14 ജൂലൈ 2011, മുംമ്പൈ നിര്‍ദ്ദോഷികള്‍ക്കെതിരെയുള്ള ക്രൂരത നീചവും അപലപനീയവുമെന്ന്, കര്‍ദ്ദിനാള്‍
ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് പ്രസ്താവിച്ചു.
ജൂലൈ 13-ാ തിയതി ബുധനാഴ്ച രാത്രിയില്‍ മുബൈ പട്ടണത്തിന്‍റെ മൂന്നു പ്രധാന ഭാഗത്തുണ്ടായ
ഭീകരാക്രമണങ്ങളെ അപലപിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു മുബൈ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍
ഗ്രേഷ്യസ്. 20 പേരുടെ മരണത്തിനിടയാക്കുകയും നൂറിലധികംപേരെ മുറിപ്പെടുത്തുകയും ചെയ്ത
ഭീകരപ്രവര്‍ത്തനം മുബൈ പട്ടണത്തെ ദുഃഖത്തിലാഴ്ത്തിയെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു.
പട്ടണത്തിന്‍റെ ഏറ്റവും ജനത്തിരക്കുള്ള സാവേരി ബസ്സാര്‍, ഓപ്പെരാ ഹൗസ്, ദാദര്‍ എന്നിവടങ്ങളിലും,
ഏറെ ജനസഞ്ചാരമുള്ള സമയത്തുമാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും കര്‍ദ്ദിനാള്‍ വിവരിച്ചു.
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച കര്‍ദ്ദിനാള്‍ സംയമനം പാലിച്ചുകൊണ്ട്
സമാധാനത്തിന്‍റെ പാതയില്‍ നീങ്ങണമെന്നും ജനങ്ങളെ ഉദ്ബോധിപ്പിച്ചു. നീതീക്ക് നിരക്കാത്ത
ഈ ക്രൂരതയെ ഭാരതസഭ അപലപിക്കുന്നതായി, സിബിസിഐയുടെ വക്താവ് ഫാദര്‍ ബാബു ജോസഫും ന്യൂ ഡല്‍ഹിയില്‍
നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു. 2008-ല്‍ അരങ്ങേറിയ മുംമ്പൈ ഭീകരാക്രമണ
സംഘത്തിലെ ബന്ധിയാക്കപ്പെട്ട ഏകപോരാളി മുഹമ്മദ് കസാബിന്‍റെ ജന്മദിനത്തില്‍ ഇതു സംഭവിച്ചത്
ഇത്തവണയും സ്ഫോടനങ്ങള്‍ക്കു പിന്നിലെ ഭീകരരുടെ മുഖം വെളിപ്പെടുത്തുന്നുവെന്ന് മാധ്യമങ്ങള്‍
വിവരിച്ചു.