2011-07-11 18:22:55

പാപ്പായുടെ പത്രം
ആധികാരികശബ്ദവും
പ്രമാണരേഖയും


11 ജൂലൈ 2011, അയര്‍ലണ്ട്
ഒസര്‍വത്തോരെ റൊമാനോ മാര്‍പാപ്പയുടെ ആധികാരിക ശബ്ദവും പ്രമാണരേഖയുമാണെന്ന്, റോബെര്‍ട്ട് തേംസി മുന്‍-പത്രാധിപര്‍.
വത്തിക്കാന്‍റെ ദിനപത്രമായ ഒസര്‍വത്തോരെ റൊമാനോയുടെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് പത്രത്തിന്‍റെ ഇംഗ്ലീഷ് ആഴ്ചപ്പതിപ്പിന്‍റെ മുന്‍പത്രാധിപര്‍ മോണ്‍സീഞ്ഞോര്‍ റോബര്‍ട്ട് തേംസിയാണ് ഇപ്രകാരം പ്രസ്താവിച്ചത്.
മാര്‍പാപ്പയുടെ പത്രത്തിന്‍റെ അനുവാചകര്‍ക്ക് ഏറ്റവും പുതിയ വാര്‍ത്തയെന്നതിനേക്കാള്‍ സഭയുടെ ഔദ്യോഗിക വാര്‍ത്തയും പ്രമാണരേഖയുമാണ് ഒസര്‍വത്തോരെ റൊമാനോയെന്ന്
ഡോ. തേംസി വ്യക്തമാക്കി.
സഭയുടെ പ്രബോധനങ്ങളെക്കുറിച്ചും ലോകസംഭവങ്ങളെക്കുറിച്ചും
മാര്‍പാപ്പ എന്തു പറയുന്നു എന്നറിയണമെങ്കില്‍, സ്രോതസ്സ് പാപ്പായുടെ പത്രംതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാപ്പായുടെ ദിനപത്രത്തിന്‍റെ ഇംഗ്ലീഷ് ആഴ്ചപ്പതിപ്പ് ആംഗലഭാഷ സംസാരിക്കുന്ന 129 രാജ്യങ്ങളില്‍ എത്തുന്നുണ്ട്.

മാര്‍പാപ്പായുടെ പ്രബോധനങ്ങള്‍ തങ്ങളുടെ മാതൃഭാഷകളില്‍ ലഭിക്കുവാന്‍ ആഗ്രമുണ്ട് എന്ന അഭിപ്രായം മെത്രാന്മാര്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ പ്രകടിപ്പിച്ചതോടെയാണ് 1964- മുതല്‍ ഒസര്‍വത്തോരെ റൊമാനോയുടെ ഇതര ഭാഷാ പ്രസിദ്ധീകരണങ്ങള്‍ക്ക് പോള്‍ ആറാമന്‍ മാര്‍പാപ്പ അനുമതി നല്കിയത്.
ഇംഗ്ലീഷ് ഉള്‍പ്പെടെ 7 യൂറോപ്യന്‍ ഭാഷകളില്‍ ആഴ്ചപ്പതിപ്പ് ഇറങ്ങുമ്പോള്‍, മലയാളമാണ് മാര്‍പാപ്പയുടെ പത്രത്തിന്‍റെ ഏക ഏഷ്യന്‍ ഭാഷാ പ്രസിദ്ധീകരണം. നിഷ്പ്പാദുക കര്‍മ്മലീത്താ വൈദികര്‍ നടത്തുന്ന തിരുവനന്തപുരത്തുള്ള കാര്‍മ്മല്‍ ഇന്‍റെര്‍നാഷണല്‍ പ്രസിദ്ധീകരണ ശാലയാണ് പാപ്പായുടെ ആഴ്ചപ്പതിപ്പിന്‍റെ പ്രസാദര്‍.








All the contents on this site are copyrighted ©.