2011-07-26 09:48:30

ഐക്യദാര്‍ഢ്യത്തിന്‍റ പാതയില്‍ നീങ്ങണമെന്ന്
മാര്‍പാപ്പ നോര്‍വേയിലെ ജനങ്ങളോട്


25 ജൂലൈ 2011, കാസില്‍ ഗണ്ടോള്‍ഫോ
ദൂരന്തത്തിനിടയായ നോര്‍വേയിലേയ്ക്ക് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സാമാധാന സന്ദേശമയച്ചു. ജൂലൈ 22-ാം തിയതി വെള്ളിയാഴ്ച നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയിലും ഒത്തോയാ കേന്ദ്രത്തിലുമുണ്ടായ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ടാണ് മാര്‍പാപ്പ, കാസില്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതിയില്‍നിന്നും സമാധാന സന്ദേശമയച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെവഴി നോര്‍വെയിലെ രാജാവ് ഹെന്‍റി 5-മനാണ് പാപ്പ സന്ദേശമയച്ചത്. ആത്മീയ ചൈതന്യത്തില്‍ ഒരുമിച്ചുനിന്നുകൊണ്ട് പകയും വൈരാഗ്യവും മറന്ന് പരസ്പര ബഹുമാനത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റയും സ്വാതന്ത്ര്യത്തിന്‍റെയും പാതയില്‍ നീങ്ങണമെന്ന് മാര്‍പാപ്പ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു. നാട് വിലപിക്കുന്ന ഈ വേളയില്‍ ദൈവത്തിന്‍റെ സമാശ്വാസം തുണയ്ക്കട്ടെ എന്നാശംസിച്ച മാര്‍പാപ്പ, മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും... ഭീകരതയുടെ കെടുതിയില്‍ ഇനിയും വേദനിക്കുന്നവര്‍ക്കും പ്രാര്‍ത്ഥന നേരുകയുണ്ടായി.
നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയിലെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ സ്പോടനം ഏറെ നാശനഷ്ടങ്ങള്‍ക്കൊപ്പം
7 പേരുടെ ജീവന്‍ അപഹരിക്കുകയുമുണ്ടായി. അന്നുതന്നെ ഒത്തോയാ ദ്വീപു കേന്ദ്രത്തില്‍ ചേര്‍ന്ന ലേബര്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത 87 യുവാക്കളെയാണ് പൊലീസ് വേഷം ചമഞ്ഞ അഞ്ജാതന്‍ വെടിവച്ചു വീഴ്ത്തിയത്. ഇരുസംഭവങ്ങളുടെയും ഉത്തരവാദിത്വം ആന്‍ഡേഴ്സ് ബെവിക്ക് എന്ന എന്നു പറയപ്പെടുന്ന വ്യക്തി ഏറ്റെടുത്തിട്ടുണ്ട്. ഭീകരസംഭവത്തിന്‍റെ വിശദാംശങ്ങള്‍ക്കായി അന്വേഷണവും വിചാരണയും തുടരുന്നു.








All the contents on this site are copyrighted ©.