2011-06-08 18:31:45

മാര്‍പാപ്പയുടെ സന്ദര്‍ശനം
ആത്മീയ ഉണര്‍വിന്‍റെ വസന്തം


8 ജൂണ്‍ 2011, റോം
പരിവര്‍ത്തന വിധേയമാകുന്ന ക്രൊയേഷ്യയ്ക്ക് മാര്‍പാപ്പയുടെ സന്ദര്‍ശനം
പ്രത്യാശാവഹമായിരുന്നുവെന്ന് ആര്‍ച്ചുബിഷ്പ്പ് നിക്കോളെ എത്തെരോവിച്ച്, മെത്രാന്മാരുടെ സിനഡിന്‍റെ സെക്രട്ടറി ജനറല്‍ വിവരിച്ചു.
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ക്രൊയേഷ്യാ അപ്പസ്തോലിക
പര്യടന സംഘത്തില്‍ അംഗമായിരുന്ന ആര്‍ച്ചുബിഷപ്പ് എത്തെരോവിച്ച്
ജൂണ്‍ 7-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ ദിനപത്രമായ ഒസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. പതിറ്റാണ്ടുകളായി യുദ്ധത്തിന്‍റെയും കമ്യൂണിസ്റ്റ് ഭരണത്തിന്‍റെയും പിടിയിലമര്‍ന്നിരുന്ന ക്രൊയേഷ്യായ്ക്ക് മാര്‍പാപ്പായുടെ സന്ദര്‍ശനം ആത്മീയ ഉണര്‍വ്വിന്‍റെയും ഉന്മേഷത്തിന്‍റെയും വസന്തമായെന്ന് ആര്‍ച്ചുബിഷപ്പ് എത്തെരോവിച്ച് വിശേഷിപ്പിച്ചു. മാര്‍പാപ്പയെ വരവേല്ക്കാനെത്തിയ യുവജനങ്ങളുടെയും ജനലക്ഷങ്ങളുടെയും സാന്നിദ്ധ്യം ക്രിസ്തീയതയുടെ മൂലങ്ങളിലേയ്ക്ക് തിരിച്ചുപോകുവാനുള്ള ക്രൊയേഷ്യയുടെ കുതിപ്പ് പ്രകടമാക്കുന്നതായിരുന്നുവെന്ന് ക്രൊയേഷ്യക്കാരനായ ആര്‍ച്ചുബിഷപ്പ് എത്തെരോവിച്ച് ചൂണ്ടിക്കാട്ടി. മാര്‍പാപ്പയുടെ ദ്വിദിന പരിപാടികളില്‍, ആദ്യദിനത്തില്‍ നടന്ന വിവിധ മതനേതാക്കളും സാംസ്കാരിക പ്രതിനിധികളുമായുള്ള സമ്മേളനം, തലസ്ഥാന നഗരിയില്‍ യുവാക്കള്‍ക്കൊപ്പം നടത്തപ്പെട്ട ജാഗരപ്രാര്‍ത്ഥന, രണ്ടാം ദിവസം സാഗ്രേബിലെ ഹിപ്പോഡ്രോം മൈതാനിയില്‍ കുടുംബങ്ങള്‍ക്കൊപ്പം നടത്തപ്പെട്ട സമൂഹബലി, കത്തീഡ്രല്‍ ദേവാലയത്തില്‍ സംഘടിപ്പിച്ച മെത്രാന്മാരും വൈദികരും സന്ന്യസ്തരും വൈദിക വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച എന്നിവയായിരുന്നു ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ക്രൊയേഷ്യ സന്ദര്‍ശനത്തിലെ ശ്രദ്ധേയവും ഫലപ്രദവുമായ സംഭവങ്ങളെന്ന് ആര്‍ച്ചുബിഷപ്പ് എത്തെരോവിച്ച് പ്രസ്താവിച്ചു.







All the contents on this site are copyrighted ©.