2011-07-04 14:50:14

യേശുവുമായുള്ള വ്യക്തിബന്ധം വൈദീകര്‍ക്ക് ശക്തി പകരുന്നുവെന്ന് മാര്‍പാപ്പ പഠിപ്പിക്കുന്നു – ഫാദര്‍ ലൊംബാര്‍ദി


04 ജൂലൈ 2011, റോം

യേശുവുമായുള്ള വ്യക്തിബന്ധമാണ് വൈദീകര്‍ക്ക് ശക്തിപകരുന്നതും അവരുടെ ദൈവവിളിയില്‍ പ്രചോദനമേകുന്നതെന്നും മാര്‍പാപ്പ തന്‍റെ ജീവിതവും മാതൃകയും വഴി അക്ഷീണം പഠിപ്പിക്കുകയാണെന്ന് ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി. ജൂലൈ രണ്ടാം തിയതി ശനിയാഴ്ച സി.ടി.വിയുടെ വാരാന്ത്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അറുപതാം പൗരോഹിത്യവാര്‍ഷികാഘോഷങ്ങളെക്കുറിച്ചായിരുന്നു വത്തിക്കാന്‍ റേഡിയോയുടേയും ടെവിവിഷന്‍ കേന്ദ്രത്തിന്‍െറയും ഡയറക്ടര്‍ ജനറല്‍ കൂടിയായ ഫാദര്‍ ലൊംബാര്‍ദിയുടെ വാരാന്ത്യവിചിന്തനം. പാപ്പയുടെ പൗരോഹിത്യ രജതജൂബിലിദിനത്തില്‍ വിശുദ്ധ പത്രോസ് പൗലോസ് അപ്പസ്തോലന്‍മാരുടെ തിരുനാള്‍ ദിവ്യബലി മധ്യേ പാപ്പ നടത്തിയ വചന പ്രഘോഷണം വൈദീകനെന്ന നിലയില്‍ മാര്‍പാപ്പയുടെ ആത്മീയതയുടെ തീവ്രപ്രകടനമായിരുന്നുവെന്ന് ഫാദര്‍ ലൊംബാര്‍ദി അഭിപ്രായപ്പെട്ടു. അറുപതു വര്‍ഷത്തെ വിശ്വസ്തത വിജയാഘോഷങ്ങളില്ലാതെ ലളിതമായി അനുസ്മരിച്ചത് പൗരോഹിത്യം ഒരു നേട്ടത്തേക്കാളുപരി ഒരു ദാനമായതുകൊണ്ടാണെന്നും ഫാദര്‍ ലൊംബാര്‍ദി പറഞ്ഞു.








All the contents on this site are copyrighted ©.