2011-06-28 15:26:33

ഓരോ ലോകയുവജനദിനവും സുവിശേഷത്തിന്‍റെ മഹത്തായ വിതയ്ക്കലാണെന്ന് കര്‍ദിനാള്‍ റെയ്ല്‍ക്കോ


28, ജൂണ്‍ 2011

ജൂണ്‍ ഇരുപത്തിയെട്ടാം തിയതി വത്തിക്കാനിലെ രണ്ടാം ജോണ്‍പോള്‍ മാര്‍പാപ്പയുടെ നാമധേയത്തിലുള്ള ശാലയില്‍ ഇരുപത്തിയാറാം ലോകയുവജനദിനാഘോഷത്തെ സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അല്‍മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ സ്റ്റാനിസ്ലാവ് റെയില്‍ക്കോ. നന്ദിയോടെ സ്വീകരിക്കേണ്ടതും ഉത്തരവാദിത്തത്തോടെ ജീവിക്കേണ്ടതുമായ ഒരു ദാനമാണ് ലോകയുവജനദിനമെന്നും പ്രസ്താവിച്ച അദ്ദേഹം യുവജനങ്ങളുടെ സുഹൃത്തായ സഭ അവരുടെ പ്രശ്നങ്ങളില്‍ പങ്കുചേരുന്ന അനതിസാധാരണമായ അനുഭവമ‍െന്നാണ് ലോകയുവജനദിനത്തെ വിശേഷിപ്പിച്ചത്. സ്പെയിനിന്‍റെ തലസ്ഥാന നഗരമായ മാദ്രിദില്‍ സംഘടിപ്പിച്ചിരിക്കുന്ന ലോകയുവജനദിനാഘോഷത്തിന്‍റെ വിജയത്തിനായി സ്പെയിനിലെ എല്ലാ രൂപതകളും സഹകരിച്ചു പ്രവര്‍ത്തിക്കുകയാണെന്ന് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞ കര്‍ദിനാള്‍ ഇതുവരെ നാലു ലക്ഷം യുവജനങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പേരുനല്‍കി കഴിഞ്ഞെന്നും വെളിപ്പെടുത്തി. യുവജനങ്ങളോടൊപ്പം പതിനാലായിരം വൈദീകരും മാദ്രിദിലെത്തുമെന്നറിയിച്ച കര്‍ദിനാള്‍ സമ്മേളനത്തില്‍ എഴുനൂറ്റി നാല്‍പ്പത്തിനാല് മെത്രാന്‍മാര്‍ പങ്കെടുക്കുമെന്നും അതില്‍ ഇരുനൂറ്റി അറുപത്തിമൂന്നു മെത്രാന്‍മാര്‍ ഇരുനൂറ്റി അന്‍പതു സ്ഥലങ്ങളിലായി മുപ്പതു ഭാഷകളില്‍ മതബോധനം നടത്തുമെന്നും പറഞ്ഞു. യുവജന മതബോധനഗ്രന്ഥമായ യൂകാറ്റിന്‍റെ ആറു ഭാഷകളിലുള്ള ഏഴു ലക്ഷം പതിപ്പുകള്‍ സമ്മേളനത്തില്‍ വിതരണം ചെയ്യപ്പെടുമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി, ലോകയുവജനദിനത്തിന്‍റെ സ്ഥാപകനായ യുവജനങ്ങളുടെ പ്രിയപ്പെട്ട പാപ്പാ വോയ്റ്റീവ യുവജനദിനത്തിന്‍റെ വാഴ്ത്തപ്പെട്ട മധ്യസ്ഥനും രക്ഷാധികാരിയുമായി സംഗമത്തില്‍ തിരിച്ചെത്തുകയാണെന്നു ചൂണ്ടിക്കാട്ടിയ കര്‍ദിനാള്‍ റെയില്‍ക്കോ ആഗസ്റ്റ് പതിനാറാം തിയതി യുവ തീര്‍ത്ഥാടകര്‍ക്ക് സ്വാഗതമേകിക്കൊണ്ട് മദ്രിദ് അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ റൂക്കോ അര്‍പ്പിക്കുന്ന ദിവ്യബലി വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചുകൊണ്ടുള്ളതായിരിക്കുമെന്നും പ്രസ്താവിച്ചു.









All the contents on this site are copyrighted ©.