2011-07-29 09:47:01

വത്തിക്കാന്‍-മലേഷ്യ
നയതന്ത്ര ബന്ധം


28 ജൂലൈ 2011, റോം
വത്തിക്കാനുമായി മലേഷ്യ നയതന്ത്രബന്ധം ആരംഭിക്കുന്നുവെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. ജൂലൈ 27-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വത്തിക്കാനിലും മലേഷ്യായിലും ഉടനെ തുറക്കുന്ന നയന്ത്രകേന്ദ്രങ്ങളിലൂടെയാണ് ഇരുരാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് തുടക്കം കുറിക്കുന്നത്. ജൂലൈ 18-ാം തിയതി മലേഷ്യയുടെ പ്രധാനമന്ത്രി നജീബ് ബിന്‍ അബ്ദുള്‍, കാസില്‍ ഗണ്ടോള്‍ഫോയിലെ അപ്പസ്തോലിക അരമനയിലെത്തി
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ച
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നവമായ കൂട്ടായ്മയുടെ നാന്നിയാണ്.
വത്തിക്കാനുമായി നയതന്ത്ര ബന്ധത്തിലെത്തുന്ന 179-ാമത്തെ രാഷ്ട്രമാണ് മലേഷ്യാ.
വൈവിദ്ധ്യമാര്‍ന്ന സംസ്കാരങ്ങളുടെയും മതങ്ങളുടെയും നാടായ മലേഷ്യയുടെ ജനസംഖ്യ മൂന്നു കോടിയോളമാണ്. അതില്‍ 61 ശതമാനം മുസ്ലീങ്ങളും,
20 ശതമാനം ബുദ്ധമതക്കാരും, 10ശതമാനം ക്രിസ്ത്യാനികളും
7 ശതമാനം ഹിന്ദുക്കളും 3 ശതമാനത്തോളം സങ്കര മതസ്തരുമാണ്.
1957-ല്‍ ബ്രട്ടീഷ് ആധിപത്യത്തില്‍നിന്നും സ്വതന്ത്രമായ തെക്കുകിഴക്കേ ഏഷ്യന്‍ രാജ്യമായ മലേഷ്യ, ഇന്ന് ആധുനിക സാങ്കേതികതയിലും വ്യവസായ മേഖലയിലും സമ്പദ് വ്യവസ്ഥയിലും മുന്‍പന്തിയില്‍ നില്ക്കുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ്.
1511-ല്‍ പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ് സഭ അവിടെ സ്ഥാപിതമായത്.
ഏഷ്യയുടെ സുവിശേഷ വെളിച്ചമായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ പാദസ്പര്‍ശമേറ്റ മണ്ണാണ് മലേഷ്യാ.
കോലാലംമ്പൂര്‍, കച്ചിങ്ങ്, ബര്‍ണയോ ദ്വീപ് എന്നിവിടങ്ങള്‍ കേന്ദ്രമാക്കി മലേഷ്യയില്‍ 9 സഭാ പ്രവിശ്യകളുണ്ട്. 11 മെത്രാന്മാരുടെ കീഴിലായി 274 രൂപതാ വൈദികരും 123 സന്യാസ വൈദികരും, 750 സന്യാസിനിമാരും സേവനമനുഷ്ഠിക്കുന്നു. ആകെ ജനസംഖ്യയുടെ 3 ശതമാനം മാത്രമാണ് കത്തോലിക്കര്‍. കുടുംബ പ്രേഷിതത്വവും യുവജനശുശ്രൂഷ, സാമൂഹ്യസേവനം, വിദ്യാഭ്യാസം അതുര ശുശ്രൂഷ എന്നീ മേഖലകളിലുള്ള സേവനങ്ങള്‍ വഴി കത്തോലിക്കാ സഭ മലേഷ്യായുടെ സാമൂഹ്യജീവിതത്തിലെ സജീവ സാന്നിദ്ധ്യമാണ്.








All the contents on this site are copyrighted ©.