2011-06-26 18:57:33

സുവിശേഷപരിചിന്തനം
26 ജൂണ്‍ 0611 ഞായര്‍


ലൂക്കാ 10, 25-37 ക്രിസ്തു പറഞ്ഞ നല്ല സമറിയാക്കരന്‍റെ ഉപമ

പരസ്നേഹ പ്രവൃത്തി – എന്ന വിഷയമാണ് ഇവിടെ പ്രദിപാതിക്കപ്പെടുന്നത്. ഒരു നിയമജ്ഞന്‍റെ ചോദ്യവുമായി ബന്ധപ്പെടുത്തിയാണ് ലൂക്കാ സുവിശേഷകന്‍ ക്രിസ്തു പറഞ്ഞ നല്ല സമറിയാക്കാരന്‍റെ ഉപമ അവതരിപ്പിക്കുന്നത്. നിയമജ്ഞന്‍ പലപ്പോഴും ചോദ്യങ്ങള്‍ ചോദിക്കുന്നത് ക്രിസ്തുവിനെ പരീക്ഷിക്കുവാനാണ്. നിയമജ്ഞന്‍ ചോദിച്ചു, നിത്യായുസ്സു പ്രാപിക്കാന്‍ എന്തുചെയ്യണം. നിയമം എന്തു പറയുന്നു എന്ന ക്രിസ്തുവിന്‍റെ ചോദ്യത്തിന്, നിയമാവര്‍ത്തന പുസ്തകത്തിലെ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ദൈവസ്നേഹവും പരസ്നേഹവും പാലിക്കുക, എന്ന ഉത്തരം അയാള്‍ നല്കുന്നു. അവ പ്രാവര്‍ത്തികമാക്കുകയാണു രക്ഷപ്രാപിക്കാനുള്ള മാര്‍ഗ്ഗമെന്ന് ക്രിസ്തു മറുപടിയായും പറയുന്നു. നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക.

അയല്‍ക്കാരന്‍ ആരാണ്, എന്ന നിയമജ്ഞന്‍റെ ചോദ്യം സ്വയം ന്യായീകരിക്കുന്നതിന്‍ വേണ്ടിയുള്ളതായിരുന്നു, എങ്കിലും ഒരു ഉപമയിലൂടെ ക്രിസ്തു അത് വിവരിക്കുന്നു.
ഒരാള്‍ ജരൂസലേമില്‍നിന്ന് ദുര്‍ഘടമായ വഴിയിലൂടെ യാത്രചെയ്യുകയായിരുന്നു. വഴിയില്‍വച്ച് കള്ളന്മാര്‍ അയാളെ ആക്രമിക്കുകയും അര്‍ദ്ധപ്രാണനാക്കി ഉപേക്ഷിച്ചു പോവുകയും ചെയ്യുന്നു. അതിലെ വന്ന ഒരു പുരോഹിതനും ലേവ്യനും അയാളെ ശ്രദ്ധിക്കാതെ കടന്നുപോയി. യഹൂദരുടെ ആജന്മ ശത്രുവായ ഒരു സമരിയാക്കാരന്‍ ആവഴി വരുന്നു, മുറിപ്പെട്ടു കിടക്കുന്ന മനുഷ്യനെ കണ്ട് അലിവുതോന്നി. അടുത്തുചെന്ന് അയാളെ വാരിയെടുക്കുകയും മുറുകളില്‍ എണ്ണയൊഴിച്ച് പരിചരിക്കുകയും, അയാളെ തന്‍റെ കുതിരപ്പുറത്തു കയിറ്റി സത്രത്തില്‍ കൊണ്ടുചെന്നാക്കുകയും ചെയ്തു.

ആസന്ന മരണനെ സ്പര്‍ശിച്ചു അശുദ്ധരാകാന്‍ പുരോഹിതനും ലേവ്യനും ആചാരപ്രകാരം കൂട്ടാക്കാതിരുന്നപ്പോള്‍, വിജാതീയരെന്നു യഹൂദര്‍ പരിഹസിച്ചുതള്ളിയ സമരിയാക്കാരില്‍ ഒരുവനു മാത്രമാണ് ദൈവസ്നേഹം പ്രാവര്‍ത്തികമാക്കാന്‍ വന്നത്. ബലിയല്ല കരുണയാണു ഞാന്‍ ആഗ്രഹിക്കുന്നത്, ഹോസി. 6, 6. മൂവരില്‍ ആരാണ് അയല്‍ക്കാരന്‍, എന്ന ക്രിസ്തുവിന്‍റെ ചോദ്യത്തിന് നിയമജ്ഞന്‍റെ മറുപടി. കരുണകാണിച്ചവന്‍, എന്നു മാത്രമാണ്.. മനുഷ്യജീവിതത്തില്‍ സ്നേഹവും കരുണയും അപരനോട് കാട്ടുവാന്‍ നാം കടപ്പെട്ടിരിക്കുന്ന എന്നാണ് ഈ ഉപമ പഠിപ്പിക്കുന്നത്.
ദൈവസ്നേഹവും മനുഷ്യസ്നേഹവും അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നതിനാലാവാം വിശുദ്ധ ലൂക്കാ അവയെ ഒന്നിച്ച് അവതരിപ്പിക്കുന്നത്. ദൈവസ്നേഹം പ്രകടമാകുന്നതു സഹോദര സ്നേഹതതിലാണ്. ദൈവം തന്‍റെ സ്നേഹം പ്രകടമാക്കിയത് എന്നും മനുഷ്യന്‍റെ സഹായത്തിനെത്തിക്കൊണ്ടാണ്. ദൈവവിശ്വാസം മനുഷ്യ സ്നേഹത്തിലൂടെയാണു നാം പ്രകടമാക്കേണ്ടത്.

സ്നേഹം വൈകാരികം മാത്രമല്ല. പ്രവൃത്തിപരമാണ്, ജീവിതബന്ധിയാണ്. സല്‍പ്രവര്‍ത്തികളിലൂടെ പ്രകടമാക്കേണ്ടതാണ് സ്നേഹമെന്ന് ക്രിസ്തു പഠിപ്പിച്ചു. ഈ സ്നേഹത്തിന് അതിര്‍വരമ്പുകളില്ല. ആവശ്യക്കാരനുവേണ്ടിയാണ് സ്നേഹം പ്രകടമാക്കേണ്ടത്.. ആവശ്യക്കാരന്‍ സജാതിയനോ, വിജാതിയനോ, ശത്രുവോ, മിത്രമോ എന്നു നോക്കേണ്ടതില്ല. ആവശ്യമുള്ളവര്‍ക്കും, അര്‍ഹിക്കുന്നവര്‍ക്കും സ്നേഹം പ്രദാനം ചെയ്യണം. സമൂഹത്തിലെ പുറംതള്ളപ്പെട്ടവരോടും വേദനയനുഭവിക്കുന്നവരോടും പ്രത്യേക സ്നേഹം പ്രകടമാക്കേണ്ടതാണ്.

ക്രിസ്തു പറഞ്ഞ ഉപമ ഇന്നു പ്രസക്തമാണ്, നാം ജീവിതത്തില്‍ പകര്‍ത്തേണ്ടതാണ്.
ക്രൈസ്തവ സ്നേഹത്തിന്‍റെ സാര്‍വ്വത്രികതയും നിയമത്തിനപ്പുറം കടന്നു ചെല്ലുന്ന ഉത്തരവാദിത്വവും നല്ല സമറിയാക്കാരന്‍റെ ഉപമയില്‍ കാണാം. കൂടാതെ ക്രൈസ്തവസ്നേഹം ലാഭനഷ്ടങ്ങളില്‍ അധിഷ്ഠിതമല്ലെന്നും വെല്ലുവിളികളെയും അപകടങ്ങളെയും അവഗണിച്ച് അപരന്‍റെ ആവശ്യത്തില്‍ ഓടിയെത്തുന്നതുമാണെന്ന് ഈ ഉപമ നമ്മെ പഠിപ്പിക്കുന്നു.


ക്രൈസ്തവ സ്നേഹത്തിന്‍റെ നാലു സവിശേഷതകള്‍
ഈ ഉപമയില്‍ നമുക്ക് കാണാം.

1. സ്നേഹം സാര്‍വ്വത്രികമാണ്. മിത്രമെന്നൊ ശത്രുവെന്നൊ സജാതിയനെന്നൊ വിജാതിയനെന്നൊ ഉള്ള യാതൊരു പരിഗണനയും കൂടാതെ ആവശ്യാത്തിലിരിക്കുന്നവരെ സഹായിക്കുന്നതാണ്, അപരനില്‍ ഊന്നി നില്ക്കുന്ന സ്നേഹം, ക്രൈസ്തവ സ്നേഹത്തിന്‍റെ ഒന്നാമത്തെ മാനം.

2. യഥാര്‍ത്ഥ സ്നേഹം നിയമത്തെ ഉല്ലംഘിക്കുന്നതാണ്. നിയമം ആവശ്യപ്പെടുന്നതിലും കൂടുതല്‍ ചെയ്യാന്‍ അത് പ്രേരിപ്പിക്കുന്നു. നിയമത്തിനല്ല സ്നേഹത്തിനാണു പ്രാധാന്യം. സനേഹം കല്പനയ്ക്കതീതമാണ്.
സ്നേഹം കല്പിക്കാവുന്നതല്ല.

3. ക്രൈസ്തവസ്നേഹം വെല്ലുവിളിയും അപകടവും നിറഞ്ഞതാണ്. ഉപമയിലെ സമറിയാക്കാരന്‍ അപകടം പതിയിരക്കുന്ന സാഹചര്യത്തിലൂടെയാണ് മുറിപ്പെട്ടവന്‍റെ സഹായത്തിനെത്തുന്നത്. സമയവും പണവും അപരിചിതനായി മാറ്റിവയ്ക്കുന്നു.

4. യഥാര്‍ത്ഥ സ്നേഹം പരിധികളെ അതിലംഘിക്കുന്നു. സത്രത്തില്‍ കൊണ്ടുചെന്നാക്കിയതു കൂടാതെ രണ്ടു ദനാറകൂടി സത്രസുക്ഷിപ്പുകാരനെ ഏല്പിച്ചു. അവിടെയും അവസാനിക്കുന്നില്ല, ഔദാര്യം നീളുകയാണ്. കൂടുതലായി എന്തെങ്കിലും ചെലവാകുകയാണെങ്കില്‍ മടങ്ങിവരുമ്പോള്‍ ബാക്കി നല്കാമെന്നു അയാള്‍ ഉറപ്പുനല്കുന്നു.

നാം പരിശുദ്ധ ത്രിത്വത്തിന്‍റെയും ക്രിസ്തുവിന്‍റെ തിരുശരീര രക്തങ്ങളുടെയും മഹോത്സവങ്ങള്‍ ആഘോഷിച്ച ദിവസങ്ങളാണിവ.
.ദിവ്യകാരുണ്യ കൂട്ടായ്മ നമ്മെ ക്രിസ്തുവില്‍ രൂപാന്തരപ്പെടുത്തുന്നു. ഐക്യത്തിന്‍റെ വേദിയില്‍ വ്യക്തിത്വവും സ്വാര്‍ത്ഥതയും സ്വാതന്ത്ര്യവും തുറക്കപ്പെട്ട് പരിശുദ്ധ ത്രിത്വത്തിന്‍റെ കൂട്ടായ്മയില്‍ നിറഞ്ഞിരിക്കുന്ന ക്രിസ്തുവിന്‍റെ വ്യക്തിത്വത്തോടു നാമും ഒന്നുചേരും.
ദിവ്യകാരുണ്യം നമ്മെ ക്രിസ്തുവിനോടും മറ്റു സോദരങ്ങളോടും അങ്ങനെ ഐക്യപ്പെടുത്തുകയും ഏവരും ഒരു കൂട്ടായ്മയില്‍ പങ്കുചേരുകയും ചെയ്യുന്നു. അതുവഴി ചുറ്റുമുള്ള സഹോദരങ്ങളുമായി മാത്രമല്ല, ലോകമെമ്പാടുമുള്ളവരുമായി രമ്യപ്പെടാനും ഐക്യപ്പെടാനും വഴി തെളിയുന്നു.
ദിവ്യകാരുണ്യ ഭക്തരും സാമൂഹ്യ പ്രതിബദ്ധതയുള്ളവരുമായ (വിന്‍സെന്‍റ് ഡി പോളിനെയും, മദര്‍ തെരേസായെയും പോലെയുള്ള) വിശുദ്ധാത്മാക്കള്‍ അവരുടെ ജീവിതങ്ങളില്‍നിന്നും കാണിച്ചുതരുന്നതുപോലെ പരിശുദ്ധ ദിവ്യകാരുണ്യം ലോകത്തുള്ള സഭയുടെ ആഴമായ സാമൂഹ്യ സാന്നിദ്ധ്യത്തിന്‍റെ പ്രതീകമാണ്.
ജീവിത വിശുദ്ധിയില്‍ ക്രിസ്തുവിനെ തിരിച്ചറിയുന്നവര്‍, വേദനിക്കുന്നവര്‍ക്കും, വിശക്കുന്നവര്‍ക്കും, ദാഹിക്കുന്നവര്‍ക്കും, പരദേശികള്‍ക്കും, പാവങ്ങള്‍ക്കും രോഗികള്‍ക്കും, കാരാഗൃഹ വാസികള്‍ക്കും, അവരുടെ ഓരോരുത്തരുടെയും ആവശ്യങ്ങളില്‍ ശ്രദ്ധാലുക്കളാകുകയും, അവരുടെ സഹായത്തിനായി ഓടിയെത്തുയും ചെയ്യുന്നു.

ക്രൈസ്തവരെന്ന നിലയില്‍ നീതിനിഷ്ഠവും സഹോദര്യത്തിന്‍റേതുമായ ഒരു സ്നേഹസമൂഹം cohesive society വളര്‍ത്തുന്നതിനുള്ള ശക്തിയും ബോധ്യവും ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്നും നമുക്കു ലഭിക്കുന്നു.
ആഗോളവത്ക്കരണം മനുഷ്യരെ കൂടുതല്‍ കൂടുതല്‍പരസ്പരം ആശ്രിതരാക്കുന്ന ഇക്കാലഘട്ടത്തില്‍, ദൈവത്തില്‍ ശാശ്വതമായ ഒരൈക്യം കെട്ടിപ്പുലര്‍ത്തുവാന്‍ സാധിച്ചില്ലെങ്കില്‍ വ്യക്തിമഹാത്മ്യവാദത്തിന്‍റെയും, താന്‍ വലിയവനെന്ന ഭാവത്തിന്‍റെയും പരസ്പര പീഡനത്തിന്‍റെയും വിദ്വേഷത്തിന്‍റെയും കലുഷിതമായ ഒരന്തരീക്ഷത്തില്‍ നാം മുഴുകിപ്പോകാനിടയുണ്ടെന്ന് മനസ്സിലാക്കേണ്താണ്.

മനുഷ്യകുലത്തിന്‍റെ ഐക്യമാണ് ക്രിസ്തുവിന്‍റെ സുവിശേഷം എപ്പോഴും ലക്ഷൃംവയ്ക്കുന്നത്. ഈ ലക്ഷൃം മുകളില്‍നിന്ന് അടിച്ചേല്‍പ്പിക്കുന്നതോ ആശയപരമോ സാമ്പത്തികമോ ആയ താല്‍പര്യങ്ങളില്‍നിന്നും ഉരുത്തിരിയുന്നതോ അല്ല, മറിച്ച് ഓരോരുത്തരുടെയും ഉത്തരവാദിത്വങ്ങളുടെ ബോധ്യത്തില്‍നിന്നും വളരേണ്ടതാണ്. ക്രിസ്തുവിന്‍റെ വിരുന്ന മേശയില്‍‍നിന്നുമാണ്, പരിശുദ്ധ കര്‍ബ്ബാനയില്‍നിന്നുമാണ് സ്നേഹത്തിന്‍റെയും നീതിയുടെയും ഈ വഴി നാം അനുസ്യൂതം ആര്‍ജ്ജിക്കേണ്ടത്. അത് അനുദിന ജീവിതത്തില്‍ സഹോദരങ്ങളുമായി, വിശിഷ്യാ സഹായമര്‍ഹിക്കുന്നവരുമായി പങ്കുവച്ച് ജീവിക്കുവാന്‍ പരിശ്രമിക്കാം. ദൈവം സ്നേഹമാണ്. നാം ദൈവത്തെ സ്നേഹിച്ചാല്‍ മാത്രം പോരാ.... ദൈവം സ്നേഹിച്ചതുപോലെ നമുക്ക് മനുഷ്യരെയും സ്നേഹിക്കാനാവട്ടെ. End.









All the contents on this site are copyrighted ©.