2011-06-02 17:19:47

വിനിമയ ശ്രൃംഖലയില്‍
മാനിക്കപ്പെടേണ്ട മനുഷ്യാന്തസ്സ്


2 ജൂണ്‍ 2011, വത്തിക്കാന്‍
ആധുനിക മാധ്യമശ്രൃംഖലയില്‍ മനുഷ്യാന്തസ്സ് മാനിക്കപ്പെടണമെന്ന്,
ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി അഭ്യര്‍ത്ഥിച്ചു. ജൂണ്‍ 1, തിയതി ബുധനാഴ്ച അയര്‍ലണ്ടിലെ മെത്രാന്‍ സമിതിയുടെ പ്രസിദ്ധീകരണമായ, ഇന്‍റെര്‍ക്കോം മാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഇപ്രാകാരം പ്രസ്താവിച്ചത്. ആധുനിക മാധ്യമ ശ്രൃംഘലയിലൂടെ നാം ആര്‍ജ്ജിക്കുന്ന ബന്ധങ്ങള്‍ ഉപരിപ്ലവമാകുന്നുണ്ടെന്നും വ്യക്തിബന്ധങ്ങളുടെ ധാര്‍മ്മിക മേന്മ കുറഞ്ഞുപോകുന്നുണ്ടെന്നും, ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.
ഇന്ന് യുവാക്കള്‍ ഏറെ മുഴുകിയിരിക്കുന്ന മാധ്യമലോകം അറിവിന്‍റെ നൂതന ശ്രേണി തുറന്നുതരുമ്പോള്‍ത്തന്നെ, ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും സാമൂഹ്യകൂട്ടായ്മയില്‍നിന്നും അവരെ ഒറ്റപ്പെടുത്തുന്ന അവസ്ഥാവിശേഷം സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ഫാദര്‍ ലൊമ്പാര്‍ഡി വിശദീകരിച്ചു.
ജൂണ്‍ 5-ാം തിയതി ഞായറാഴ്ച യൂറോപ്പിലും ഇതര രാജ്യങ്ങളിലും ആചരിക്കുന്ന സമൂഹ്യസമ്പര്‍ക്ക മാധ്യമദിനത്തോടനുബന്ധിച്ച് ബനഡിക്ട്
16-ാമന്‍ മാര്‍പാപ്പ പുറത്തിറക്കിയ സന്ദേശത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇപ്രകാരം പ്രസ്താവിച്ചത്.
സത്യത്തിന്‍റെ പ്രഘോഷണവും ജീവന്‍റെ ആധികാരികതയും ഈ ഡിജിറ്റല്‍ യുഗത്തില്‍ - എന്ന ശീര്‍ഷകത്തിലാണ് മാര്‍പാപ്പ 2011-ാമാണ്ടിലെ മാധ്യമദിന സന്ദേശം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അജപാലന സൗകര്യാര്‍ത്ഥം ഭാരതസഭയില്‍ നവംമ്പര്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് മാധ്യമദിനം ആചരിക്കപ്പെടുന്നത്
 







All the contents on this site are copyrighted ©.