2011-07-09 17:46:00

സുവിശേഷപരിചിന്തനം 10 ജൂലൈ 2011
മലങ്കര റീത്ത്


വിശുദ്ധ ലൂക്കായുടെ സുവിശേഷം 6, 27-36 ശത്രുസ്നേഹം
പെന്തക്കൂസ്തായ്ക്കുശേഷം 4-ാം ഞായറാഴ്ച
സ്നേഹത്തിന്‍റെ കല്പനയെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം പ്രദിപാതിക്കുന്നത്. ദൈവസ്നേഹം അറിഞ്ഞവര്‍ ദൈവസ്നേഹത്തില്‍ ജീവിക്കണം, ദൈവത്തെപ്പോലെ നല്ലവരായിരിക്കണം എന്ന വെല്ലുവിളിയാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുന്നില്‍ വയ്ക്കുന്നത്. ക്രിസ്തു പഠിപ്പിക്കുന്നത്, പരസ്പരം സ്നേഹത്തില്‍ ജീവിക്കുക, എന്നു മാത്രമല്ല, ശത്രുവിനെപ്പോലും സ്നേഹിക്കുക, എന്നാണ്.
ക്രിസ്തുവിനോടു ചേര്‍ന്നുള്ള ജീവിതത്തിന്‍റെ വെല്ലുവിളിയാണ് അവിടുന്നു നല്കുന്നത്. ദൈവിക കാരുണ്യത്തെപ്രതിയുള്ള ഒരു സുകൃതമാണ് ശത്രുസ്നേഹം. ദൈവം നമ്മോട് കാരുണ്യവാനായിരിക്കുന്നതുപോലെ നാമും നമ്മുടെ സഹോദരങ്ങളോട് ക്ഷമിക്കുകയും കാരുണ്യം കാണിക്കുകയും, അവരെ സ്നേഹിക്കുകയും വേണമെന്നാണ് ഇന്നത്തെ സുവിശേഷം നമ്മോട് ആഹ്വാനംചെയ്യുന്നത്.
ശപിക്കുന്നവരെ അനുഗ്രഹിച്ചും, മര്‍ദ്ദിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചും, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന പഴയ പ്രതികാര നിയമത്തെ, മറികടക്കാനുമുള്ള ക്രിസ്തുവിന്‍റെ നവമായ ആഹ്വാനമാണിത്, നവദര്‍ശനമാണ്. പ്രഹരിക്കുന്നവന് മറുചെകിടംകൂടെ കാണിച്ചുകൊടുക്കണം എന്നു ക്രിസ്തു പഠിപ്പിക്കുമ്പോള്‍, ക്രൈസ്തവ ധാര്‍മ്മികതയുടെ അതിര്‍ വരമ്പുകളില്ലാത്ത ഒരു ശൈലിയാണ് നാം ഇവിടെ കാണുന്നത്. എടുത്തുകൊണ്ടു പോകുന്നത് തിരികെ ചോദിക്കാതിരിക്കുന്നതും ക്രിസ്തു പഠിപ്പിക്കുന്ന സ്നേഹത്തിന്‍റെ സുവര്‍ണ്ണ നിയമത്തില്‍ ആധാരമാക്കിയാണ്.
മറ്റുള്ളവര്‍ നമ്മോട് എങ്ങനെ വര്‍ത്തിക്കുവാന്‍ ആഗ്രിഹിക്കുന്നുവോ അപ്രകാരം നാം മറ്റുള്ളവരോടും വര്‍ത്തിക്കുക.. ഇതാണ് ക്രിസ്തു പഠിപ്പിക്കുന്ന സുവര്‍ണ്ണനിയമം. പ്രവൃത്തികൂടാതെയുള്ള വിശ്വാസം നിര്‍ജ്ജീവമായിരിക്കുന്നതുപോലെ, പ്രവൃത്തി കൂടാതെയുള്ള സ്നേഹവും നിര്‍ജ്ജീവമാണ്. പ്രതിഫലം ആഗ്രഹിക്കാതെ മറ്റുള്ളവര്‍ക്കു നന്മ ചെയ്യുമ്പോഴാണ്, ദൈവത്തില്‍നിന്നു നമുക്ക് പ്രതിഫലം ലഭിക്കുന്നത്. ദുഷ്ടരോടും ശിഷ്ടരോടും കരുണകാണിക്കുന്ന ദൈവത്തെപ്പോലെ, നാമും കരുണയുള്ള വരായിരിക്കണം എന്നതാണ് ഇന്നത്തെ സുവിശേഷം നല്കുന്ന വലിയ വെല്ലുവിളി.

സഹോദര സ്നേഹത്തിന് ക്രിസ്തു സാര്‍വ്വത്രികമാനം നല്കിയിരിക്കുന്നു.
നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങളും സ്നേഹിക്കുന്നുവെങ്കില്‍ അതിന് എന്തു പ്രത്യേകതായാണ്. മറ്റുള്ളവര്‍ നമ്മളോടും നന്നായി പെരുമാറണമെന്ന് നാം ആഗ്രഹിക്കുന്നെങ്കില്‍, അപ്രകാരം നാം അവരോടും പെരുമാറണം.
ശത്രുവിനു നന്മചെയ്യുന്നത് പ്രവൃത്തിയിലുള്ള സ്നേഹമാണ്. ശപിക്കുന്നവരെ അനുഗ്രഹിക്കുന്നതും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതും സ്നേഹപ്രവൃത്തികളാണ്. ഒരുവന്‍ അപരനോടുള്ള ശത്രുത പ്രകടമാക്കുന്നത് അവനെ ശപിച്ചും പീഡിപ്പിച്ചുമാണ്. ശാപത്തിനും പീഡനത്തിനുമുള്ള മറുപടി നന്മപ്രവൃത്തികളാകുമ്പോള്‍, നന്മകൊണ്ടു തിന്മയെ ജയിക്കാന്‍ സാധിക്കും. ശത്രുവിനു വിശക്കുന്നെങ്കില്‍ ഭക്ഷിക്കാനും ദാഹിക്കുന്നെങ്കില്‍ കുടിക്കാനും കൊടുക്കുക. അങ്ങനെ ചെയ്യുമ്പോള്‍ ശത്രുവിനെ നമുക്കും കീഴടക്കാനാകും.

എന്തും ത്യജിക്കാന്‍ സന്നദ്ധരായവര്‍ക്കേ, പങ്കുവയ്ക്കാനാവൂ. സ്നേഹമുള്ളവര്‍ക്കേ, ത്യാഗപ്രവൃത്തികള്‍ ചെയ്യാനാവൂ. നീതി പ്രവര്‍ത്തിക്കുന്നവര്‍ക്കും ദൈവത്തില്‍ പ്രത്യാശ അര്‍പ്പിക്കുന്നവര്‍ക്കുമേ അനീതി സഹിക്കാന്‍ സന്നദ്ധതയും ശക്തിയും ഉണ്ടാവുകയുള്ളൂ. കാരണം, ദൈവം സ്നേഹസമ്പന്നനാകുന്നതുപോലെ അവിടുന്ന് നീതിമാനുമാണ്.

അവിഹിതമായത് നാം മറ്റുള്ളവരോടു ചെയ്യരുത്. ക്രിസ്തു ആവശ്യപ്പെടുന്ന സഹോദര സ്നേഹത്തിന്‍റെ അടിസ്ഥാന നിയമമാണിത്.
സ്നേഹത്തിന്‍റെ കല്പന പൊതുവാണെങ്കിലും, ജീവിതത്തിന്‍റെ പ്രത്യേക സാഹചര്യങ്ങളില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നതാണ്.
മറ്റുള്ളവര്‍ നമ്മോട് അനീതി കാട്ടരുതെന്നും, നമുക്കു നന്മ ചെയ്യണമെന്നുമാണ് നാം ആഗ്രഹിക്കുന്നത്. ആ മനോഭാവം മറ്റുള്ളവരോടും നാം എപ്പോഴും പ്രകടമാക്കേണ്ടതാണ്. അപരനോട് ഉണ്ടായിരിക്കേണ്ട സ്നേഹത്തിന് മാനദണ്ഡം നമ്മോടുതന്നെയുള്ള സ്നേഹമാണ്... ദൈവം നിങ്ങളെയും എന്നെയും സ്നേഹിക്കുന്നു, എന്ന സത്യമാണ്.

സുവിശേഷ ദൗത്യത്തിനുള്ള തന്‍റെ ആഹ്വാനത്തിനുശേഷം ഉത്ഥിതനായ ക്രിസ്തു തന്‍റെ ശിഷ്യന്മാരോട് തുടര്‍ന്നു പറയുന്നത്,. ഫലം പുറപ്പെടുവിക്കുവിന്‍... ശാശ്വതമായ ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍ എന്നാണ്. സ്നേഹത്തിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍ എന്നാണ്. അവിടുത്തെ പ്രതീക്ഷയ്ക്കൊരു മാനദണ്ഡമുണ്ട്. മാനദണ്ഡം മുന്തിരിച്ചെടിയുടെ ഉപമയാണ്. മുന്തിരി സ്നേഹത്തിന്‍റെ പ്രതീകവുമാണ്.
മുന്തിരിച്ചെടിയിലെ ഫലം മുന്തിരിയാണ്. അതില്‍നിന്ന് വീഞ്ഞു ലഭിക്കുന്നു. മുന്തിരിച്ചെടിയുടെയും മുന്തിരിയുടെയും വീഞ്ഞിന്‍റെയും ചിത്രം ഭാവനയില്‍ നമുക്കും കൊണ്ടുവരാം. മുന്തിരി പാകമാകണമെങ്കില്‍ ഓരോ നാളിലും വെയില്‍ ആവശ്യമാണ്, അതുപോലെ വെള്ളവും. സ്വാധിഷ്ഠമായ വീഞ്ഞുണ്ടാക്കാന്‍ മുന്തിരി ചക്കില്‍ ആട്ടി പിഴിഞ്ഞെടുക്കണം. തുടര്‍ന്ന് മുന്തിരിച്ചാറു പുളിച്ച് വീഞ്ഞാകാന്‍ ക്ഷമയോടെ കാത്തിരിക്കണം. തെളിയൂറ്റിയും മാറ്റിയും വീഞ്ഞു പാകമാക്കിയെടുക്കുന്നത് നീണ്ട ക്ഷമയുടെ പ്രക്രിയയാണ്.
വിശിഷ്ടമായ വീഞ്ഞ് മധുരമുള്ളതാവണമെന്നില്ല. പക്വതയാര്‍ജ്ജിക്കുന്ന ഘട്ടങ്ങളില്‍ രൂപമെടുക്കുന്ന പ്രത്യേക രുചിയും ഗന്ധവും സ്വാദുമൊക്കെയാണ് വിശിഷ്ടമായ വീഞ്ഞിന്‍റെ ഗുണമേന്മ അറിയിക്കുന്നത്. ഇത് മനുഷ്യ ജീവിതത്തിന്‍റെയും ജീവിത സമര്‍പ്പണത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രതിരൂപമാണ്.
മനുഷ്യജീവിത്തില്‍ വെള്ളവും വെളിച്ചവും അനിവാര്യമാണ്. അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളും ജിവിതത്തിന്‍റെ ഭാഗധേയമാണ്. ശുചീകരണത്തിന്‍റെയും പരീക്ഷണത്തിന്‍റെയും നാളുകള്‍ ജീവിതത്തിലുണ്ടാകുമെന്നതില്‍ സംശയമില്ല. അതുപോലെ ആത്മീയ നന്മയില്‍ വളരുന്ന നാളുകളും ഉണ്ടാകും. തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാറ്റിനും ദൈവത്തിന് നന്ദിപറയാം. സന്തോഷത്തിനും ദുഃഖത്തിനും, ജീവിത വിജയത്തിനും വെല്ലുവിളികള്‍ക്കും, രണ്ടിലും അവിടുത്തെ സ്നേഹത്തിന്‍റെ നിരന്തരമായ സാന്നിദ്ധ്യവും പതറാത്ത ദൈവിക പരിപാലനയുടെ പിന്‍തുണയും നാം അംഗീകരിക്കേണ്ടതാണ്. അങ്ങിനെയാണ് അവിടുത്തെ നുകം മധുരവും ഭാരം ലഘുവുമായിത്തീരുന്നത്. അത് കുടുംബത്തിലും സമൂഹത്തിലുമുള്ള ജീവിതത്തിന്‍റെ സ്നേഹ സമര്‍പ്പണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.

ഏതു തരത്തിലുള്ള ഫലമാണ് ക്രിസ്തു നമ്മില്‍നിന്നും പ്രതീക്ഷിക്കുന്നത്? മുന്തിരി സ്നേഹത്തിന്‍റെ പ്രതീകമാണ്. സ്നേഹത്തിന്‍റെ ശാശ്വതമായ ഫലങ്ങള്‍ പുറപ്പെടുവിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്. പഴയ നിയമത്തിലെ മുന്തിരിച്ചെടി നിയമത്തിലധിഷ്ഠിതമായ അന്നത്തെ സാമൂഹ്യ ജീവിതത്തില്‍നിന്നും ഉയരുന്ന നീതിയുടെ പ്രതീകമായിരുന്നു. ഈ നീതിയുടെ രൂപവും ആര്‍ക്കും അവഗണിക്കാവുന്നതല്ല – അത് പ്രസക്തമാണ്. നിയമത്തിന്‍റെ സത്യമായ സംഗ്രഹം ദൈവത്തെയും അയല്‍ക്കാരനെയും ഒരുപോലെ സ്നേഹിക്കുന്നതാണ്. ദ്വിമാനമായ ഈ സ്നേഹം അത്ര എളുപ്പമല്ല. അത് ക്ഷമയും എളിമയും ദൈവഹിതത്തോടും സ്നേഹിതനായ ക്രിസ്തുവിന്‍റെ തിരുഹിതത്തോടുള്ള അനുരൂപപ്പെടലും ആവശ്യപ്പെടുന്നു. ഇപ്രകാരം മാത്രമേ, നമ്മുടെ വ്യക്തിത്വങ്ങളുടെ സത്തയില്‍ സത്യത്തിന്‍റെയും നീതിയുടെയും ഗുണങ്ങള്‍ ഉള്‍ക്കൊള്ളാനാവൂ. അത് സത്യവും സ്നേഹവുമാണ്. അങ്ങനെയാണ് നാം ജീവിതത്തിന്‍റെ സ്വാദിഷ്ഠമായ ഫലമണിയേണ്ടത്. ക്രിസ്തുവിനോടുള്ള വിശ്വസ്തത നമ്മില്‍നിന്നും ത്യാഗപൂര്‍ണ്ണമായ സമര്‍പ്പണം ആശ്യപ്പെടുന്നു. അങ്ങനെ മാത്രമേ, യഥാര്‍ത്ഥമായ സന്തോഷം വളരുകയുള്ളൂ. അനുദിനജീവിതത്തില്‍ സ്നേഹത്തിന്‍റെ സദ്ഫലങ്ങളണിയാന്‍ സത്തയുടെ ആഴമായ തലങ്ങളില്‍ സ്വാര്‍പ്പണത്തിന്‍റയും കുരിശ്ശിന്‍റെയും ത്യാഗം ഉള്‍ക്കൊണ്ടിരിക്കുന്നു. മഹാനായ ഗ്രിഗരി മാര്‍പാപ്പയുടെ വാക്കുകളില്‍, “നിങ്ങള്‍ ദൈവത്തെ പ്രാപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരിക്കലും അത് തനിയെ സാദ്ധ്യമല്ല.” ഈ ലോകത്ത് നാം നമ്മുടെ സഹോദരങ്ങളോടൊപ്പമാണ് ജീവിത യാത്ര അനുദിനം തുടരേണ്ടതും വൈവിധ്യമാര്‍ന്ന ജീവിത വീഥികളില്‍ ജീവിതം സമര്‍പ്പിക്കേണ്ടതും, അതു കുടുംബമാവട്ടെ സമൂഹമാവട്ടെ.

നാം ക്രിസ്തുവിന്‍റെ ദിവ്യഹൃദയത്തിരുനാള്‍ ആഘോഷിച്ചതേയുള്ളൂ.
ക്രിസ്തു നമുക്കു തരുന്ന നുകം അവിടുത്തെ സുഹൃദ്ബന്ധമാണ് – അവിടുന്നുമായുള്ള ഒത്തുചേരലാണത്. മധുരമെന്നു പറയുന്ന ആ നുകത്തിന്‍ കീഴില്‍ വെല്ലുവിളികളുണ്ട്. അവിടുത്തെ തിരുഹിതത്തിന്‍റെ നുകത്തിന്‍ കീഴില്‍ സത്യവും സ്നേഹവുമുണ്ട്. അത് നാം മറ്റുള്ളവര്‍ക്കായ് നല്കുന്ന ജീവിത സമര്‍പ്പണത്തിന്‍റെയും, നമ്മുടെ സഹോദരസ്നേഹത്തിന്‍റെയും തോതില്‍ അടങ്ങിയിരിക്കുന്നു. ബലിയായിത്തീര്‍ന്ന ക്രിസ്തുവിന്‍റെ ഇടയരൂപം അതിന്‍റെ പിന്നിലുണ്ട്. വഴിതെറ്റിയ മനുഷ്യരെ തേടി കാടും മേടും, മലയും മരുവും താണ്ടിയ നല്ലിടയനാണ് ക്രിസ്തു. എന്നെയും മനുഷ്യകുലത്തെയും തന്‍റെ ചുമലിലേറ്റി സ്വഭവനത്തിലെത്തിച്ചവനാണ് അവിടുന്ന്. ജീവിതയാത്രയില്‍ കര്‍ത്താവ് നല്ലവനാണ്, നല്ലിടയനാണ്, എന്ന ചിന്ത നമുക്ക് പ്രത്യാശയും ധൈര്യവും പകരട്ടെ. നമ്മെ വിളിക്കുകയും നമ്മുടെ പക്കലേയ്ക്ക് എപ്പോഴും വരികയും ചെയ്യുന്ന അവിടുത്തെ സുഹൃദ്ബന്ധത്തിന് നന്ദിപറയാം. നമ്മില്‍ ചൊരിയുന്ന അവിടുത്തെ ദിവ്യസ്നേഹത്തിന്‍റെ പ്രതീകമാണ് നമ്മുടെ ജീവിതവും കുടുംബവും ഈ പ്രപഞ്ചവുമെല്ലാം. അവിടുത്തെ നിത്യാനന്ദത്തില്‍ ഒരുനാള്‍ എത്തിച്ചേരുംവരെ ആ ദിവ്യസ്നേഹത്തില്‍ വിശ്വസ്തരായി ജീവിക്കാം. End








All the contents on this site are copyrighted ©.