്നാണ് യഹൂദപ്രമാണികള്‍, അവിടുത്തെ പ്രതിയോഗികള്‍ ഉടനെ വ്യാഖ്യനിച്ചത്. അവിടുന്ന ചെയ്ത നന്മയോ ക്രിസ്തുവിലുള്ള ദൈവരാജ്യത്തിന്‍റെ സന്ദേശങ്ങളോ അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല.
ക്രിസ്തുവിന്‍റെ ജീവിത കാലത്തുണ്ടായിരുന്ന യഹൂദ സമൂഹത്തിലുണ്ടായിരുന്ന ദൈവശാസ്ത്ര സങ്കല്പങ്ങളെ അതിജീവിക്കുന്ന പ്രവൃത്തിയാണ് ഇന്നത്തെ സുവശേഷ ഭാഗത്ത് നാം കാണുന്നത്.
സാധാരണ മാനുഷിക കാഴ്ചപ്പാടിള്‍ ദുഷ്ടശക്തികള്‍ മനുഷ്യനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ക്രിസ്തു മനുഷ്യനെ എല്ലാ തിന്മകളില്‍നിന്നും മോചിക്കുന്നു, രക്ഷിക്കുന്നു. ക്രിസ്തു രോഗശാന്തി നലിയത് പരിശുദ്ധാത്മാവിന്‍റെ ശക്തിയാലാണെന്ന് സുവിശേഷത്തില്‍ എടുത്തു പറയുമ്പോള്‍, അതു ദൈവിക ശക്തിയാലാണെന്നാണ് സ്ഥിരീകരിക്കുകയാണ് സുവിശേഷകന്‍.
ഒന്നുകില്‍ ക്രിസ്തുവിനോടു ചേര്‍ന്നു നില്ക്കുക, അല്ലെങ്കില്‍ അവിടുത്തേയ്ക്ക് എതിരെ നില്കുക, എന്ന രണ്ടു സാധ്യതകളിലേയ്ക്ക് ഈ സംഭവം അവിടുത്തെ പ്രതിയോഗികളുടെ മുന്നില്‍ നിരത്തുന്നത്. അവര്‍ അവിടുത്തേയ്ക്ക് എതിരെ നിന്നാണ് സംസാരിക്കുന്നത്. അവിടുന്നു ചെയ്ത മാനുഷിക നന്മ അംഗീകരിക്കാന്‍പോലും അവര്‍ക്കു സാധിച്ചില്ല.
പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ ക്രിസ്തു പ്രവര്‍ത്തിക്കുന്ന അത്ഭുതങ്ങളെ അശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ സംഭവിക്കന്നവയായി കരുതുന്നവര്‍ക്കു പാപമോചനം ലഭിക്കുകയില്ല എന്നും, അവരുടെ ദുഷ്പ്രവൃത്തികള്‍പോലെ തന്നെ ദുഷ്ടവാക്കുകളും ശിക്ഷാര്‍ഹമാണെന്ന് ഈ സുവിശേഷഭാഗം സമര്‍ത്ഥിക്കുന്നു.
ആത്മീയ യാത്രയില്‍ ദൈവമനുഷരാകേണ്ടവരാണ് നമ്മള്‍. കാരണം നാം ദൈവത്തിന്‍റെ പ്രതിഛായയില്‍ സൃഷ്ടിക്കപ്പെട്ടവനാണ്. പകരം തിന്മയുടെ പക്ഷംചേരുന്നത് അപകടകരമാണ്. സംസാരം, പ്രവൃത്തി, മനോഭാവം എന്നിവയില്‍ തിന്മ കടന്നു കൂടുന്നത് അപകടകരമാണ്. ക്രിസ്തുവിന്‍റെ എല്ലാ ചെയ്തികളും നന്മയുടേതാണ്. തന്‍റെ ജീവിതത്തിലൂടെ അവിടുന്ന് ഈ ലോകത്തെ തിന്മ ദുര്‍മ്മാര്‍ജ്ജനം ചെയ്യുകയായിരുന്നു.
സുവിശേഷങ്ങളില്‍ ചുരുളഴിയുന്ന യേശുവിന്‍റെ ജീവിതകഥ നന്മയുടേതാണ്, സൗഖ്യദനത്തിന്‍റേതാണ്. അവിടുത്തെ പരസ്യജീവിതത്തിലെ ആദ്യാത്ഭുതംതന്നെ പിശാചു ബാധിതനെ സുഖപ്പെടുത്തുന്നതാണ്. ബാധ ഒഴിപ്പിക്കുന്നതുവഴി ഒരുവനിലുള്ള തിന്മയുടെ പ്രവണതയെ, അല്ലെങ്കില്‍ തിന്മതന്നെ ക്രിസ്തു എടുത്തു കളയുകയാണ്, ഇല്ലാതാക്കുകയാണ്. തിന്മയുടെ മനോഭാവം സംസാരം, പ്രവണത എന്നിവ പാടെ മാറുന്നു. വ്യക്തിയുടെ പെരുമാറ്റ വൈകൃതങ്ങള്‍ മാറ്റി ക്രിസ്തു വിശുദ്ധിയുടെ പരിവേഷമണിയിക്കുകയാണ്.

പിശാചിനെ ബഹിഷ്ക്കരിക്കുന്നതുവഴി ക്രിസ്തു വ്യക്തമാക്കുന്നത്,
തന്‍റെ നന്മയുടെ ദൈവിക സാന്നിദ്ധ്യമാണ്, ദൈവരാജ്യത്തിന്‍റെ സാമീപ്യമാണ്.
ഫരീസേയരുടെ വാദം, ക്രിസ്തു പിശാചുക്കളുടെ തലവനായ ബീല്‍സബീബിനെ കൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത് എന്നാണ്. ബീല്‍സബീബ് ഒരു ഫിനീഷ്യന്‍ ഗ്രീക്കു ദേവനാണ്. ഗ്രീക്കു ചിന്താഗതി ക്രിസ്തുവിന്‍റെ കാലത്തുതന്നെ യഹൂദരെ സ്വാധീനിച്ചിരുന്നതായി നമുക്കു ഈ സുവിശേഷ സംഭവത്തില്‍നിന്നും മനസ്സിലാക്കാം. എന്നാല്‍ സുവിശേഷകന്‍ മത്തായി തന്‍റെ രചനയില്‍ ബീല്‍സബീബിനെ സാത്താനായിട്ടാണ് വ്യാഖ്യാനിക്കുന്നത്.
ഞാന്‍ ദൈവവാത്മാവിനെ കൊണ്ടാണ് പിശാചുകളെ ബഹിഷ്ക്കരിക്കുന്നത് എന്ന പ്രയോഗം, മത്തായിയുടെ വിവരണമായിരിക്കാം.
പരിശുദ്ധാത്മാവിന് എതിരെയുള്ള പാപം എന്ന സംഞ്ജയ്ക്ക് മുന്‍ വിവരണമായിട്ടാവാം, സുവിശേഷകന്‍ ദൈവാരൂപിയെക്കൊണ്ടാണ് ക്രിസ്തു സൗഖ്യം പകര്‍ന്നത് എന്നെഴുതിയിരിക്കുന്നത്.

സുവിശേഷത്തിലെ അന്ധനു കാഴ്ച നല്കിയ സംഭവത്തില്‍, ക്രിസ്തുവില്‍ കുരുടനായ മനുഷ്യന്‍ കണ്ടത്, ദാവീദിന്‍റെ പുത്രനെയാണ്. ദാവീദിന്‍റെ പുത്രാ എന്നില്‍ കനിയണമേ, എന്നാണ് അയാള്‍ കരഞ്ഞത്.
ദാവീദിന്‍റെ പുത്രന്‍, ക്രിസ്തു മിശിഹായാണ്, രക്ഷകനാണ് എന്നാണ് അയാള്‍ സമര്‍ത്ഥിക്കുന്നത്. ഇവിടെ നമുക്ക് ഫരീസേയരുടെ മനോഭാവവും സാധാരണ ജനങ്ങളുടെ മനോഭാവവും കാഴ്ചപ്പാടും തമ്മിലുള്ള വ്യത്യാസവും സ്പഷ്ടമായി കാണാവുന്നതാണ്.
ഫരീസേയരുടെ ദുര്‍വ്യാഖ്യാനം ഇവിടെ ശ്രദ്ധേയമാകുന്നുണ്ട്. ക്രിസ്തുവിന്‍റെ ദൈവിക സ്വഭാവം അല്ലെങ്കില്‍ ദൈവപുത്രസ്ഥാനം നിഷേധിക്കാന്‍വേണ്ടി തന്നെയാണ് അവര്‍ അവിടുത്തെമേല്‍ പൈശാചിക ശക്തി ആരോപിച്ചത്.
ഈ പ്രതിരോധം ക്രിസ്തുവിന്‍റെ പരസ്യജീവിത്തിലുടനീളം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ക്രിസ്തു എല്ലാം അതിജീവിക്കുന്നു.

വ്യക്തിത്വത്തിന്‍റെ അഭിജയം ആത്മീയ മനുഷ്യനാകുന്നതിലാണ്.
അവിടെ എല്ലാവരെയും ഉള്‍ക്കൊള്ളാനും സ്നേഹിക്കാനും കഴിയുന്ന അവസ്ഥയില്‍ വ്യക്തി എത്തിച്ചേരുന്നു. നന്മ എവിടെയുണ്ടോ, അത് അവര്‍ സ്വീകരിക്കുകുയും അംഗീകരിക്കുകുയും ചെയ്യും.

നന്മയ്ക്കെതിരെ ചെവി കൊട്ടിയടയ്ക്കുന്നവര്‍, ആരു പറഞ്ഞാലും കേള്‍ക്കുകയില്ല. ഞാന്‍ ഇങ്ങിനെ തന്നെ ചെയ്യും. എന്‍റെ ഇഷ്ടം എന്‍റെ തീരുമാനം മാത്രം. ആര്‍ക്കും വിധേയമാകാത്ത പൈശാചികമായ മനസ്സാണത്. എനിക്കു തോന്നുന്നത് എന്‍റെ നിയമം. ഇവിടെ പ്രകൃതി നിയമമുണ്ട്, രാജ്യത്തിന്‍റെ നിയമമുണ്ട്, സമുദായ നിയമങ്ങളുണ്ട്, കുടുംബത്തിന്‍റേതായ ക്രമങ്ങളുണ്ട്. എല്ലാറ്റിനും ഉപരിയായി ദൈവകല്പനകളുണ്ട്. എല്ലാം നമ്മെ നന്മയില്‍ നയിക്കുന്നതിനാണ്. അതെല്ലാം കാറ്റില്‍ പറത്തിക്കളഞ്ഞിട്ടാണ് പലപ്പോഴും നാം തിന്മയുടെ പക്ഷംചേരുന്നത്.
അപരനിലുള്ള നന്മ കാണാതെ അംഗീകരിക്കാതെ. തിന്മ വിധിക്കുന്നത് പൈശാചികമാണ്. അപരനെ കുറ്റപ്പെടുത്തിയും തരംതാഴ്ത്തിയും എന്നില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നന ആത്മീയതയും സന്തോഷവും സുഖവും താല്ക്കാലികവും, അവസാനം പൈശാചികവുമായിത്തീരുന്നു.

ആത്മീയ യാത്രയില്‍ നമുക്ക് വ്യക്തമായ ദര്‍ശനങ്ങള്‍ വേണം. ജീവിത യാത്രയില്‍ ദൈവത്തെ നോക്കിയാണ് നാം നടക്കേണ്ടത്. നന്മയ്ക്കുവേണ്ടി നില്ക്കുന്നവന്‍ ചുറ്റുവട്ടങ്ങളില്‍ നോക്കിയിട്ടു കാര്യമില്ല. മറ്റുള്ളവര്‍ എന്തു ചിന്തിക്കുമെന്നോ, എന്തു പറയുമെന്നോ നോക്കരുത്. ബോധ്യമുണ്ടാവുക, ബോധ്യങ്ങള്‍ വളര്‍ത്തിയെടുക്കുക. ദൈവത്തില്‍ വിശ്വാസമുണ്ടാവുക, ദൈവിക നന്മയും സ്നേഹവും പരിപാലനയും നാം അംഗീകരിക്കണം. ദൈവത്തെ നോക്കി നടക്കുക. ക്രിസ്തുവിനെ നോക്കി ചരിക്കുക.
എല്ലാ വാതിലുകളും അടഞ്ഞാലും ദൈവം എനിക്കായ് മറ്റൊന്നു തുറക്കുമെന്ന പ്രത്യാശ കൈവെടിയരുത്.

നീ മാത്രം കാണാനെന്‍ കണ്ണീരഹോ,
നീ മാത്രെ കേള്‍ക്കാനെന്‍ രോദനവുമേ,

ചാര്‍ളിച്ചാപ്ലിന്‍ ഒരിക്കല്‍ മഴയത്തു നടക്കുകയാണ്. കുടയില്ല.
ദൈവമേ, ഈ മഴ എപ്പോഴും പെയ്തിറങ്ങട്ടെ, അങ്ങനെ എന്‍റെ ജീവിത വ്യഥയുടെ കണ്ണൂനീര്‍ മനുഷ്യരാരും കാണാതിരിക്കട്ടെ, എന്നാണ് പ്രാര്‍ത്ഥിച്ചത്.
എന്‍റെ കണ്ണീരു കാണാന്‍ ദൈവംമുണ്ടെന്നൊരു ബോധ്യം ജീവിതയാത്രയില്‍, ആത്മീയി ജീവിതത്തില്‍ നമുക്കാവശ്യമാണ്.
മറ്റുള്ളവര്‍ നല്ലതു പറഞ്ഞില്ലെങ്കിലും, എന്‍റെ ദൈവം എന്‍റെ ബലം, എന്ന ബോധ്യം എനിക്കുണ്ടാവണം. അത് നന്മയുടെ ബലമായിരിക്കും.

അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ കഥ അതീവ ശ്രദ്ധേയമാണ്.
ആദ്യകാലത്ത് തെണ്ടിയും മണ്ടിയും ജീവിക്കാന്‍ തുടങ്ങിയ ഫ്രാന്‍സിസ്സ്.
തന്‍റെ സഹായിയായ ബ്രദര്‍ ലിയോയോടൊപ്പം ആദ്യത്തെ വീട്ടില്‍ ചെന്നു മുട്ടും... അവര്‍ ഓടിക്കും, രണ്ടാമത്തേത്, വീണ്ടും ശകാരവും നിന്ദവാക്കുകളും ..., വാതില്‍ കൊട്ടിയടയ്ക്കപ്പെടുന്നു. മൂന്നാമത്തെ വീട്ടില്‍നിന്നും ഓടിച്ചു.
ലിയോ ബ്രദര്‍ പരാതിപ്പെട്ടു. ഫ്രാന്‍സിസ് അപ്പോഴും പാടുകയും ആടുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. സഹോദരീ ദാരിദ്ര്യമേ, എന്നൊക്കെപ്പാടുന്നു. മാനസിക വിഭ്രാന്തിയെന്നോ, വട്ടെന്നോ തോന്നാം.



നമ്മുടെയൊക്കെ മനസ്സിലൊരു ഗാനമുണ്ടായിരിക്കണം.
പുറമേ നിന്നുള്ള പരിഹാസവും പ്രശ്നങ്ങളും നിന്ദനങ്ങളുംകൊണ്ട് നമ്മുടെ ജീവിതത്തിന്‍റെ ഗാനം നിലച്ചുപോകരുത്. നമ്മുടെ മനസ്സിന്‍റെ താളം തെറ്റരുത്.
ഫിലിപ്പിയര്‍ 4, 19. ദൈവം തന്‍റെ സമ്പന്നതയില്‍നിന്നും എനിക്കാവശ്യമുള്ളതൊക്കെ തരും എന്ന ബോധ്യം, എപ്പോഴും ഉണ്ടായിരിക്കണം. വീണ്ടും ഫ്രാന്‍സിസിന്‍റെ ജീവിതത്തിലേയ്ക്കു തന്നെ എത്തി നോക്കുമ്പോള്‍, ഫ്രാന്‍സിസിനെ ക്ലാരയ്ക്ക് ഇഷ്ടമായിരുന്നു, അവള്‍ സ്വപ്നങ്ങള്‍ കണ്ടു കാണാം. ജീവിത സന്തോഷത്തിന്‍റെ നിറങ്ങളും മോഹങ്ങളും ക്ലാരയ്ക്ക് ഉണ്ടായിരുന്നിരിക്കണം.
എന്നാല്‍ ഫ്രാന്‍സിന്‍റെ ജീവിത ശൈലിയും സ്നേഹവും ആത്മീയതയും ദാരിദ്ര്യാരൂപിയും കണ്ട് അവള്‍ ഒരു തിരിച്ചറിവിലെത്തുന്നു. അവള്‍ പറഞ്ഞു, “എനിക്കു മനസ്സിലാകുന്നു, ബ്രദര്‍ ഫ്രാന്‍സിസ്, നിന്‍റെ വഴികള്‍ ശരിയാണെന്ന്.” അത് ക്രിസ്തുവിന്‍റെ വഴിയായിരുന്നു. ദൈവസ്നേഹത്തിന്‍റെ വഴിയായിരുന്നു. അത് നന്മയുടെയും ദൈവരാജ്യത്തിന്‍റെയും വഴിയായിരുന്നു.
.
നമ്മുടെ ജീവിതത്തിന്‍റെ ക്രിസ്തീയത അകത്താണ് ഉണ്ടാകേണ്ടത്. ക്രിസ്തീയതയും ദൈവസ്നേഹവും സ്വാഭാവികമായും ഉള്ളില്‍ വളര്‍ന്നു വരണം, പുറം വസ്ത്രത്തില്‍ മാത്രം ആത്മീയനാകുന്നതില്‍ അര്‍ത്ഥമില്ല. എന്നും നന്മയുടെ പക്ഷംചേരാനും നന്മ പ്രഘോഷിക്കാനും നമുക്കു സാധിക്കട്ടെ. പണ്ടൊരമ്മിച്ചി പറഞ്ഞതാണ്, “കര്‍ത്താവു തന്നതൊക്കെ നല്ലതാണ്.
പരാതിയില്ല. 8 മക്കളുണ്ട്, അവരില്‍ നല്ലതും മോശവുമുണ്ട്, ചട്ടനും വട്ടനുമുണ്ട്, ദൈവം തന്നതെല്ലാം സ്വീകരിക്കുന്നു. തന്നതെല്ലാം നന്മയാണ്.

യേശുവേ അങ്ങയെ നോക്കി ഞാന്‍ ജീവിക്കട്ടെ, അങ്ങയെ നോക്കി ഞാന്‍ ചരിക്കട്ടെ. അന്ധനും ഊമനുമായവനെ അങ്ങു സ്പര്‍ശിച്ചപ്പോള്‍ അവന്‍ സൗഖ്യംപ്രാപിച്ചല്ലോ. എന്‍റെ ജീവിതത്തെ, ആത്മാവിനെ അങ്ങു തൊട്ടുണര്‍ത്തേണമേ. എന്‍റെ ആത്മീയ അന്ധതയും ബധിരതയും അങ്ങെ സ്പര്‍ശത്താല്‍ സൗഖ്യമാക്കണമേ. End








All the contents on this site are copyrighted ©.