2011-06-01 19:41:24

പാപ്പായുടെ ക്രൊയേഷ്യാ സന്ദര്‍ശനം
ആത്മീയ ഉണര്‍വിന്‍റെ സമയം


1 ജൂണ്‍ 2011, ബോസ്നിയ
മാര്‍പാപ്പയുടെ ക്രൊയേഷ്യാ സന്ദര്‍ശനം ആത്മീയ ഉണര്‍വിന്‍റെ സമയമെന്ന് കര്‍ദ്ദിനാള്‍ വീങ്കോ പുലീച്ച് ബോസ്നിയായിലെ സര്‍ജോവോ അതിരൂപതാദ്ധ്യക്ഷന്‍ പ്രസ്താവിച്ചു. മെയ് 31-ാം തിയതി ചൊവ്വാഴ്ച മജുഗോരെ റേഡിയോയ്ക്ക് (mir) നല്കിയ അഭിമുഖത്തിലാണ് കാര്‍ദ്ദിനാള്‍ പൂലിച്ച് ഇപ്രകാരം പ്രസ്താവിച്ചത്. നിഷേധാത്മകത്വത്തിന്‍റെ ഇക്കാലഘട്ടത്തില്‍ ക്രിസ്തുവിലൊന്നായ്... together in Christ എന്ന ശീര്‍ഷകത്തില്‍ ക്രൊയേഷ്യായിലെ കത്തോലിക്കാ കുടുംബങ്ങളുടെ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ എത്തിച്ചേരുന്നത് ജനങ്ങളുടെ വിശ്വാസ ജീവിതത്തില്‍ ഉണര്‍വ്വും ഉന്മേഷവും പകരുമെന്ന് കര്‍ദ്ദിനാള്‍ പുലീച്ച് പ്രസ്താവിച്ചു. മാര്‍പാപ്പയുടെ ക്രൊയേഷ്യാ സന്ദര്‍ശന പരിപാടികളില്‍, പ്രത്യേകിച്ച് ജൂണ്‍ 4-ാം തിയതി ശനിയാഴ്ചയിലെ ജാഗര പ്രാര്‍ത്ഥനയിലും 5-ാം തിയതി ഞായറാഴ്ച രാവിലെയുള്ള ദിവ്യബലിയിലും പങ്കെടുക്കുന്നതിന് ബോസിനിയായില്‍നിന്നും ആയിരങ്ങള്‍ റോഡുമാര്‍ഗ്ഗം എത്തുമെന്നും, അതിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കര്‍ദ്ദിനാള്‍ പുലീച്ച് അറിയിച്ചു. ധാര്‍മ്മികത ക്ഷയിച്ചുകൊണ്ടിരിക്കുന്നൊരു ലോകത്ത് പാപ്പായുടെ സന്ദര്‍ശനം ക്രിസ്തുസ്നേഹത്തിന്‍റെ പ്രത്യാശ വിരിയിക്കട്ടെയെന്ന് അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ പുളീച്ച് ആശംസിക്കുകയും ചെയ്തു.







All the contents on this site are copyrighted ©.