2011-07-20 19:44:20

മണ്ഡേലാ ദിനം
ജൂലൈ 18


20 ജൂലൈ 2011, യൊഹാന്നെസ്ബര്‍ഗ്
വര്‍ണ്ണവിവേചനത്തിന്‍റെ കറുത്ത ഓര്‍മ്മകളുമായി
മണ്ടേലാ ദിനം ആഘോഷിക്കപ്പെട്ടു. ജൂലൈ 18-ാം തിയതിയാണ് ആഗോളതലത്തില്‍ മണ്ഡേലാ ദിനം ആചരിക്കപ്പെട്ടത്. സമാധാനത്തിന്‍റെയും സ്വാതന്ത്രൃന്‍റെയും ജനകീയ ആഘോഷമായിട്ടാണ് 2009-ല്‍ ഐക്യരാഷ്ട്ര സംഘടന, ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്രൃനായകന്‍റെയും പ്രഥമ പ്രസിഡന്‍റിന്‍റെയും ജന്മദിനത്തില്‍ നെല്‍സണ്‍ മണ്ഡേലാ ദിനത്തിന് തുടക്കമിട്ടത്.
വര്‍ണ്ണ വിവേചനത്തില്‍ ഒരു ജനത അനുഭവിച്ച പീഡനങ്ങളുടെ വേദന ക്ഷമിക്കപ്പെടാമെങ്കിലും മറക്കാനാവില്ലെന്ന് മണ്ഡേലാ ഫൗണ്ടേഷന്‍റെ പ്രസിഡന്‍റ്, ലിന്‍ഡാ ബര്‍ദോണി ജോഹാന്നെസ്ബര്‍ഗ്ഗില്‍ പ്രസ്താവിച്ചു.

തൊലിയുടെ നിറത്തെ ആധാരമാക്കി മനുഷ്യനെ സമൂഹത്തില്‍ വിവേചിക്കുകയും വേര്‍തിരിക്കുകയും ചെയ്ത ചരിത്രം
ഇന്നും മാനവികതയുടെ മനസ്സാക്ഷിയില്‍ മുറിവിന്‍റ വേദനയുണര്‍ത്തുന്നുവെന്ന് ആഘോഷത്തില്‍ പങ്കെടുത്ത പഴമക്കാര്‍ സാക്ഷൃപ്പെടുത്തി.
93-ാമത്തെ വയസ്സില്‍ വിശ്രമ ജീവിതം നയിക്കുന്ന മണ്ഡേലാ, 1993 മുതല്‍ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റായിരുന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ പ്രസിഡന്‍റായിരിക്കവെ വര്‍ണ്ണ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന്‍റെ പേരില്‍ 27 വര്‍ഷക്കാലം ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. 1993-ല്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനായ അദ്ദേഹം സമാധാനത്തിന്‍റെ പാതയിലെ സ്വാതന്ത്ര്യ നായകനാണ്.








All the contents on this site are copyrighted ©.