2011-06-11 14:21:35

സുവിശേഷപരിചിന്തനം
12 ജൂണ്‍ 2011 പെന്തക്കോസ്താ മഹോത്സവം
ലത്തീന്‍ റീത്ത്


യോഹന്നാന്‍ 20, 19- 23.

ക്രിസ്തുവിന്‍റെ ഉത്ഥാനാനന്തരമുള്ള 50-ാം ദിവസം സിഹിയോന്‍ ഊട്ടുശാലയില്‍ കൂടിയിരുന്ന പരിശുദ്ധ കന്യാനാഥയുടെയും അപ്പസ്തോലന്മാരുടെയുംമേല്‍ പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യം അനുഭവവേദ്യമായതിന്‍റെ ഓര്‍മ്മയും സന്തോഷവുമാണ് പെന്തക്കൂസ്താ മഹോത്സവമായി നാം കൊണ്ടാടുന്നത്. പെന്തക്കൂസ്താ എന്ന ഗ്രീക്കു വാക്കിന് 50-ാമത്തെ ദിവസം എന്നര്‍ത്ഥമാണ്. അജപാലന കാരണങ്ങളാലാണ് നാം 50 തെറ്റിച്ച് ഞായറാഴ്ച ദിവസം ഇത് ആഘോഷിക്കുന്നത്.
യഹൂദരുടെ വളരെ പ്രധാനപ്പെട്ടൊരു തിരുനാളിന്‍റെ പേരും ഇതുതന്നെയാണ്, പെന്തക്കൂസ്താ. പഴയ നിയമത്തില്‍, സീനായ് മലയില‍വച്ചു ദൈവം മോശയ്ക്കു പ്രമാണങ്ങള്‍ നല്കിയതിന്‍റെ ഓര്‍മ്മയാണ് അവിടെ ആചരിക്കപ്പെടുന്നത്. കൂടാതെ നല്ല വിളവിനു പ്രതിനന്ദിയായി കല്പിക്കപ്പെട്ടിരിക്കുന്ന കാഴ്ചയപ്പം ദൈവത്തിനു സമര്‍പ്പിക്കുന്ന അവസരം കൂടിയാണ് പെന്തക്കൂസ്ത പെരുന്നാള്‍. ജരൂസലേം പട്ടണത്തിനു ചുറ്റുമുള്ള എല്ലാ ജനങ്ങളും ഈ തിരുനാളില്‍ പങ്കെടുക്കുവാന്‍ ചട്ടപ്രകാരം എത്തിച്ചേരുന്നതിനാല്‍ വലിയ ജനക്കൂട്ടം അന്നു ജരൂസലേമില്‍ സമ്മേളിച്ചിരുന്നു.

പുതിയ നിയമത്തിലെ പെന്തക്കൂസ്തായെപ്പറ്റി ചിന്തിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ പീഡാസഹനത്തിന്‍റെയും മരണത്തിന്‍റെയും അനുഭവങ്ങളെപ്പറ്റിയും ചിന്തിക്കേണ്ടതാണ്.
ക്രിസ്തുവിന്‍റെ ഉത്ഥാനത്തിനു മൂന്നു ദിവസങ്ങള്‍ക്കുശേഷം എമ്മാവൂസിലേയ്ക്കു പോയ ശിഷ്യന്മാരുടെ ചിത്രം ലൂക്കാ സുവിശേഷകന്‍ വരച്ചുകാണിക്കുന്നുണ്ട്. സകല പ്രതീക്ഷകളും തകര്‍ന്നവരായി, ജീവിത ലക്ഷൃം നഷ്ടപ്പെട്ട്,‍ ഇനിയെന്തന്നറിയാതെ, പഴയ ജീവിത വഴികളിലേയ്ക്കു തിരിച്ചുപോകുന്ന നഷ്ടധൈര്യരായിരുന്നു അവര്‍. ജരൂസലേമില്‍നിന്ന് അവര്‍ എമ്മാവൂസിലേയ്ക്കു പുറപ്പെട്ടുപോയി എന്നാണു സുവിശേഷകന്‍ പറയുന്നത്. ജരൂസലേം ദൈവത്തിന്‍റെ ആലയമാണ്. അവിടെനിന്നകന്നുപോയി എന്നു പറയുമ്പോള്‍ ദൈവത്തിന്‍റെ ഭവനത്തില്‍നിന്ന്, ക്രിസ്തുവില്‍നിന്നുതന്നെ അകന്നുപോയി എന്നാണു നാം മനസ്സിലാക്കേണ്ടത്. പക്ഷെ, സഹയാത്രികനെപ്പോലെ അവരുടെ പക്കലെത്തിയ ക്രിസ്തുനാഥന്‍ അപ്പം മുറിച്ചു വളമ്പിയപ്പോള്‍ അവരുടെ കണ്ണുകള്‍ തുറന്നു. എന്നിട്ടും ക്രൂശിതനെ പ്രഘോഷിക്കുവാനുള്ള ശക്തിയും തന്‍റേടവും അവര്‍ക്ക് ഇനിയും ഉണ്ടായിരുന്നുല്ല..

തന്‍റെ പ്രിയ ശിഷ്യന്മാരെ ക്രിസ്തു ഉപദേശിച്ചു, “ഉന്നതത്തില്‍നിന്നു ശക്തി ലഭിക്കുവോളം നഗരത്തില്‍ത്തന്നെ വസിക്കുവിന്‍, എന്‍റെ നാമത്തില്‍ പിതാവയയ്ക്കുന്ന പരിശുദ്ധാത്മാവ് നിങ്ങളെ സകലകാര്യങ്ങളും പഠിപ്പിക്കും. ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളവയെല്ലാം നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.” ക്രിസ്തുവിന്‍റെ വാക്കുകളുടെ പൂര്‍ത്തീകരണമെന്നോണം, അവിടുത്തെ വാഗ്ദാനങ്ങളുടെ അന്തരാര്‍ത്ഥം ശിഷ്യന്മാര്‍ പെന്തക്കൂസ്താ ദിവസത്തില്‍ ഗ്രഹിക്കുകയായിരുന്നു.

ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം നിരാലംബരും നിരാശരുമായി മാറിയവരില്‍, പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യം വരുത്തിയ പരിവര്‍ത്തനം അത്ഭുതാവഹമായിരുന്നുവെന്ന് പിന്നീടുള്ള സംഭവങ്ങള്‍ നമുക്കു വ്യക്തമാക്കിത്തരുന്നുണ്ട്. ഭീരുക്കളും ഭയചകിതരുമായിരുന്ന ശിഷ്യന്മാര്‍ അന്നുമുതല്‍ മരണത്തെപ്പോലും തൃണവല്‍ഗണിച്ചുകൊണ്ട് സുവിശേഷം പ്രഘോഷിക്കാനായി ഇറങ്ങിപ്പുറപ്പെട്ടു. ജരൂസലേമില്‍ അന്നു സമ്മേളിച്ചിരുന്ന ജനങ്ങളുടെ മുഴുവന്‍ ഹൃദയങ്ങളിലും അനുതാപത്തന്‍റെ അലകളുയര്‍ത്തിയ പത്രോസിന്‍റെ പ്രസംഗത്തിനു പ്രത്യുത്തരമായി ജനം ചോദിച്ചു. സഹോദരന്മരേ, ഞങ്ങള്‍ എന്താണു ചെയ്യേണ്ത്?
ഹൃദയപരവര്‍ത്തനവും അതിനനുസൃതമായ ജീവിതവുമാണ് പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തന ഫലങ്ങള്‍. നാം ചെയ്യുന്ന പ്രവൃത്തികള്‍ തെറ്റാണ് അല്ലെങ്കില്‍ തെറ്റിലേയ്ക്കു നയിക്കാന്‍ സാദ്ധ്യതയുള്ളവയാണ് എന്ന ബോദ്ധ്യം നമ്മില്‍ ജനിപ്പിക്കുന്നതും അതില്‍നിന്നു പിന്തിരിയാന്‍ ശക്തി നല്കുന്നതും പരിശുദ്ധാത്മാവാണ്. ഇതുതന്നെയാണ് യോഹന്നാന്‍ സുവിശേഷകന്‍ പറയുന്നത്. അവിടുന്നു വന്നു കഴിയുമ്പോള്‍ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു താക്കീതു നല്കും. യോഹ. 16, 8. പരിശുദ്ധാത്മാവിന്‍റെ ലോകത്തിലെ പ്രവര്‍ത്തനങ്ങളുടെ രത്നച്ചുരുക്കമാണ് സുവിശേഷകന്‍ ഇവിടെ നമുക്കു ചൂണ്ടിക്കാണിച്ചു തരുന്നത്. ഒന്നാമതായി പരിശുദ്ധാത്മാവു പാപത്തെക്കുറിച്ച് മനുഷ്യനെ ബോദ്ധ്യപ്പെടുത്തുകയും കുറ്റം വിധിക്കുകയും ചെയ്യും. പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചപ്പോള്‍, പത്രോസിന്‍റെ ഒരൊറ്റ പ്രസംഗംകൊണ്ടുതന്നെ അവരില്‍ മൂവായിരത്തോളം പേരുടെ ഹൃദയങ്ങളില്‍ അനുതാപത്തിന്‍റെ ആവേശം ആളിക്കത്തി. ഭരണാധികാരികളും യഹൂദജനതയും ക്രിസ്തുവിനോട് കാണിച്ച നയം നീതിപൂര്‍വ്വകമല്ലെന്ന് പരിശുദ്ധാരൂപി ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്നു. ഈ ബോദ്ധ്യത്തില്‍നിന്നാണ് ക്രിസ്തുവിന്‍റെ സുവിശേഷം പ്രഘോഷിക്കുവാനുള്ള മനക്കരുത്ത് അപ്പസ്തോലന്മാരില്‍ വളരുന്നതെന്നും മനസ്സിലാക്കണം.

ആത്യന്തികമായി ഈ ലോകത്ത് തിന്മ വിജയിക്കുവാന്‍ സാദ്ധ്യമല്ലെന്ന ബോദ്ധ്യം, ന്യായവിധികയെക്കുറിച്ചുള്ള ബോദ്ധ്യം, നമുക്കു പ്രദാനംചെയ്യുന്നതു പരിശുദ്ധാത്മാവാണ്. കാരണം, ക്രിസ്തു തന്‍റെ കുരിശുമരണംവഴി തിന്മയെ വിധിക്കുകയും പരാജയപ്പെടുത്തുകയും ചെയ്തു. ദൈവത്തിന്‍റെ ന്യായാസനത്തിങ്കല്‍ അധര്‍മ്മത്തിനു നിലനില്പില്ല. ഈ സത്യം പരിശുദ്ധാത്മാവ് മനുഷ്യഹൃദയങ്ങളില്‍ രൂഢമൂലമാക്കുന്നു. ഇതില്‍നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത്, ക്രിസ്തുവിന്‍റെ കുരിശു നമ്മുടെ പാപങ്ങള്‍ മായിച്ചുകളയുമെന്നും, അവിടുത്തെ കുരിശിനാല്‍ നമുക്കു മാപ്പു ലഭിക്കുമെന്നും നിത്യമായ വിധിയില്‍നിന്നും നാം രക്ഷപ്പെടുമെന്നുമുള്ള ഉറച്ച വിശ്വാസമാണ്.

ഈ പെന്തക്കൂസ്താ തിരുനാളില്‍ നമുക്കു പ്രാര്‍ത്ഥിക്കാം. ക്രൂശിതനും ലോകരക്ഷകനുമായ ക്രിസ്തുവിനെ, നമുക്കു കാണിച്ചു തരണമേ, എന്ന്. ജ്ഞാനസ്നാനത്തിലെ പരിശുദ്ധാത്മാവിനെ നാം സ്വീകരിച്ചതാണ്. സ്ഥൈര്യലേപനത്തിലൂടെ സ്വന്തം ജീവനെ ഉപേക്ഷിച്ചുപോലും വിശ്വാസം പ്രഘോഷിക്കുന്നതിനുള്ള വിശ്വാസ ദൃഢത നാം ഏറ്റുപറഞ്ഞതാണ്. വീരോചിതമായ വിശ്വാസപ്രഖ്യാപനംകൊണ്ട് ശത്രുക്കളെപ്പോലും അമ്പരപ്പിച്ചിട്ടുള്ള വിശ്വാസം നാം വിശുദ്ധാത്മാക്കളില്‍ ദര്‍ശിക്കുന്നുണ്ട്. പരിശുദ്ധാത്മാവിന്‍റെ ശക്തിയാലും സാന്നിദ്ധ്യത്താലുമാണ് അതവര്‍ക്കു സാധിച്ചത്. നമ്മുടെ ജീവിത സാഹചര്യങ്ങളിലെ ഏതു പരീക്ഷണത്തിലും അവയെ ചെറുത്തു നില്കുവാനുള്ള ശക്തിയും ധൈര്യവും പകര്‍ന്നുതരേണ്ടതും പരിശുദ്ധാത്മാവു തന്നെയാണ്. ക്രിസ്തുവിനെ കുരിശില്‍ തറച്ച അതേ ലോകത്തിനു മുമ്പില്‍ അവിടുത്തെ സാക്ഷികളാകുകയെന്ന അപകടപൂര്‍ണ്ണവും ദുഷ്ക്കരവുമായ ദൗത്യമായിരുന്നു അപ്പസ്തോലന്മാരുടേത്.... ഇന്നു നമ്മുടേത്.

കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഈ സഹസ്രാബ്ദത്തിലെ വലിയ സംഭവമായിരുന്നു രണ്ടാം വത്തിക്കാന്‍ സൂനഹദോസ്. ആ മഹാസമ്മേളനം ആരംഭിച്ചത് പരിശുദ്ധ ദൈവമാതാവും ശ്ലീഹന്മാരും പരിശുദ്ധാത്മാവിനെ പ്രതീക്ഷിച്ചുകൊണ്ടു പ്രാര്‍ത്ഥനാനിരതരായി കഴിഞ്ഞുകൂടിയ പെന്തക്കൂസ്തായെ അനുസ്മരിച്ചുകൊണ്ടായിരുന്നു. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം രേഖപ്പെടുത്തുന്നതുപോലെ, “എന്നേയ്ക്കും നിങ്ങളുടെ കൂടെയായിരിക്കുവാന്‍ മറ്റൊരു സഹായകനെ നിങ്ങള്‍ക്കു ഞാന്‍ തരും.” ഈ തിരുവചനങ്ങള്‍ പെന്തക്കൂസ്താ ദിനത്തില്‍ അന്വര്‍ത്ഥമായി. ബലഹീനത മാത്രം കൈമുതലായുണ്ടായിരുന്ന അപ്പസ്തോലന്മാര്‍ അമാനുഷിക സിദ്ധികള്‍കൊണ്ടു നിറയുകയും തിരുസ്സഭ അന്നു ജന്മംകൊള്ളുകയും ചെയ്തു. ഈ വസ്തുത മുന്നില്‍ കണ്ടുകൊണ്ടാണ് ജോണ്‍ 23-ാമന്‍ മാര്‍പാപ്പ രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെ മറ്റൊരു പെന്തക്കൂസ്തായെന്നു വിശേഷിപ്പിച്ചത്. കൗണ്‍സിലിന്‍റെ ഫലങ്ങളില്‍നിന്നും നമുക്കറിയാം അത് മറ്റൊരു പെന്തക്കൂസ്താ തന്നെ ആയിരുന്നുവെന്ന്.

പെന്തക്കൂസ്താ ചൈതന്യം ഇന്നും സഭയ്ക്കും നമുക്കോരോരുത്തര്‍ക്കും ആവശ്യമാണ്. പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങള്‍ നമുക്കാവശ്യമാണ്.
പരമ്പരാഗതമായി സഭ നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ, പരിശുദ്ധാത്മാവിന്‍റെ
7 വരദാനങ്ങള്‍ നാം സ്വീകരിക്കുമെന്ന്. മനുഷ്യന്‍റെ കരുത്തായി നാം സാധാരണ കാണുന്ന കുലമഹിമയോ, നയതന്ത്ര വൈദഗ്ദ്ധ്യമോ, പാണ്ഡിത്യമോ.. ഒന്നും കൈമുതലായിട്ട് ഉണ്ടിയിരുന്നില്ലെങ്കിലും ശിഷ്യന്മാരുടെ ദൗത്യം നൂറു ശതമാനവും വളരുകയും വിജയിക്കുന്നതുമായിട്ട് നാം കാണുന്നു. ദൈവാരൂപിക്ക് അവര്‍ പൂര്‍ണ്ണമായി വിധേയരായിരുന്നു എന്നതില്‍ക്കവിഞ്ഞ കാരണമൊന്നും ഇവിടെ കണ്ടെത്താനാവില്ല. ക്രിസ്തീയ വിശ്വാസത്തില്‍ ഇനിയും നാം വളരണമെങ്കില്‍, ദൈവസ്നേഹത്തിലും സഹോദര സ്നേഹത്തിലും നാം പുരോഗമിക്കണമെങ്കില്‍ പരിശുദ്ധാത്മാവിന്‍റെ സഹായം ആവശ്യമാണ്. അവിടുത്തെ വരാദാനങ്ങള്‍ നമ്മില്‍ നിറയേണ്ടതുണ്ട്.. അപ്പസ്തോലന്മാര്‍ക്കു ധൈര്യവും ശക്തിയും പ്രദാനംചെയ്ത പരിശുദ്ധാത്മാവു് അവിടുത്തെ ഏഴുദാനങ്ങളും അന്നെന്നപോലെ ഇന്നും ഞങ്ങളിലും ഞങ്ങളുടെ കുടുംബങ്ങളിലും അങ്ങെ സഭയിലും വര്‍ഷിക്കണമേ എന്നു പ്രാര്‍ത്ഥിക്കാം. End







All the contents on this site are copyrighted ©.