2011-06-30 17:13:14

റാത്സിങ്കര്‍ പുരസ്കാരങ്ങള്‍
വിതരണംചെയ്തു


30 ജൂണ്‍ 2011
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പേരിലുള്ള പ്രഥമ റാത്സിങ്കര്‍ പുരസ്കാരങ്ങള്‍ മൂന്നു ദൈവശാസ്ത്ര പണ്ഡിതന്മാര്‍ക്ക് നല്കപ്പെട്ടു. ജൂണ്‍ 30-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ നടത്തിയ ചടങ്ങില്‍വച്ചാണ് തന്‍റെ പേരിലുള്ള ഫൗണ്ടേഷന്‍റെ മൂന്നു പുരസ്കാരങ്ങളും മാര്‍പാപ്പ വിതരണം ചെയ്തത്. പാപ്പായുടെ പൗരോഹിത്യത്തിന്‍റെ വജ്ര ജൂബിലിയോടനുബന്ധിച്ച് ജൂണ്‍ 12-ാം തിയതി പ്രഖ്യാപിച്ച അവാര്‍ഡിന്‍റെ ജേതാക്കള്‍, ഇറ്റലിക്കാരനായ പ്രഫസര്‍ മാന്‍ലിയോ സിമൊനേത്തി, സ്പെയിന്‍ സ്വദേശി ഫാദര്‍ ഗൊണ്‍സാലെസ്സ് കര്‍ദ്ദേല്‍, ഓസ്ട്രിയക്കാരനായ ആബട്ട് മാക്സ്മില്യന്‍ ഹെയിം എന്നിവരാണ്.
1. മാന്‍ലിയോ സിമൊനേത്തി
പുരാതന ക്രൈസ്തവ ദൈവശാസ്ത്രം, സഭാപിതാക്കന്മാരുടെ
വിശുദ്ധഗ്രന്ഥ വ്യാഖ്യനങ്ങളുടെ പഠനം – എന്നിവയുടെ വിദഗ്ദ്ധനും പ്രഫസറുമായ ഇറ്റലിക്കാരന്‍, മാന്‍ലിയോ സിമൊനേത്തിയാണ് പുരസ്കാരം സ്വീകരിച്ച ആദ്യവ്യക്തി..
റോമിലെ La Sapienza University –യില്‍ ദീര്‍ഘനാള്‍ ദൈവശാസ്ത്ര വിഭാഗം പ്രഫസറായിരുന്നു.
2. ഫാദര്‍ ഗൊണ്‍സാലെസ്സ് കര്‍ദ്ദേല്‍
സൈദ്ധാന്തിക ദൈവശാസ്ത്രത്തിന്‍റെയും
അടിസ്ഥാന ദൈവശാസ്തത്തിന്‍റെയും പണ്ഡിതനും
സ്പെയിനിലെ സലമാംഗാ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയിലെ പ്രഫസറുമാണ് രണ്ടാമത്തെ അവര്‍ഡ് ജേതാവ്, ഫാദര്‍ ഗൊണ്‍സാലെസ്സ് കര്‍ദേല്‍.
3. ആബട്ട് മാക്സ്മില്യന്‍ ഹെയിം
ജര്‍മ്മനിയിലുള്ള സിസ്റ്റേഴിസിയന്‍ സഭയിലെ സന്യാസ ശ്രേഷ്ഠനും, ആസ്ട്രിയായിലെ ഹെലിജെന്‍ക്രൂ യൂണിവേഴ്സിറ്റിയില്‍ അടിസ്ഥാന ദൈവശാസ്ത്രത്തിന്‍റെയും സൈദ്ധാന്തിക ദൈവശാസ്ത്രത്തിന്‍റെയും പ്രഫസറുമാണ് മൂന്നാമത്തെ അവാര്‍ഡു ജേതാവായ
ഫാദര്‍ ഹെയിം. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ദൈവശാസ്ത്ര ചിന്തകളുടെ വിദഗ്ദ്ധന്‍കൂടിയാണ് സമകാലീന ദൈവശാസ്ത്ര പണ്ഡിതനായ ആബട്ട് ഹെയിം.

ഉപവി പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് 2008-ല്‍ റാത്സിങ്കര്‍ ഫൗണ്‍ഡേഷന്‍ സ്ഥാപിതമായത്. മാര്‍പാപ്പയുടെ ഗ്രന്ഥങ്ങള്‍ വിറ്റുകിട്ടുന്ന തുകയാണ് പ്രസ്ഥാനത്തിന്‍റെ മൂലധനം.
നസ്രായനായ യേശു – എന്ന പാപ്പയുടെ രണ്ടു ഗ്രന്ഥങ്ങളുടെ വില്പനയില്‍നിന്നും
16 ലക്ഷം പൗണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങള്‍നിന്നുമായി ഈ വര്‍ഷം ഫൗണ്ടേഷനിലെത്തിയിട്ടുണ്ട്. കൂടാതെ ഏറെ വര്‍ഷക്കാലം, മ്യൂനിക്കിലെ മെത്രാനാകുന്നതുവരെ ജോസഫ് റാത്സിങ്കര്‍ പഠിപ്പിച്ചിട്ടുള്ള ജര്‍മ്മനിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ അനുവര്‍ഷം നല്കുന്ന സംഭാവനകളും ഫൗണ്ടേഷന്‍റെ മൂലധനത്തിലെത്തിച്ചേരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി ഈ ഫണ്ട് ഉപയോഗിക്കുന്നതു കൂടാതെയാണ്, ഫൗണ്ടേഷന്‍ ദൈവശാസ്ത്രത്തിനുള്ള റാത്സിങ്കര്‍ പ്രൈസ് Ratzinger Prize നല്കുന്നത്.
32 ലക്ഷം രൂപ വീതമാണ് ($87,000) ഓരോരുത്തര്‍ക്കും ലഭിക്കുന്ന സമ്മാനത്തുക. ബൈബിള്‍ വിജ്ഞാനീയം, ദൈവശാസ്ത്രം, സഭാ പിതാക്കന്മാരെക്കുറിച്ചുള്ള പഠനം എന്നീ മേഖലകളിലുള്ള കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരുടെ സമഗ്ര സംഭാവനകള്‍ക്കാണ് റാത്സിങ്കര്‍ പുരസ്കാരം നല്കപ്പെടുക.








All the contents on this site are copyrighted ©.