2011-06-07 15:00:42

സഭയിലെ യുവജനങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അപ്പസ്തോലര്‍ - ആര്‍ച്ച് ബിഷപ്പ് ചുള്ളിക്കാട്ട്


07 ജൂണ്‍ 2011, ന്യൂയോര്‍ക്ക്
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അപ്പസ്തോലരാണ് സഭയിലെ യുവജനങ്ങളെന്ന് ആര്‍ച്ച് ബിഷപ്പ് ചുള്ളിക്കാട്ട്. ഐക്യരാഷ്ട്രസംഘടനയിലേക്കുള്ള പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകസംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ മൂന്നാം തിയതി വെള്ളിയാഴ്ച ഐക്യരാഷ്ട്രസംഘടനയുടെ ന്യൂയോര്‍ക്കിലുള്ള ആസ്ഥാനമന്ദിരത്തില്‍ സംഘടിപ്പിച്ച യുവജനസംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സീസ് അസ്സീസി ചുള്ളിക്കാട്ട്. ക്രൈസ്തവജീവിതം നയിക്കുന്നതിനും വിശ്വാസത്തില്‍ വളരുവാനും ധൈര്യപൂര്‍വ്വം കര്‍ത്താവിനു സാക്ഷൃം നല്‍കാനും പരസ്പരം സഹായിക്കാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്ത ആര്‍ച്ച് ബിഷപ്പ് ലോകം പഴയതും കാലഹരണപ്പെട്ടതുമെന്നു കരുതുന്ന പരമ്പരാഗത ക്രൈസ്തവ മൂല്യങ്ങളില്‍ യുവജനങ്ങള്‍ ഉത്സാഹം പ്രകടമാക്കുമ്പോള്‍ തീര്‍ച്ചയായും ലോകമവരെ ശ്രദ്ധിക്കുമെന്നും പറഞ്ഞു. 2010 ഓഗസ്റ്റ് മാസത്തില്‍ ലോകയുവജനപാര്‍ലമ‍െന്‍റ് ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്ത് അവതരിപ്പിച്ച ഒരു നവസംസ്ക്കാരത്തിനു വേണ്ടിയുള്ള മൂല്യങ്ങളുടെ മാഗ്നാകാര്‍ത്താ സഭാ – സാമൂഹ്യ – രാഷ്ട്രീയ മണ്ഡലങ്ങളില്‍ ചലനങ്ങളുണ്ടാക്കിയെന്നു പരാമര്‍ശിച്ച ആര്‍ച്ച് ബിഷപ്പ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുകാര്യദര്‍ശി ബാന്‍കിമൂണ്‍ യുവജനവര്‍ഷാരംഭത്തില്‍ നല്‍കിയ സന്ദേശത്തില്‍ പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ പ്രവര്‍ത്തനമേഖലകളില്‍ യുവജനങ്ങള്‍ക്ക് സജീവപങ്കാളിത്തം നല്‍കണമെന്ന അഭ്യര്‍ത്ഥനയും അനുസ്മരിച്ചു,
സമാധാനത്തിലേക്കുള്ള പാത പാത്ത് റ്റു പീസ് സ്ഥാപനം, ലോക യുവജന പാര്‍ലമെന്‍റ് , ഇദെന്തെ യുവജന സംഘടന തുടങ്ങിയ കത്തോലിക്കാ പ്രസ്ഥാനങ്ങളും ന്യൂയോര്‍ക്ക് അതിരൂപതയും സഹകരിച്ച് തയ്യാറാക്കിയ യുവജനസംഗമത്തില്‍ അഞ്ഞൂറിലേറെ യുവജനങ്ങളാണ് പങ്കെടുത്തത്. സംഗമത്തില്‍ മരണസംസ്ക്കാരത്തിന്‍റെ മധ്യേ ജീവന്‍റെയും പ്രത്യാശയുടേയും സംസ്ക്കാരം വളര്‍ത്തുന്നതിന് മികച്ച ആശയങ്ങള്‍ അവതരിപ്പിക്കുന്ന യുവജനങ്ങള്‍ക്കു വേണ്ടിയുള്ള ഫെര്‍ണാഡോ റിയലോ സമ്മാനത്തിന്‍റെ വിജയികളേയും പ്രഖ്യാപിച്ചു. ജീവന്‍റെ സംസ്ക്കാരം പ്രചരിപ്പിക്കുന്ന വീഡിയോ തയ്യാറാക്കിയ ഒരു സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയും ഒരു ഗാനം രചിച്ച കോളേജി വിദ്യാര്‍ത്ഥിയുമാണ് സമ്മാനത്തിന് അര്‍ഹരായത്. പ്രശസ്ത പോര്‍ട്ടോ റിക്കോ ഗായകന്‍ ഹോസെ ഫെലിസ്യാനോ യുവജങ്ങള്‍ക്കുവേണ്ടി ഗാനാലാപനം നടത്തുകയും തുടര്‍ന്ന് അവരോട് ജീവിത മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു,







All the contents on this site are copyrighted ©.