2011-07-11 18:07:31

തെക്കെ സുഡാനും
ജോണ്‍ പോള്‍ 2-ാമന്‍
മാര്‍പാപ്പയും


11 ജൂലൈ 2011, വത്തിക്കാന്‍
തെക്കേ സുഡാന്‍റെ സ്വാതന്ത്യലബ്ധിയില്‍ മനുഷ്യാവകാശത്തിനായുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഉത്തേജനം ഉണ്ടായിരുന്നുവെന്ന്, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി, വത്തിക്കാന്‍റെ വക്താവ് പ്രസ്താവിച്ചു. ജൂലൈ
9-ാം തിയതി ശനിയാഴ്ച പുറത്തിറക്കിയ പതിവുള്ള വത്തിക്കാന്‍ ടെലിവിഷന്‍റെ വാരാന്ത്യ ചിന്തയിലാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇപ്രകാരം പ്രസ്താവിച്ചത്. 1993-ല്‍ സുഡാന്‍ സന്ദര്‍ശിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തലസ്ഥാന നഗരമായ കാര്‍ത്തോമില്‍വച്ച് സുഡാനിലെ ജനങ്ങളെ അഭിസംബോധന ചെയ്യവേ നടത്തിയ, മനുഷ്യാന്തസ്സിന്‍റെയും മതസ്വാതന്ത്ര്യത്തിന്‍റെയും അഭ്യര്‍ത്ഥനകളെ ഉദ്ധരിച്ചുകൊണ്ടാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇപ്രകാരം പ്രസ്താവിച്ചത്.
അനീതിയും അക്രമവും അനുഭവിക്കുന്ന ലക്ഷക്കണക്കിന് നിര്‍ദ്ദോഷികളായ മനുഷ്യരുടെ രോദനം ദൈവം കേള്‍ക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും,
ദൈവം നല്കിയിട്ടുള്ള അവരുടെ മനുഷ്യാന്തസ്സും സ്വാതന്ത്ര്യവും മാനിക്കപ്പെടേണ്ടതാണെന്നും മാര്‍പാപ്പ പ്രസ്താവിച്ചത് തന്‍റെ വാരാന്ത്യ ചിന്തയില്‍ ഫാദര്‍ ലൊമ്പാര്‍ഡി അനുസ്മരിച്ചു. ഇന്ന് ലോകത്ത് തെക്കെ സുഡാന്‍ എന്ന നവരാഷ്ട്രമുണരുമ്പോള്‍ പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രത്യാശിച്ച മര്‍ദ്ദിതരും പീഡിതരുമായ ഒരു ജനതയുടെ സ്വപ്നങ്ങള്‍ പൂവണിയുകയാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. സുഡാനിലെ ജനങ്ങളുമായി അന്നു പാപ്പ പങ്കുവച്ച അഭൗമവും അനിതര സാധാരണവുമായ ഊര്‍ജ്ജം വറ്റിപ്പോകാതെ തുടരുവാന്‍ ഇനിയും പിന്‍തുണ ആവശ്യമാണെന്നും വത്തിക്കാന്‍ മാധ്യമങ്ങളുടെ ഡയറക്ടര്‍ ജനറല്‍കൂടിയായ ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.








All the contents on this site are copyrighted ©.