2011-05-31 15:20:38

യെമനില്‍ നടക്കുന്നത് ഗുരുതരമായ മനുഷ്യാവകാശലംഘനമെന്ന് ഐക്യരാഷ്ടസംഘടനയുടെ മനുഷ്യാവകാശസംരക്ഷണ സമിതി


31 മെയ് 2011, ജനീവ, സ്വിസ്റ്റര്‍ലണ്ട്
യെമെനില്‍ സാധാരണ പൗരന്‍മാര്‍ക്കെതിരേ നടക്കുന്ന അക്രമത്തെ ഐക്യരാഷ്ടസംഘടനയുടെ മനുഷ്യാവകാശസംരക്ഷണ സമിതിയുടെ ഉന്നതാധികാരി നവി പിള്ള അപലപിച്ചു. മുപ്പത്തിയൊന്നാം തിയതി ചൊവ്വാഴ്ച ജനീവയില്‍ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ ഉന്നതതല യോഗത്തിലാണ് യെമനിലെ ഭരണകൂടം സര്‍ക്കാരിനെതിരേ നടക്കുന്ന പൊതുജനപ്രക്ഷോഭം ആയുധമുപയോഗിച്ച് അടിച്ചമര്‍ത്തുന്നതിനെതിരേ ഐക്യരാഷ്ടസംഘടനയുടെ മനുഷ്യാവകാശസംരക്ഷണ സമിതിയുടെ ഉന്നതാധികാരി ശബ്ദമുയര്‍ത്തിയത്. തെയിസ് പട്ടണത്തില്‍ പട്ടാളം നടത്തിയ ആക്രമണത്തില്‍ ഞായറാഴ്ച മുതല്‍ കൊല്ലപ്പെട്ടവര്‍ അന്‍പതിലധികമാണെന്ന് അവര്‍ സൂചിപ്പിച്ചു, രക്തച്ചൊരിച്ചില്‍ അവസാനിപ്പിച്ചുകൊണ്ട് സംഘര്‍ഷത്തിന് സമാധാനപൂര്‍ണ്ണമായ പരിഹാരം കാണണമെന്ന് നവി പിള്ളെ അന്നാട്ടിലെ എല്ലാ രാഷ്ട്രീയ കക്ഷികളോടും അഭ്യര്‍ത്ഥിച്ചു.
മുപ്പതാം തിയതി തിങ്കളാഴ്ച ജനീവയില്‍ നടന്ന മറ്റൊരു ഉന്നത തലയോഗത്തില്‍ അറേബ്യന്‍ രാജ്യങ്ങള്‍ ജനാധിപത്യത്തിലേക്ക് സുസ്ഥിരമായ പരിവര്‍ത്തനം ഉറപ്പുവരുത്തേണ്ടത് ആവശ്യമാണെന്ന് ഐക്യരാഷ്ടസംഘടനയുടെ മനുഷ്യാവകാശസംരക്ഷണ സമിതിയുടെ ഉന്നതാധികാരി നവി പിള്ള പ്രസ്താവിച്ചിരുന്നു. മധ്യപൂര്‍വ്വദേശത്തെ ചില രാജ്യങ്ങളും ചില ആഫ്രിക്കന്‍ രാജ്യങ്ങളും ജനാധിപത്യ ഭരണത്തിലേക്കു കാലെടുത്തുവച്ചത് പ്രതീക്ഷാര്‍ഹമായ പരിവര്‍ത്തനമാണെന്നു ചൂണ്ടിക്കാട്ടിയ നവിപിള്ളെ, അനുയോജ്യമായ നൈയ്യാമീക മാറ്റങ്ങള്‍ കൂടാതെ ജനാധിപത്യപരിവര്‍ത്തനം പരാജയപ്പെട്ട ചരിത്രത്തിനും ലോകം സാക്ഷൃം വഹിച്ചിട്ടുണ്ടെന്നനുസ്മരിച്ചു. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന നീതിന്യായ വ്യവസ്ഥികള്‍ ജനാധിപത്യവ്യവസ്ഥയിലെ ഒരവശ്യഘടകമാണെന്നും അവര്‍പ്രസ്താവിച്ചു.







All the contents on this site are copyrighted ©.