2011-06-16 17:50:28

വൈദ്യശാസ്ത്രം
ഏറ്റവും മനുഷ്യോന്മുഖം


16 ജൂണ്‍ 2011, വത്തിക്കാന്‍
വൈദ്യശാസ്ത്രം ഏറ്റവും മനുഷ്യോന്മുഖമെന്ന്, തോമസ് ത്രാഫ്നി, വത്തിക്കാന്‍ ശാസ്ത്ര വിഭാഗത്തിന്‍റെ മേധാവി വിവരിച്ചു.
2011 നവംമ്പറില്‍ വത്തിക്കാനില്‍ നടത്തപ്പെടുവാന്‍ പോകുന്ന
മൂലബീജ പഠനത്തെക്കുറിച്ചുള്ള അന്തര്‍ദേശിയ സമ്മേളനത്തിനു മുന്നോടിയായി
ജൂണ്‍ 16-ാം തിയതി വ്യഴാഴ്ച വത്തിക്കാനില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് വത്തിക്കാന്‍ ശാസ്ത്ര അക്കാഡമിയുടെ പ്രതിനിധി, ഫാദര്‍ ത്രാഫ്നി ഇപ്രകാരം പ്രസ്താവിച്ചത്. ‘ശാസ്ത്രവും മനുഷ്യകുലത്തിന്‍റെ ഭാവിയും’ എന്ന വിഷയം കേന്ദ്രീകരിച്ചാണ് സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍‍ അന്തര്‍ദേശിയ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. മനുഷ്യകോശങ്ങളിലെ പുനരുത്പാദന ശേഷിയുള്ള മൂലബീജങ്ങളുടെ (adult stem cells) ശാസ്ത്രീയമായ ഉപയോഗത്തെക്കുറിച്ചും, അവ എപ്രകാരം ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയുക്തമാക്കാമെന്നും സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ഫാദര്‍ ത്രാഫ്നി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മനുഷ്യകുലത്തിന്‍റെ ഭാവി നിര്‍ണ്ണിയിക്കുവാന്‍ കെല്പുള്ള ശാസ്ത്രമേഖലയാണ് വൈദ്യശാസ്ത്രമെന്നും അതിന്‍റെ മനുഷ്യോന്മുഖവും സമൂഹ്യവുമായ സ്വഭാവത്തില്‍ സഭ തല്പരയായതിനാലാണ് ഈ സമ്മേളനം വത്തിക്കാന്‍ സംഘടിപ്പിക്കുന്നതെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ജനനത്തിനു മുന്നേതന്നെ ഡോക്ടറെ കണ്ടുതുടങ്ങുന്ന മനുഷ്യന്‍ ജീവിതഗതിയില്‍ പിന്നെയും എത്രയോ തവണയാണ് വൈദ്യശാസ്ത്രത്തിനും ചികിത്സയ്ക്കും വിധേയനാവുന്നതെന്നു ചിന്തിക്കുമ്പോള്‍, വൈദ്യശാസ്ത്രത്തിന്‍റെ അനിവാര്യത അംഗീകരിക്കേണ്ടതാണെന്നും ഫാദര്‍ ത്രാഫ്നി ചൂണ്ടിക്കാട്ടി.
സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാല്‍ ജിയാന്‍ ഫ്രാങ്കോ റവാസ്സി, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി, NeoStem Life Foundation- ന്‍റെ പ്രസിഡന്‍റ് ഡോ. റോബിന്‍ സ്മിത്ത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. 2011 നവംബര്‍ 9-മുതല്‍ 11-വരെ തിയതികളിലാണ് ഈ അന്തര്‍ദേശിയ സംഗമം വത്തിക്കാനില്‍ നടക്കുവാന്‍ പോകുന്നത്.







All the contents on this site are copyrighted ©.