2011-06-23 11:40:44

പരിശുദ്ധ ത്രിത്വം –
സ്നേഹത്തിലൊന്നാകുന്ന ശക്തികേന്ദ്രം


22 ജൂണ്‍ 2011, സാന്‍ മരീനോ
പിതാവും പുത്രനും പരിശുദ്ധാത്മാവുമായുള്ള ദൈവീകൈക്യം ക്രൈസ്തവ വിശ്വാസത്തിന്‍റെ കേന്ദ്രമാണ്. ഈ ദൈവീകൈക്യമാണ് പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാളില്‍ നാം ആഘോഷിക്കുന്നത്. ഏകദൈവത്തില്‍ ഒന്നുചേരുന്ന മൂന്നു വ്യക്തിത്വങ്ങള്‍ ത്രിത്വത്തെ പ്രതിനിധാനം ചെയ്യുന്ന ദൈവിക രഹസ്യമാണ്. ദൈവം മനുഷ്യന് എപ്പോഴും ഒരു മഹാരഹസ്യമാണ്. എന്നിട്ടും അവിടുന്നു തന്നെത്തന്നെ നമുക്കായി വെളിപ്പെടുത്തി.
പുത്രനിലൂടെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നാം അറിയുന്നു. പ്രഥമവും മഹത്തരവുമായ ഈ വിശ്വാസ രഹസ്യത്തിലടങ്ങിയിരിക്കുന്ന ദൈവസ്നേഹത്തിന്‍റെ യാഥാര്‍ത്ഥ്യമാണ് ത്രിത്വത്തിന്‍റെ തിരുനാളില്‍ നാം ആഘോഷിക്കുന്നത്. പിതാവും പുത്രനും പരിശുദ്ധാത്മാവും ഐക്യപ്പെട്ടിരിക്കുന്നത് സ്നേഹത്തിലാണ്. സ്നേഹമാണ് ഈ ഐക്യത്തിന്‍റെ പരമമായ ശക്തികേന്ദ്രം. ബാഹ്യമായ ഘടകങ്ങളെ ഒന്നിപ്പിക്കുന്നത് സ്നേഹമാണ്. പിതാവ് എല്ലാം പുത്രനെ ഏല്പിക്കുന്നു, പുത്രന്‍ പിതാവില്‍നിന്നുള്ളതെല്ലാം നന്ദിയോടെ സ്വീകരിക്കുന്നു. പിതാവും പുത്രനും തമ്മിലുള്ള പരസ്പര സ്നേഹത്തിന്‍റെ ഫലമാണ് പരിശുദ്ധാത്മാവ്. ത്രിത്വത്തിലുള്ള ദൈവിക രഹസ്യത്തെക്കുറിച്ച് എന്നതിനെക്കാള്‍, കൂട്ടായ്മയും സത്തയും യാഥാര്‍ത്ഥ്യമാക്കുന്ന സ്നേഹത്തെക്കുറിച്ചാണ് ത്രിത്വത്തിന്‍റെ മഹോത്സവം വെളിപ്പെടുത്തുന്നത്.

അവിശ്വസ്തരായിരുന്നിട്ടും ഇസ്രായേലിന് ദൈവം തന്‍റെ കല്പനകള്‍ നല്കി. ദൈവത്തിലും മൂശയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട ജനത, അഹറോനെക്കൊണ്ട് കാളക്കുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിക്കുവാന്‍ തുടങ്ങി. മലയിറങ്ങിയ മോശ കണ്ടത് ഇസ്രായേലിന്‍റെ അവിശ്വസ്തതയാണ്. കുപിതനായ അദ്ദേഹം ദൈവപ്രമാണങ്ങളെഴുതിയ ഫലകങ്ങള്‍ ഉടച്ചുകളഞ്ഞു. എന്നിട്ടും ദൈവം ജനത്തോട് ക്ഷമിക്കുകയും മോശയ്ക്കു സീനായ് മലയില്‍ വീണ്ടും കല്പനകള്‍ നല്കുകയും ചെയ്തു. ഭയന്നും ഭക്തിയോടും നിലംപറ്റിയാണ് മോശ ദൈവത്തെ ആരാധിച്ച്, അവിടുത്തെ മുഖകാന്തി വെളിപ്പെടുത്തി തരണമേയെന്ന് അപേക്ഷിച്ചത്. മോശയുടെ വികാരങ്ങളിങ്ങനെയായിരുന്നു: “കര്‍ത്താവേ, അങ്ങ് ഞങ്ങളില്‍ സംപ്രീതനാകണമേ. ഞങ്ങള്‍ ദുശ്ശാഠ്യക്കാരാണെങ്കിലും അങ്ങു ഞങ്ങളോടുകൂടെ വരണമേ. ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കുകയും ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിക്കുകയും ചെയ്യണമേ” (പുറപ്പട് 34, 8).

പാപം ക്ഷമിച്ചും, അത് മറന്നും, മായിച്ചു കളഞ്ഞുമാണ് ദൈവം തന്‍റെ കരുണാര്‍ദ്രമായ സ്നേഹം വെളിപ്പെടുത്തുന്നത്. മനുഷ്യരെ ഒരിക്കലും വിട്ടകലാത്ത, വിട്ടുപേക്ഷിക്കാത്ത ദൈവിക സ്നേഹത്തില്‍ നമുക്കെന്നും പ്രത്യാശിക്കാവുന്നതാണ്. ഇത് ദൈവത്തിന്‍റെ ശ്രേഷ്ഠമായ വെളിപാടാണ്. പാപിയെ ഉപേക്ഷിക്കുന്ന ദൈവമല്ല, മറിച്ച് അവന് മാപ്പും മാനസാന്തരവും നല്കുന്ന ദൈവത്തെയാണ് നാം കാണുന്നത്.

ദൈവത്തിന്‍റെ കാരുണ്യം സീമാതീതമാണ്. “അവിടുന്നില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്‍റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്‍റെ പുത്രനെ ലോകത്തിലേയ്ക്ക് അയച്ചത് ലോകത്തെ ശിക്ഷിക്കുവാനല്ല, പ്രത്യുത, അവിടന്നുവഴി ലോകം രക്ഷപ്രാപിക്കാനാണ്” (യോഹ. 3, 16).
ലോകത്തില്‍ തിന്മയും സ്വാര്‍ത്ഥതയുമുണ്ട്. ദൈവത്തിന് ലോകത്തെ വിധിക്കുകയും ശിക്ഷിക്കുകയും ചെയ്യാം. എന്നാല്‍ അവിടുന്ന് പാപങ്ങളോടുകൂടെ മനുഷ്യനെയും അവന്‍റെ ലോകത്തെയും സ്നേഹിക്കുന്നു. ദൈവം നല്കുന്ന ഏറ്റവും അമൂല്യമായ സമ്മാനം തന്‍റെ തിരുക്കുമാരനാണ്. ക്രിസ്തുവിനെ ലോകരക്ഷയ്ക്കായി അയയ്ക്കുക മാത്രമല്ല, ദൈവം സമ്മാനമായി നല്കുകയും ചെയ്തു. ക്രിസ്തു ഈ ഭൂമിയില്‍ അവതരിക്കുകയും, നമുക്കുവേണ്ടി ജീവിക്കുകയും, രോഗങ്ങള്‍ സുഖപ്പെടുത്തുകയും പാപങ്ങള്‍ പൊറുക്കുകയും സകലരേയും ആശ്ലേഷിക്കുകയും ചെയ്തു. പിതാവിനോടുള്ള സ്നേഹത്തിനു പ്രത്യുത്തരമായി തന്നെത്തന്നെ ലോകരക്ഷയ്ക്കായി കുരിശില്‍ സമര്‍പ്പിക്കുകയും പിതാവിന്‍റെ കരുണാര്‍ദ്രമായ സ്നേഹം കുരിശില്‍ പ്രകടമാക്കുകയും ചെയ്തു. കുരിശിലെ യാഗാര്‍പ്പണത്തോടെയാണ് നിത്യമായ ജീവനിലുള്ള പങ്കാളിത്തം ക്രിസ്തു നേടിത്തരുന്നത്. അത് നമുക്ക് പകര്‍ന്നു തരുന്നത് പരിശുദ്ധാത്മാവിലൂടെയുമാണ്. അങ്ങിനെ കുരിശില്‍തന്നെ ത്രിത്വരഹസ്യങ്ങള്‍ വെളിപ്പെടുന്നുണ്ട്. ലോകരക്ഷയ്ക്കായി തന്‍റെ തിരുക്കുമാരനെ നല്കിയ പിതാവും, പിതാവിന്‍റെ തിരുഹിതത്തിന് തന്നെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന പുത്രനും ത്രിത്വത്തിന്‍റെ ഭാവങ്ങളാണ്. അങ്ങനെ മനുഷ്യജീവിതങ്ങളെ ദൈവിക ജീവനില്‍ പങ്കുചേര്‍ക്കാനും നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുവാനും തന്‍റെ അരൂപിയെ ക്രിസ്തു നമുക്കായി നല്കുമ്പോള്‍ - ത്രിയേക ദൈവത്തിന്‍റെ മഹാരഹസ്യം മനുഷ്യന്‍റെ ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ ചുരുളഴിയുകയാണ്.
(ഇറ്റലിയിലെ സാന്‍ മരീനോയില്‍ പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാളില്‍ മാര്‍പാപ്പ നല്കിയ വചനപ്രോഷണത്തില്‍നിന്ന്)









All the contents on this site are copyrighted ©.