2011-06-21 16:21:59

പൗരസ്ത്യസഭകള്‍ക്കു സഹായം നല്‍കുന്ന സംഘടനകള്‍ വത്തിക്കാനില്‍ സമ്മേളിക്കുന്നു


21 ജൂണ്‍ 2011, വത്തിക്കാന്‍
പൗരസ്ത്യസഭകള്‍ക്കു സഹായം നല്‍കുന്ന സംഘടനകളുടെ യോഗത്തിന്‍റെ (R.O.A.C.O) എണ്‍പത്തിനാലാം പൊതുസമ്മേളനം ഇരുപത്തിയൊന്നാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ ആരംഭിച്ചു. പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘമാണ് യോഗത്തിന്‍റെ സംഘാടകര്‍. മധ്യപൂര്‍വ്വദേശത്ത് സഭയുടെയും ക്രൈസ്തവരുടേയും സ്ഥിതി എന്ന പ്രമേയത്തോടെ ആരംഭിച്ചിരിക്കുന്ന സമ്മേളനം ഇരുപത്തിനാലാം തിയതി സമാപിക്കും. ഇരുപതിലധികം കത്തോലിക്കാ സംഘടനകള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കോപ്ടിക് പാത്രീയാര്‍ക്കീസ് കര്‍ദിനാള്‍ അന്തോണിയോ നാജുയിബ്, മറോണീത്തിന്‍ പാത്രീയാര്‍ക്കീസ് ബെക്കാറാ റായ് എന്നിവര്‍ തങ്ങളുടെ അനുഭവവെളിച്ചത്തില്‍ നിന്ന് മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവരുടെ അവസ്ഥയെക്കുറിച്ച് സമ്മേളനത്തില്‍ വിവരിക്കുകയും അന്നാടുകളിലെ പ്രാദേശികസഭകള്‍ക്കു സഹായം നല്‍കുകയും സഭൈക്യ - മതാന്തര സംവാദങ്ങളിലൂടെ സമാധാനസ്ഥാപനത്തിന് സഹായിക്കുകയും ചെയ്യുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശം നല്‍കുകയും ചെയ്യും. പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘം 1968ല്‍ സ്ഥാപിച്ചതാണ് പൗരസ്ത്യ സഭകളുടെ എല്ലാ പ്രവര്‍ത്തനതലങ്ങളിലും സഹായം നല്‍കുന്ന സംഘടനകളുടെ R.O.A.C.O എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന യോഗം.








All the contents on this site are copyrighted ©.