2011-06-16 17:44:40

മതങ്ങള്‍ സംഘട്ടനത്തിനല്ല
സഹോദര്യത്തിന്


16 ജൂണ്‍ 2011, ജനീവ
നിര്‍ബന്ധിത മതപരിവര്‍ത്തനം മനുഷ്യാവകാശ ലംഘനമെന്ന്, യുഎന്നിലെ വത്തിക്കാന്‍ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു. പാക്കിസ്ഥാന്‍റെ തെക്കാന്‍ പഞ്ചാബ് പ്രവിശ്യയിലുള്ള കത്തോലിക്കാ യുവതി, ഫാരാ ഹാത്തിമിനെ തട്ടിക്കൊണ്ടുപോയ ശേഷം, നിര്‍ബന്ധിച്ച് ഇസ്ലാം മതത്തില്‍ ചേര്‍ക്കുകയും, അപരിചിതനായ യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്ത സംഭവത്തെ അധികരിച്ച് ജൂണ്‍ 16-ാം തിയതി വ്യാഴാഴ്ച വാര്‍ത്താ ഏജെന്‍സികള്‍ക്കു നല്കിയ പ്രസ്താവനയിലാണ് ആര്‍ച്ചുബിഷ്പ്പ തൊമാസി ഇപ്രകാരം പ്രസ്താവിച്ചത്. ഇപ്പോഴും ദൈവദൂഷണക്കുറ്റ നിയമത്തിന്‍റെ നിഴലിലാണ് നിര്‍ദ്ദോഷികളായ ക്രൈസ്തവരുടെമേല്‍ പാക്കിസ്ഥാനില്‍ വ്യാജാരോപണം നടത്തി അവരെ ബന്ധികളാക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി കുറ്റപ്പെടുത്തി. ആഗോളവത്ക്കരണത്തിന്‍റെ യുഗത്തില്‍ സമൂഹങ്ങള്‍ പരസ്പരം അറിയുകയും ആദരിക്കുകയുമാണ് വേണ്ടതെന്നും, സമ്മര്‍ദ്ദമുപയോഗിച്ച് വ്യക്തികളെ പീഡനത്തിന്‍റെ ക്രൂരമായ ചുറ്റുപാടുകളിലെത്തിക്കുന്നത് മനുഷ്യാവകാശത്തിന്‍റെയും മതസ്വാതന്ത്ര്യത്തിന്‍റെയും ലംഘനമാണെന്നും ജനീവയിലെ യുഎന്‍ ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി ആരോപിച്ചു.
മതങ്ങള്‍ സംഘട്ടനങ്ങളുടെയല്ല, മറിച്ച് സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും ആഗോളമൂല്യങ്ങളുടെയും സ്രോതസ്സാണെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി ചൂണ്ടിക്കാട്ടി.
മദ്ധ്യപൂര്‍വ്വ ദേശത്തും വടക്കെ ആഫ്രിക്കയിലും ഉയരുന്ന മനുഷ്യാന്തസ്സിന്‍റെയും മതസ്വാതന്ത്ര്യത്തിന്‍റെയും മുറവിളിയാണ് പാക്കിസ്ഥാനിലും ഉയരുന്നതെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി പ്രസ്താവിച്ചു.
 







All the contents on this site are copyrighted ©.