2011-06-01 20:00:54

സന്യാസ സഭകള്‍ - ദൈവീകദാനം
സഭയുടെ മുതല്‍ക്കൂട്ട്


1 ജൂണ്‍ 2011, റോം
സന്യാസവ്രതങ്ങള്‍ ദൈവവിളിയോടുള്ള സ്വതന്ത്രമായ പ്രത്യുത്തരമെന്ന്,
ആര്‍ച്ചുബിഷപ്പ് ജോ ബ്രാസ് ഡാ-വിസ്, അര്‍പ്പിത ജീവിത സമൂഹങ്ങള്‍ക്കും അപ്പസ്തോലിക ജീവിതത്തിനുംവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് പ്രസ്താവിച്ചു. സഭാജീവിതത്തില്‍ സന്യാസജീവിതത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് മെയ് 31-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് ജോ ഡാ-വിസ് ഇപ്രകാരം പ്രസ്താവിച്ചത്. സുവിശേഷത്തിലധിഷ്ഠിതമായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന ലക്ഷൃങ്ങളുമായി വളര്‍ന്നുവന്നിട്ടുള്ള സന്യാസ സമൂഹങ്ങള്‍ ദൈവത്തിന്‍റെ ദാനവും സഭയുടെ മുതല്‍ക്കൂട്ടുമാണെന്ന് ആര്‍ച്ചുബിഷപ്പ് ഡാ-വിസ് വിശേഷിപ്പിച്ചു. സന്യാസവ്രതങ്ങള്‍ കല്പിക്കാവുന്നതോ അടിച്ചേല്പിക്കാവുന്നതോ അല്ലെന്നും, വ്യക്തികള്‍ അവരുടെ വിളിയോട് സത്യസന്ധമായും സ്വതന്ത്രമായും പ്രതികരിക്കുമ്പോള്‍ മാത്രമാണ് ആഴമായ സുവിശേഷ ചൈതന്യത്തില്‍ അവര്‍ വളരുന്നതെന്നും ആര്‍ച്ചുബിഷ്പ്പ് ഡാ-വിസ് ചൂണ്ടിക്കാട്ടി. വിശുദ്ധരായ സഭാസ്ഥാപകര്‍ പകര്‍ന്നു നല്കിയ ചൈതന്യത്തോടെ സന്യസ്തര്‍ ജീവിക്കുന്നത് സഭയുടെ ഉണര്‍വിന്‍റെയും ഓജസ്സിന്‍റെയും പ്രതീകമാണെന്നും ആര്‍ച്ചുബിഷപ്പ് ജോ ഡാ-വിസ് അഭിമുഖത്തില്‍ പ്രസ്താവിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം സഭയില്‍ തുടക്കമിട്ട മേലധികാരികളുടെ കൂട്ടായ്മയിലൂടെ USG Union of Superiors Generals, വ്യക്തിഗത സഭകള്‍ തനിമയാര്‍ന്ന സ്ഥാപക-ചൈതന്യത്തില്‍ ഉറച്ചു നില്ക്കുമ്പോഴും ജീവിതസാക്ഷൃത്തില്‍ ഏകീകൃതമായ ശൈലിയില്‍ മുന്നോട്ടു പോകുവാനും, സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ജോ ഡാ-വിസ് അഭിമുഖത്തില്‍ വ്യക്തമാക്കി.







All the contents on this site are copyrighted ©.