2011-07-18 20:27:50

കിഴക്കന്‍ ആഫ്രിക്കയിലെ പാവങ്ങളെ
തുണയ്ക്കണമെന്ന് മാര്‍പാപ്പ


18 ജൂലൈ 2011, ഇറ്റലി
കിഴക്കന്‍ ആഫ്രിക്കയിലെ സൊമാലിയായില്‍ കൊടുദാരിദ്ര്യം അനുഭവിക്കുന്ന ജനതയെ തുണയ്ക്കണമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.
ജൂലൈ 18-ാം തിയതി ഞായറാഴ്ച ക്യാസില്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതിയില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്കെത്തിയ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് മാര്‍പാപ്പ കേഴുന്ന സൊമാലിയക്കാരോട് ഐക്യദാര്‍ഢ്യം കാണിക്കണമെന്ന അഭ്യര്‍ത്ഥന ആഗോള സമൂഹത്തോടായി നടത്തിയത്. ‘ആഫ്രിക്കയുടെ കൊമ്പെ’ന്ന് വിശേഷിപ്പിക്കപ്പെടുന്ന കിഴക്കെ ആഫ്രിക്കന്‍ പ്രദേശങ്ങളാണ് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വരള്‍ച്ചയും പേമാരിയുംകൊണ്ട് മാനുഷിക ദുരന്തത്തിന്‍റെ മൂര്‍ദ്ധന്യത്തില്‍ എത്തിനില്കുന്നതെന്ന് മാര്‍പാപ്പ വിശേഷിപ്പിച്ചു.
ഭക്ഷണവും സഹായവും തേടി നാടുവിട്ടുപോകുന്നവരും ആയിരങ്ങളാണെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സന്മനസ്സുള്ള എല്ലാവരും വേദനിക്കുന്ന സഹോദരങ്ങളെ അടിയന്തിരമായി തുണയ്ക്കാന്‍ അകമഴിഞ്ഞ് സഹായിക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. ഇതിനകം വത്തിക്കാന്‍റെ ഉപവി പ്രവര്‍ത്തന കേന്ദ്രമായ ‘കോര്‍ ഊനും’ എഴുപതിനായിരും ഡോളര്‍ ധനസാഹായം സൊമാലിയായിലെ ജനങ്ങളെ സഹായിക്കുവാന്‍ എത്തിച്ചുകഴിഞ്ഞു.








All the contents on this site are copyrighted ©.