2011-06-22 19:20:56

പത്രോസ് പൗലോസ്
ശ്ലീഹന്മാരുടെ തിരുനാള്‍


22 ജൂണ്‍ 2011, വത്തിക്കാന്‍
പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളില്‍ പങ്കെടുക്കാന്‍ എക്യുമേനിക്കല്‍ പാത്രീയാര്‍ക്കിസിന്‍റെ പ്രതിനിധികള്‍ റോമിലെത്തുന്നു.
ജൂണ്‍ 29-ാം തിയതി ബുധനാഴ്ച പാശ്ചാത്യ സഭയില്‍ ആഘോഷിക്കപ്പെടുന്ന പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ മഹോത്സവത്തില്‍ പങ്കെടുക്കാനാണ് കോണ്‍സ്റ്റാന്‍റിനോപ്പിളില്‍നിന്നും പാത്രിയര്‍ക്കിസിന്‍റെ പ്രതിനിധികള്‍ വത്തിക്കാനിലെത്തുന്നത്. ഓര്‍ത്തഡോക്സ് സഭകളുടെ യൂറോപ്പിലെ യൂണിയന്‍ തലവന്‍, ആര്‍ച്ചുബിഷപ്പ് ഇമ്മാനുവല്‍ ഫ്രാന്‍സ്, ബെല്‍ജിയത്തെ സഹായമെത്രാനും സിനോപ്പ് രൂപതാദ്ധ്യക്ഷനുമായ മാര്‍ അത്തനാഗോറസ്, സ്വിറ്റ്സര്‍ലണ്ട് അതിരൂപതയുടെ സഹായമെത്രാന്‍ മാക്സിമോസ് മാര്‍ പോത്തോസ് എന്നിവരാണ് പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളുടെ പ്രതിനിധികളായി വത്തിക്കാനിലെത്തുന്നത്. 28-ാം തിയതി ചൊവ്വാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ പ്രതിനിധി സംഘത്തെ മാര്‍പാപ്പ കൂടിക്കാഴ്ചയില്‍ സ്വീകരിക്കും. 29-ാം തിയതി വത്തിക്കാനിലെ ബസിലിക്കായില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹദിവ്യബലിയില്‍ അവര്‍ സന്നിഹിതരായിരിക്കും. പ്രതിനിധി സംഘം ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഓഫിസിലെത്തി സൗഹൃദ സംവാദത്തിലേര്‍പ്പെടുന്ന പതിവും സന്ദര്‍ശനത്തിന്‍റെ ഭാഗമാണ്. കിഴക്കന്‍ സഭകളുടെ സ്ഥാപകനായ വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്‍റെ തിരുനാള്‍ ദിനത്തില്‍, ഏപ്രില്‍ 25-ന് വത്തിക്കാന്‍റെ പ്രതിനിധി സംഘം കോണ്‍സ്റ്റാന്‍റിനോപ്പിളിലെത്തുന്ന പതിവും 1969-മുതല്‍ തുടരുന്നു.








All the contents on this site are copyrighted ©.