2011-07-06 20:21:51

ഇറാക്ക് കുട്ടികളുടെ
അരക്ഷിത മേഖലയെന്ന്


06 ജൂലൈ 2011, ന്യൂയോര്‍ക്ക്
കുട്ടികളുടെ ഏറ്റവും വലിയ അരക്ഷിത മേഖലയാണ് ഇറാക്കെന്ന്, യൂണിസെഫ് UNICEF പ്രഖ്യാപിച്ചു. ജൂലൈ 5-ാം തിയതി ചൊവ്വാഴ്ച വാര്‍ത്താ ഏജെന്‍സികള്‍ക്കു നല്കിയ റിപ്പോര്‍ട്ടിലാണ് Unicef ഇക്കാര്യം വെളിപ്പെടുത്തിയത്.- United Nations International Children’s Emergency Fund
2010-ലെ സ്ഥിതിവിരക്കണക്കുകള്‍ പ്രകാരം ഇറാക്കില്‍ 194 കുട്ടികള്‍
സംഘട്ടന രംഗങ്ങളില്‍ കൊല്ലപ്പെടുകയും 232 പേര്‍ മുറിപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.
4 ലക്ഷത്തിലേറെ ഇറാക്കി കുട്ടികളാണ് പോഷകാഹാരക്കുറവും
രോഗാവസ്ഥയും മൂലം ക്ലേശിക്കുന്നതെന്നും, 7 ലക്ഷത്തിലേറെ കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിക്കാത്തവരായി ഇന്നും ഇറാക്കിലുണ്ടെന്നും സ്ഥിതി വിവരക്കണക്കുകള്‍ വ്യക്തമാക്കി.
കുട്ടിപ്പട്ടാളം, അവിഹിത വസ്തുക്കളുടെ കള്ളക്കടത്ത്, കുഴിബോംബ് മേഖല എന്നിവിടങ്ങളിലാണ് നിര്‍ദ്ദോഷികളായ കുഞ്ഞുങ്ങള്‍ ബലികഴക്കപ്പെടുന്നതെന്നും റിപ്പോര്‍ട്ട് വിശദമാക്കി.
ഇറാക്കിലെ അഭ്യന്തര കലാപത്തിന്‍റെ ആരംഭംമുതലേ
ഷിയാ-മാഹ്ദി വിഭാഗം കുട്ടികളെ പട്ടാളത്തില്‍ നിരന്തമായി ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ആരോപിച്ചു.
മദ്ധ്യപൂര്‍വ്വദേശത്തെയും കിഴക്കെ ആഫ്രിക്കയിലെയും സ്ഥിതിഗതികള്‍
ഇതുപോലെതന്നെ കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്നും യൂണിസെഫ് വാര്‍ത്ത വെളിപ്പെടുത്തി. ഐക്യ രാഷ്ട്ര സംഘടനയുടെ സഹസ്രാബ്ദ ലക്ഷൃങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കുട്ടികളുടെ മരണനിരക്ക് കുറക്കുകയും അവരുടെ ആരോഗ്യപരിപാലനം ഇനിയും രാഷ്ട്രങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണെന്ന് റിപ്പോര്‍ട്ട് Unicef ചൂണ്ടിക്കാട്ടി.









All the contents on this site are copyrighted ©.