2011-06-09 20:11:45

“സമൂഹജീവിതത്തിന്‍റെ ആത്മീയമാനം മറന്നുപോകരുത്.”
- മാര്‍പാപ്പ


9 ജൂണ്‍ 2011, വത്തിക്കാന്‍
വത്തിക്കാനിലേയ്ക്കുള്ള ആറു പുതിയ രാഷ്ട്രപ്രതിനിധികളെ ബനഡിക്ട്
16-ാമന്‍ മാര്‍പാപ്പ പൊതുകൂടിക്കാഴ്ചയില്‍ സ്വീകരിച്ചു.
സീറിയാ, ഖാനാ, ഗ്വീനിയാ, മാല്‍ഡോവാ, ബലീസ്സ്, ന്യൂസിലാന്‍റ് എന്നീ രാഷ്ട്രങ്ങളുടെ സ്ഥാനപതികളെയാണ് മാര്‍പാപ്പ ജൂണ്‍ 9-ാം തിയതി വ്യാഴാഴ്ച രാവിലെ തന്‍റെ അപ്പസ്തോലിക അരമനയില്‍ സ്വീകരിച്ചത്. പൊതുകൂടിക്കാഴ്ചയില്‍ തന്‍റെ സന്ദേശം പങ്കുവച്ച മാര്‍പാപ്പ, അവരെ വ്യക്തിപരമായ കൂടിക്കാഴ്ചയിലും സ്വീകരിക്കുകയുണ്ടായി. ഇന്ന് ഏറെ സാമൂഹ്യ-രാഷ്ടീയ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന സീറിയായിലെ ജനങ്ങളുടെ വ്യക്തിപരവും സാമൂഹ്യവുമായ അവകാശങ്ങള്‍ മാനിക്കപ്പെടേണ്ടതാണെന്ന് മാര്‍പാപ്പ ആഹ്വാനംചെയ്തു. സീറിയായുടെ വത്തിക്കാനിലേയ്ക്കുള്ള പുതിയ സ്ഥാനപതി എഡിന്‍ ഹുസ്സൈന്‍ ആലായുടെ സ്ഥാനികപത്രികകള്‍ സ്വീകരിച്ചുകൊണട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
കഴിഞ്ഞ ഏതാനും മാസങ്ങളില്‍ സീറിയാപോലുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അരങ്ങേറിയ രാഷ്ടീയ കോലാഹലങ്ങള്‍ മനുഷ്യാവകാശത്തിനും മതസ്വാതന്ത്യത്തിനും സാമ്പത്തിക പുരോഗതിക്കുംവേണ്ടിയുള്ള ജനങ്ങളുടെ മുറവിളിയാണെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. രാഷ്ട്രത്തിന്‍റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ മേഖലകളില്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കു ചെയ്യുവാന്‍ സാധിക്കുന്ന വസ്തുനിഷ്ഠമായ കാര്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച മാര്‍പാപ്പ, ഇതര മതസ്തരുമായി അവര്‍ സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും ബന്ധം വളര്‍ത്തണമെന്നും അനുസ്മരിപ്പിച്ചു.
സീറിയായിലും ഇതര മദ്ധ്യപൂര്‍വ്വ പ്രദേശങ്ങളിലും സമാധാനം കൈവരിക്കുവാന്‍ സ്ഥായിയായ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടത് അതാത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും മാര്‍പാപ്പ പ്രസ്താവിച്ചു.
.
ദൈവം മനുഷ്യനെ ഭരമേല്പിച്ചിരിക്കുന്ന ഈ പ്രപഞ്ചത്തെ പൂര്‍ണ്ണമായും സാങ്കേതികതയ്ക്ക് കീഴ്പ്പെടുത്തിക്കൊണ്ട് നശിപ്പിക്കരുതെന്ന് മാര്‍പാപ്പ പൊതുകൂടിക്കാഴ്ചയില്‍ രാഷ്ട്രപ്രതിനിധികളെ അനുസ്മരിപ്പിച്ചു. സാങ്കേതിക പുരോഗതി മനുഷ്യജീവനെയും ധാര്‍മ്മികതയെയും പരിസ്ഥിതിയെയും മാനിക്കുന്നതായിരിക്കണമെന്നും,
ഉപയോഗത്തില്‍ മനുഷ്യനന്മയും ജീവനും സംരക്ഷിക്കപ്പെടുന്ന വിധത്തില്‍ അതിനെ വളര്‍ത്തുകയും ഉപയോഗിക്കുകയും വളര്‍ത്തേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചും മാര്‍പാപ്പ അനുസ്മരിപ്പിച്ചു. സമൂഹ ജീവിതത്തിന്‍റെ ആത്മീയമാനം മറന്നു പോകരുതെന്ന് മാര്‍പാപ്പ രാഷ്ട്രപ്രതിനിധികളോട് പ്രത്യേകം ആഹ്വാനംചെയ്തു. മതസ്വാതന്ത്ര്യത്തിലൂടെ സഹവര്‍ത്തിത്വത്തിന്‍റെയും സമാധാനത്തിന്‍റെയും അന്തരീക്ഷത്തിലേയ്ക്ക് തങ്ങളുടെ ജനങ്ങളെ നയിക്കേണ്ട കടമ രാഷ്ട്ര നേതാക്കളുടേതാക്കള്‍ക്കുണ്ടെന്നും പാപ്പ തന്‍റെ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു. സീറിയായുടെ സ്ഥാനപതിയെ തുര്‍ന്ന്, പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ ഗ്വിനിയായുടെയും ഖാനായുടെയും പുതിയ അംബാസിഡര്‍മാരെയും,
കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മാള്‍ഡോവാ റിപ്പബ്ളിക്കിന്‍റെയും, മദ്ധ്യ-അമേരിക്കന്‍ രാജ്യമായ ബലീസ്സിന്‍റെയും തെക്കു പടിഞ്ഞാറന്‍ ശാന്തസമുദ്ര ദ്വീപുരാജ്യമായ ന്വീസിലാണ്ടിന്‍റെയും പുതിയ അംബാസിഡര്‍മാര്‍ മാര്‍പാപ്പയുമായി വ്യക്തിഗത കൂടിക്കാഴ്ച നടത്തിയശേഷം അവരുടെ സ്ഥാനിക പത്രികകള്‍ സമര്‍പ്പിക്കുകയും ചെയ്തു.







All the contents on this site are copyrighted ©.