2011-07-02 16:47:23

സുവിശേഷപരിചിന്തനം - 03 ജൂലൈ 2011
ലത്തീന്‍ റീത്ത് – യേശുവിന്‍റെ തിരുഹൃദയം


മത്തായി 11, 25-30
സഖറിയ 9, 9-10, റോമാക്കാര്‍ 8, 9-13

തിരുഹൃദയത്തിരുനാള്‍ ഒരു ഭക്തിയും അതോടൊപ്പം ക്രിസ്തുവിനോടുള്ള സ്നേഹത്തിന്‍റെ അടയാളവുമാണ്. ക്രൈസ്തവ വിശ്വാസം എന്നു പറയുന്നത് ക്രിസ്തുവിനോടു ചേര്‍ന്നുള്ള ഒരു ജീവിതമാണല്ലോ. അഗ്നിജ്വാലകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന നിണമാര്‍ന്നൊരു ഹൃദയത്തിന്‍റെ ചിത്രം നമ്മുടെ വീടുകളില്‍ പതിച്ചിട്ടുള്ളതാണ്. എത്ര ദിനങ്ങള്‍ തപിച്ചും ജപിച്ചും തിരിതെളിയിച്ചും നമ്മള്‍ ആ തിരുനടയില്‍ നിന്നിട്ടുള്ളതാണ്.
നമ്മുടെ ജീവിത വഴികള്‍ക്ക് ദിശാബോധം നല്കുന്ന സ്നേഹത്തിന്‍റെ സമൃദ്ധമായൊരടയാണ് – യേശുവിന്‍റെ തിരുഹൃദയം. ഈ ഭൂമിയില്‍ ദിവ്യസ്നേഹത്തിന്‍റെ നിര്‍ത്ധരി നിര്‍ഗ്ഗളിക്കുന്നത് കുത്തിത്തുറക്കപ്പെട്ട ക്രിസ്തുവിന്‍റെ തിരുവിലാവില്‍നിന്നാണ്. അവിടെന്നിന്നാണ് ലോകത്തിന് രക്ഷയും ജീവനും ലഭിച്ചത്. അതുകൊണ്ട് ക്രിസ്തുവിന്‍റെ തിരുഹൃദയത്തില്‍നിന്ന് നമുക്കെല്ലാറ്റിനും എപ്പോഴും തുടക്കമിടാവുന്നതാണ്.

ഇന്നത്തെ വായനകള്‍ ദൈവസ്നേഹത്തെ മനോഹരമായി വര്‍ണ്ണിക്കുന്നവയാണ്. ദൈവം സ്നേഹമാകുന്നു. സ്നേഹത്തില്‍ വസിക്കുന്നവര്‍ ദൈവത്തിലും ദൈവം അവരിലും വസിക്കുന്നു 1 യോഹ. 3, 16. ക്രൈസ്തവനായിരിക്കുകയെന്നതും ക്രിസ്തുവിനോടു ചേര്‍ന്നിരിക്കുക എന്നതും യേശുവുമായുള്ള കണ്ടുമുട്ടലിന്‍റെ ഫലമാണെന്ന് ഈ വചനം വ്യക്തമാക്കുന്നുണ്ട്. സര്‍വ്വശക്തിയോടുംകൂടെ ദൈവത്തെ സ്നേഹിക്കുകയെന്ന പഴയനിയമ കല്പനയോട് നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുകയെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് സ്നേഹത്തിന്‍റെ സമ്പൂര്‍ണ്ണ കല്പന ക്രിസ്തു നല്കിയതെന്ന വസ്തുതയും ഈ വചനം അനുസ്മരിപ്പിക്കുന്നുണ്ട്.

ദൈവത്തിന്‍റെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ വെറുക്കുകയും, ഭീകരപ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്ന ഇക്കാലത്ത്, ദൈവം സ്നേഹമാണെന്നും മനുഷ്യരെല്ലാം സഹോദരങ്ങളാണെന്നും ഊന്നിപ്പറയാന്‍...യേശുവിന്‍റെ ദിവ്യഹൃദയം നമ്മോട് ആഹ്വാനംചെയ്യുന്നു. സുഖവാദത്തിന്‍റെയും അത്യാഗ്രഹത്തിന്‍റെയും ഉപഭോഗ സംസ്കാരത്തിന്‍റെയും ഇക്കാലഘട്ടത്തില്‍ ദൈവസ്നേഹത്തോടുള്ള മനുഷ്യന്‍റെ പ്രത്യുത്തരമായി പരസ്നേഹത്തിനും പങ്കുവയ്ക്കലിനും നവീകൃതമായ ഊര്‍ജ്ജവും സമര്‍പ്പണവും ഉണ്ടാകണമെന്ന് അനുസ്മരിപ്പിക്കുകയാണ് ഈശോയുടെ തിരുഹൃദയം.

പുതിയ നിയമത്തിന്‍റെ യഥാര്‍ത്ഥ നവീനത പുതിയ ആശയങ്ങളില്‍ എന്നതിനെക്കാള്‍ ക്രിസ്തുവാകുന്ന വ്യക്തിയിലാണ് അടങ്ങിയിരിക്കുന്നത്. അവിടുന്ന് ആ ആശയങ്ങള്‍ക്ക് മാംസവും രക്തവും നല്കുന്നു. മുന്‍കാലത്ത് ഇല്ലാതിരുന്ന നവമായ യാഥാര്‍ത്ഥ്യമായിരുന്നു അത്. ബൈബിളിലെ പഴയനിയമത്തിന്‍റെ പ്രത്യേകത അമൂര്‍ത്തമായ ആശയങ്ങളില്‍ മാത്രമല്ല, പിന്നെയോ മുന്‍കൂട്ടി പറയാനാവാത്ത, ഒരര്‍ത്ഥത്തില്‍ അഭൂതപൂര്‍വ്വകമായ ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങളിലും അതുമായി ബന്ധപ്പെട്ട സംഭവങ്ങളിലുമാണ് അടങ്ങിയിരിക്കുന്നത്. പുതിയ നിയമത്തില്‍ -
യേശു ക്രിസ്തുവില്‍ ദൈവികപദ്ധതികള്‍ പൂര്‍ത്തീകരിക്കപ്പെടുകയും ഒരു നാടകീയരൂപം സ്വീകരിക്കുകയും ചെയ്യുന്നു.. ദൈവം തന്നെയാണ് യേശുവിന്‍റെ വ്യക്തിത്വത്തില്‍ വഴിതെറ്റിപ്പോയ ആടുകളുടെ ഇടയനാകുകയും, നഷ്ടപ്പെട്ടതിനെ തേടിപ്പുറപ്പെടുകുയും ചെയ്യുന്നത്. ദൈവിക പ്രവര്‍ത്തനം ഇങ്ങനെ നാടകീയമാകുന്നു. തന്‍റെ ഉപമകളില്‍ നഷ്ടപ്പെട്ട ആടിന്‍റെ പിറകേ പോകുന്ന ഇടയന്‍റെയും, നഷ്ടപ്പെട്ട നാണയം അന്വേഷിക്കുന്ന സ്ത്രീയുടെയും, ധൂര്‍ത്തപുത്രനെ കണ്ടുമുട്ടി ആശ്ലേഷിക്കുന്ന പിതാവിന്‍റെയും ഉപമകളില്‍ ക്രിസ്തു സംസാരിക്കുമ്പോള്‍, ആ വാക്കുകള്‍ വെറും വാക്കുകളല്ല, അവ അവിടുത്തെ അസ്തിത്വത്തിന്‍റെയും ദൈവിക പദ്ധതിയുടെയും വിശദീകരണമാണ്. മനുഷ്യനെ ഉയര്‍ത്താനും രക്ഷിക്കാനുംവേണ്ടി തന്നെത്തന്നെ കുരിശ്ശില്‍ അര്‍പ്പിച്ച യാഗത്തിന്‍റെ പ്രതിരൂപം ഈ ഉപമകളില്‍ നമുക്കു കാണാം.. ഇത് ചരിത്രത്തില്‍ ഏറ്റവും മൗലികവും വിപ്ലവകരവുമായ സ്നേഹത്തിന്‍റെ പ്രകടനമായി മാറുന്നു.
“അവര്‍ യേശുവിനെ സമീപിച്ചപ്പ‍ള്‍ അവിടുന്ന് മരിച്ചു കഴിഞ്ഞു എന്നു കാണുകയാല്‍ അവന്‍റെ കാലുകള്‍ തകര്‍ത്തില്ല. എന്നാല്‍, പടയാളികളില്‍ ഒരുവന്‍ കുന്തംകൊണ്ട് അവന്‍റെ പാര്‍ശ്വത്തില്‍ കുത്തി. ഉടനെ രക്തവും വെള്ളവും അവിടെനിന്നു പുറപ്പെട്ടു. അതു കണ്ടയാള്‍തന്നെയാണ് സാക്ഷൃപ്പെടുത്തിയിരിക്കുന്നത്. അയാളുടെ സക്ഷൃം സത്യമാണ്.” യോഹ. 19, 33-35. ക്രിസ്തുവിന്‍റെ കുത്തിമുറിവേല്‍പ്പിക്കപ്പെട്ട വിലാവിനെക്കുറിച്ചു ധ്യാനിക്കുമ്പോള്‍ ദൈവം സ്നേഹമാകുന്നു 1 യോഹ. 4, 8 എന്ന ആശയം നമുക്കു മനസ്സിലാകും. അവിടെയാണ് സത്യം ധ്യാനിക്കാന്‍ ഇടയാകുന്നത്. അവിടെനിന്നാണ് ദൈവസ്നേഹത്തിനു നാം നല്കുന്ന നിര്‍വചനം തുടങ്ങേണ്ടത്. ഈ ധ്യാനത്തില്‍, മനുഷ്യന്‍റെ ജീവിതവും സ്നേഹവും നീങ്ങേണ്ട പാത ഏതെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു..

ജീവിതത്തിന്‍റെ അനുദിന സംഭവങ്ങളിലും സുഖദുഃഖങ്ങള്‍ ഇടകലര്‍ന്ന ജീവിത സാഹചര്യങ്ങളിലും, സത്യത്തിന്‍റെയും നന്മയുടെയും ഒരു കേന്ദ്രം മനുഷ്യന് ആവശ്യമാണ്. നാം ഓരോരുത്തരും ജീവിതത്തിന്‍റെ നിശ്ശബ്ദതയില്‍ നിന്നുകൊണ്ട് നമ്മുടെതന്നെ അനുദിന ജീവിതത്തിന്‍റെ ഹൃദമിടുപ്പുകള്‍ ശ്രവിക്കുന്നതോടൊപ്പം ലോകത്തിന്‍റെ ഹൃദയഭാഗത്ത് നമുക്കായ് തുടിക്കുന്ന ക്രിസ്തുവിന്‍റെ സ്നേഹസ്പന്ദനവും അനുദിനം ശ്രവിക്കുകയും അനുഭവിക്കുകുയും ചെയ്യേണ്ടതാണ്. ഈ പശ്ചാത്തലത്തിലാണ് നാം ആചരിക്കുന്ന തിരൂഹൃദയഭക്തി പ്രസ്ക്തമാകുന്നത്.

ക്രിസ്തുവിനോടുള്ള വ്യക്തിപരമായ സ്നേഹത്തിന്‍റെ പ്രതീകമാണ് തിരുഹൃദയത്തോടുള്ള ഭക്തി, അവിടുത്തെ ദിവ്യസ്നേഹത്തോടുള്ള വ്യക്തിപരമായ ഒരു പ്രതികരണമാണത്. വി. യോഹന്നാന്‍റെ അടിസ്ഥാന ദൈവശാസ്ത്രം ഇതാണ്, “ദൈവം തന്‍റെ തിരുക്കുമാരനെ നല്കുമാറ് ഈ ലോകത്തെ അത്രയേറെ സ്നേഹിച്ചു” യോഹ. 3, 16. നമ്മോടുള്ള സ്നേഹത്തെപ്രതി ക്രിസ്തു തന്നെത്തന്നെ പരിപൂര്‍ണ്ണമായും ആത്മയാഗമായി സമര്‍പ്പിച്ചു. കാല്‍വരിയില്‍ സമര്‍പ്പിക്കപ്പെട്ട അവിടുത്തെ ദിവ്യഹൃദയം ഈ സ്നേഹത്തിന്‍റെ പ്രതീകമാണ്. ആദത്തിന്‍റെ പാര്‍ശ്വത്തില്‍നിന്നും ഹവ്വായ്ക്ക് രൂപം നല്കിയതുപോലെ കാല്‍വരിയില്‍ കുത്തിത്തുറക്കപ്പെട്ട അവിടുത്തെ പാര്‍ശ്വത്തില്‍നിന്നും ഒലിക്കുന്ന ദിവ്യസ്നേഹം മനുഷ്യരക്ഷയുടെ വറ്റാത്ത സ്രോതസ്സായി മാറുന്നു.

“എന്‍റെ നുകം മധുരവും ഭാരം ലഘുവുമാണ്,” എന്ന് ക്രിസ്തു പറയുമ്പോള്‍,
നുകം എന്തെന്ന് മനസ്സിലാക്കിയിരിക്കണം. നുകം ഒരു കാളയുടെ കഴുത്തില്‍ പൂട്ടുന്ന മരത്തിന്‍റെ ഉപകരണമാണ്. നുകം ചേരുന്നതല്ലെങ്കില്‍ കാളയ്ക്ക് അത് യാത്രയിലുടനീളം അല്ലെങ്കില്‍ ജോലിചെയ്യുന്ന സമയമൊക്കെയും ദുഃസ്സഹമായിരിക്കും. ക്രിസ്തു നമുക്ക് നല്കുന്ന സാമീപ്യം സാഹോദര്യത്തിന്‍റെയും സുഹൃദ്ബന്ധത്തിന്‍റെയുമാണ്. അതൊരിക്കലും നമുക്ക് ഭാരമാകുന്നില്ല, അസ്വസ്തമാകുന്നില്ല.

ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ തന്‍റെ പൗരോഹിത്യത്തിന്‍റെ വജ്രജൂബിലി, 60-ാം വാര്‍ഷികം ആഘോഷിച്ചുകൊണ്ട് പൗരോഹിത്യത്തിന്‍റെ ആത്മീയതയെ വിവരിച്ചത് ക്രിസ്തുവുമായുള്ള സുഹൃദ്ബന്ധമായിട്ടാണ്. നിങ്ങളെ സേവകരെന്നല്ല, സ്നേഹിതരെന്നാണ് ഞാന്‍ വിളിക്കുന്നത്, ക്രിസ്തു എന്നും നമ്മിലര്‍പ്പിക്കുന്ന ആത്മവിശ്വാസത്തിന്‍റെ വചനമാണിത്. ആടുകള്‍ക്ക് ഇടയനോടും ഇടയന് ആടുകളോടുമുള്ള ആത്മബന്ധത്തിന്‍റെ ധ്വനിയാണീ വചനം. അങ്ങനെ ഈ പ്രപഞ്ചത്തിന്‍റെ അനന്തതയില്‍ ഞാന്‍ ഒരജ്ഞാതനല്ല. അവിടുത്തേയ്ക്ക് എന്നെ വ്യക്തിപരമായി അറിയാം. അവിടുന്നെന്നോടു കാണിക്കുന്ന സൗഹൃദത്തിന്‍റെ വെളിച്ചത്തില്‍ ഞാന്‍ അവിടുത്തെ അറിയുവാനും സ്നേഹിക്കുവാനും പരിശ്രമിക്കുന്നുണ്ടോ എന്നു മാത്രം നാം അനുദിനം ആത്മശോധന ചെയ്യാം.

ക്രിസ്തുവിന്‍റെ മധുരമായ നുകം അവിടുത്തെ സുഹൃദ്ബന്ധത്തിന്‍റെ പ്രതീകമാണ് – കൂട്ടുചേരലിന്‍റെ അടയാളമാണ്. മധുരമെന്നു പറയുന്ന ആ നുകത്തിന്‍ കീഴില്‍ വെല്ലുവിളികളുമുണ്ട്. അവിടുത്തെ തിരുഹിതത്തിന്‍റെ നുകത്തിന്‍ കീഴില്‍ സത്യവും സ്നേഹവുമുണ്ട് നീതിയുണ്ട്. അത് ഒരു വൈദികന്‍ മറ്റുള്ളവരെ നയിക്കുന്നതിലും അവര്‍ക്ക് അജപാലന ശുശ്രൂഷചെയ്യുന്നതിലും അടങ്ങിയിരിക്കുന്നു. ഓരോ ക്രിസ്തു-സ്നേഹിതന്‍റെ ജീവിതത്തിലും ഇതു പ്രതിഫലിക്കുന്നു. ബലിയായ്ത്തീര്‍ന്ന ക്രിസ്തുവിന്‍റെ ഇടയരൂപമാണ് അതിന്‍റെ പിന്നില്‍ നാം കാണേണ്ടത്. വഴിതെറ്റിയ മനുഷ്യരെ തേടി കാടും മേടും മലയും മരുവും താണ്ടിയ നല്ലിടയന്‍. എന്നെയും മനുഷ്യകുലത്തെയും തന്‍റെ ചുമലിലേറ്റി സ്വഭവനത്തിലെത്തിച്ചവന്‍. ഈ നല്ലിടന്‍റെ മാതൃകയില്‍ എല്ലാ മനുഷ്യരെയും ക്രിസ്തുവിലേയ്ക്ക് ആനയിക്കുവാന്‍, ക്രിസ്തു സ്നേഹത്തില്‍ ഒന്നിപ്പിക്കുവാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. അതുവഴി സ്നേഹവും സമാധാനവും ഈ ലോകത്ത് കൂടുതല്‍ അനുഭവവേദ്യമാകട്ടെ. ജീവിതയാത്രയില്‍ കര്‍ത്താവ് നല്ലവനാണ്, എന്ന ചിന്ത നമുക്ക് പ്രത്യാശയും ധൈര്യവും പകരട്ടെ. നമ്മെ വിളിക്കുകയും നമ്മുടെ പക്കലേയ്ക്കു വരികയും ചെയ്ത അവിടുത്തെ സുഹൃദ്ബന്ധത്തിന് നന്ദിപറയാം. തന്‍റെ ദിവ്യഹൃദയത്തില്‍നിന്നും നമുക്കായി ചൊരിയുന്ന അവിടുത്തെ ദിവ്യസ്നേഹമാണീ ബന്ധത്തിന്നാധാരം. ആ സ്നേഹത്തില്‍, അവിടുത്തെ നിത്യാന്ദത്തില്‍ ഒരുനാള്‍ എത്തിച്ചേരുംവരെ ഈ ഭൂമിയില്‍ വിശ്വസ്തരായി ജീവിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കാം.









All the contents on this site are copyrighted ©.