2011-05-28 14:25:47

സുവിശേഷപരിചിന്തനം - 29 മെയ് 2011 ഞായര്‍
സീറോ മലബാര്‍ റീത്ത്


വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 16, 16-24
ഉയിര്‍പ്പിനുശേഷം 5-ാം ഞായര്‍

ക്രിസ്തുവിന്‍റെ ഭൗമിക സാന്നിദ്ധ്യത്തില്‍ പരിശുദ്ധാത്മാവിന്‍റെ സഹായംകൂടെ വാഗ്ദാനംചെയ്യപ്പെടുന്നു. താന്‍ കടന്നു പോകുമെങ്കിലും വീണ്ടും കാണാമെന്ന വാഗ്ദാനവും നല്കുന്നു. എല്ലാറ്റിന്‍റേയും ഉദ്ദേശ്യവും തന്‍റെ ശിഷ്യന്മാരെ ആശ്വസിപ്പിക്കുകയെന്നതാണ്. അല്പ സമയം കാണുകയില്ല, എന്നാല്‍ വീണ്ടും അല്പം കഴിഞ്ഞാല്‍ കാണും, എന്നുള്ള പ്രസ്താവന അനുവാചകരില്‍ അത്ഭുതമുളവാക്കിയേക്കാം. ശിഷ്യരുടെ ഭീതിയും ഉത്ക്കണ്ഠയും കണക്കിലെടുത്ത് ഈശോ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. ദുഃഖകരമായ വേര്‍പാടിനുശേഷം, ആഹ്ലാദകരമായ കൂടിക്കാഴ്ടയുണ്ടാകും. ശിഷ്യന്മാര്‍ ആന്തരികമായി അഭിമുഖീകരിക്കുന്ന സ്ഥിതിവിശേഷത്തെ ഇവിടെ മനോഹരമായി സുവിശേഷകന്‍ അവതരിപ്പിച്ചിരിക്കുന്നു.

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം കുഞ്ഞിന്‍റെ ജനനം സന്തോഷകരമായ കാര്യമാണ്. ആ അമ്മ എല്ലാവേദനയും മറന്ന്, പിറന്ന കുഞ്ഞിനെ ഓര്‍ത്തു സന്തോഷിക്കുന്നു (ഏശ്യ 21,3) അതുപോലെ ക്രിസ്തുവിന്‍റെ മരണം വേദനാ ജനകമായിരുന്നെങ്കിലും പുനരുത്ഥാനാനന്തരമുള്ള കൂടിക്കാഴ്ച സന്തോഷദായകമാണ്. വേര്‍പാട് അല്പകാലത്തേക്കു മാത്രമുള്ളതാണ്.
ക്രിസ്തു നല്കുന്ന വാഗ്ദാനം മുന്നില്‍ കാണുന്ന സമയം, അവതരിപ്പിക്കുന്ന സമയം യുഗാന്ത്യമല്ല. ഉത്ഥാന നാളാണ്. ഉത്ഥാനനന്തരകാലം സഭയുടെ കാലവുമാണ്, സഭയുടെ ചൈതന്യകാലമാണ്.

ലോകത്തിന്‍റെ പാപങ്ങള്‍ ക്രിസ്തു ഏറ്റുവാങ്ങി. മാനവ സമൂഹത്തിനു രക്ഷ പ്രദാനംചെയ്യാന്‍ അവിടുന്ന് നിന്ദനങ്ങളും പീഡനങ്ങളും സന്തോഷത്തോടെ സഹിച്ചു. കുരിശ്ശില്‍ എല്ലാം കെട്ടൊടുങ്ങി എന്നു ലോകം ചിന്തിച്ചു. ശിഷ്യന്മാരുടെ ഹൃദയങ്ങളും ദുഃഖഭാരത്താല്‍ തളര്‍ന്നു. നിരാശയവരെ വിഴുങ്ങി. എന്നാല്‍ പീഡനങ്ങള്‍ക്കും മരണത്തിനുമപ്പുറം, ഉത്ഥാനത്തിന്‍റെ വിജയത്തിലൂടെ ക്രിസ്തു പുതിയ ജീവിത ശ്രേണികള്‍ തുറക്കുന്നു.
അവിടുത്തെ കല്ലറയില്‍നിന്നും എല്ലാം പുതുതായി ആരംഭിക്കുകയാണ്.
ഒരു നവചൈതന്യം ഭൂമുഖത്ത് വിരിയുന്നു. ശിഷ്യന്മാരുടെ ചിന്തകള്‍ക്കും അറിവിനും അഗ്രാഹ്യമാം വിധത്തില്‍ ക്രിസ്തു പ്രഭയോടെ ഉയിര്‍ത്തെഴുന്നേറ്റു. ഉത്ഥാന പ്രഭയില്‍ ദുഃഖവെള്ളിയുടെ ആലസ്യങ്ങളും ക്ലേശങ്ങളും മങ്ങിമറഞ്ഞു. വേദനിക്കുന്നവര്‍ക്കും ദുഃഖിതര്‍ക്കും ആശ്വാസവും പ്രത്യാശയും പകര്‍ന്നുകൊണ്ട് ഉയിര്‍പ്പു ഞായറാഴ്ച കടന്നുവന്നു.

അനുദിനം ജീവിതം സുഖപ്രദമാക്കുന്നതിനുള്ള നിതാന്ത പരിശ്രമത്തിലാണ് മനുഷ്യന്‍. സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും കയ്പേറിയ അനുഭവങ്ങളില്‍ മനുഷ്യന്‍ തളര്‍ന്നു പോകുന്നു.. ദൈവത്തില്‍നിന്നും സുഖസന്തോഷങ്ങള്‍ രണ്ടു കൈകളും നീട്ടി വാങ്ങുന്നവര്‍ ക്ലേശങ്ങളില്‍ നിരാശരായി ദൈവത്തെ മറക്കുന്നു. ദുഃഖങ്ങളില്‍ ജീവിതത്തിന്‍റെ അര്‍ത്ഥം എന്താണെന്നു ചോദിക്കുന്നു.
മനുഷ്യ മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്ന ദുഃഖമെന്ന യാഥാര്‍ത്ഥ്യത്തിന് ഉത്തരംകണ്ടെത്താന്‍ താത്വികന്മാര്‍ അവരുടേതായ വിധങ്ങളില്‍ പരിശ്രമിക്കുകയാണ്. ആര്‍ക്കും അന്യൂനമായൊരു മറുപടി നല്കാനാവുന്നില്ലെന്നതാണ് സത്യം. ജീവിത പ്രതിസന്ധികളുടെ മദ്ധ്യത്തില്‍ എല്ലാവരുടെയും മനസ്സിനെ മാറ്റിമറിക്കുന്ന ചിന്തയാണിത്. പച്ചയായ ജീവിത വൈഷമ്യങ്ങളുടെ മുന്നില്‍, ജനിച്ചു പോയതുകൊണ്ട് ജീവിക്കുന്നു. ഇനി മരിക്കുന്നതാണു നല്ലതെന്നു ചിന്തിക്കുകയും പറയുകയും ചെയ്യുന്നവര്‍ ഇക്കാലത്ത് ധാരാളമുണ്ട്.
കേരളത്തിന്‍റെ ജനകീയ കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മ ജീവിത പ്രതിസന്ധയെ വര്‍ണ്ണിച്ച വരികള്‍ ഓര്‍ക്കുമല്ലോ.

വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ
മന്നിതില്‍ വലയുന്ന മനുഷ്യനോ
അന്ധനാര് അന്ധനാര്
അന്ധകാര പരപ്പിതില്‍ അന്ധനാര്.. എന്നാണ് കവി പാടിയത്.
ക്രിസ്തുവിന്‍റെ ജീവിതം നമുക്ക് വ്യത്യസ്തമായൊരു കാഴ്ചപ്പാടും മറുപടിയും നല്കുന്നു. ക്രിസ്ത്വാനുകരണത്തിന് ഫലദായകത്വമുണ്ട്. ക്രിസ്തുവില്‍ സഹന മരണങ്ങള്‍ക്ക് അര്‍ത്ഥം കണ്ടെത്താനാകും. ക്രിസ്തുവില്‍ അനുരഞ്ജനവും സ്നേഹവും ക്ഷമയും ഒന്നായി തീരുന്നു. സ്നേഹിക്കുക, ശത്രുവിനെപ്പോലും എന്നാണവിടുന്നു പഠിപ്പിച്ചത്. ക്രിസ്തവിനെപ്പോലെ ജീവിത സമര്‍പ്പണത്തിന്‍റെ രക്ഷാകരസത്യം ബോദ്ധ്യമായാല്‍ ഒരു വ്യക്തിക്ക് സഹനത്തിനും ജീവിത ദുഃഖത്തിനും അര്‍ത്ഥം കണ്ടെത്താനാവും – ജീവിത ദുഃഖങ്ങളില്‍ തളര്‍ന്നവശനാകുന്ന മനുഷ്യനു ക്രിസ്തുനാഥന്‍ മാതൃകയും, സമാശ്വാസവുമാകും. കുരിശ്ശിന്‍റെ മാര്‍ഗ്ഗത്തില്‍ വിലങ്ങു തടിയായി നിന്ന ശിഷ്യപ്രധാനനായ പത്രോസിനെ അവിടുന്നു ശകാരിച്ചില്ലേ.. സാത്താനേ, നീ എന്‍റെ പിന്നില്‍ പോവുക.
നീ എനിക്ക് ഇടര്‍ച്ചയ്ക്കു ഹേതുവാകുന്നു... എന്ന്.

ത്യാഗത്തിനുള്ള അവസരമില്ലാതെ സ്നേഹം കാണിക്കുവാനാവില്ല. സ്നേഹം കാണിക്കാന്‍ ഞാന്‍ കുരിശ്ശെടുക്കണം.
അപരനില്‍ ഊന്നിനില്ക്കുന്ന സ്നേഹമാണ് ക്രിസ്തു പഠിപ്പിക്കുന്നത്. എനിക്കെന്തു സംഭവിക്കുമെന്നതിനെക്കാള്‍, എന്‍റെ സഹോദരനെന്തു സംഭവിക്കുമെന്നാണ് ഇവിടത്തെ ചിന്ത.
ഞാന്‍ താഴ്ന്ന് ഇറങ്ങിയില്ലെങ്കില്‍ പാപത്തില്‍ കഴിയുന്ന മനുഷ്യര്‍ക്കെന്തു സംഭവിക്കും എന്നായിരിക്കണം ക്രിസ്തു ചിന്തിച്ചത്.
സ്നേഹം കല്പനയ്ക്കതീതമാണ്. കല്പിക്കാനാവാത്തത് സ്നേഹം മാത്രമാണ്. സ്നേഹം നന്മയിലും സ്വാതന്ത്രൃത്തിന്‍റെ മണ്ണിലും മാത്രമേ വിരിയുകയുള്ളൂ. ഞാന്‍ സ്നേഹിച്ചതുപോലെ സ്നേഹിക്കുക.
സ്വന്തമായൊന്നും തുറക്കേണ്ടതില്ല. ഇതാണ് പുതുമ. സൗജന്യമായിത്തന്ന സ്നേഹം. 1ജോണ്‍ 4, 10. സ്നേഹം ദൈവത്തില്‍നിന്നുള്ളതാണ്.
ദൈവം തരുന്നതെല്ലാം സൗജന്യമാണ്. സൂര്യവെളിച്ചംപോലെ.
സൂര്യനെ കണ്ടവര്‍ക്കേ യഥാര്‍ത്ഥത്തിലുള്ള സ്നേഹം ദൈവത്തില്‍നിന്നും ഉള്ളതാണെന്ന് മനസ്സിലാവുകയുള്ളൂ. അസ്സീസിയിലെ ഫ്രാന്‍സിസ്സിന് നഷ്ടപ്പെട്ടത് പട്ടുതുണിയും പട്ടുശാലയുമാണ്... തനിക്കുള്ളതെല്ലാം ഉപേക്ഷിച്ചുകൊണ്ട് – ദാരിദ്ര്യവും സഹനവും ഏറ്റെടുത്തു. ദൈവത്തെ പിതാവായി കാണാന്‍ സാധിച്ച സമ്പന്നതയായിരുന്നു വിശുദ്ധ ഫ്രാന്‍സിസ്സിന്‍റേത്. എവിടെ ക്ഷതമുണ്ടോ, അവിടെ നിന്‍റെ സാന്ത്വനം നല്കാം. നല്കുമ്പോഴാണ് ലഭിക്കുന്നത്. മരിക്കുമ്പോഴാണ് നിത്യജീവന്‍ പ്രാപിക്കുന്നത്.
ഭീകരമായ തിന്മയുടെയും കെടുതികളുടെയും മുന്നില്‍ നില്കുമ്പോള്‍ മനുഷ്യന്‍ ചോദിച്ചുപോകുന്നു, ദൈവമുണ്ടോയെന്ന്. കനിവിന്‍റെയും കാരുണ്യത്തിന്‍റെയും മുന്നില്‍ നില്ക്കുമ്പോള്‍ ദൈവമേ ഉള്ളൂ.. എന്നു നാം പറഞ്ഞുപോകും.

ദൈവിക സാന്നിദ്ധ്യം ഈ ലോകത്ത് നന്മയിലൂടെയും സ്നേഹത്തിലൂടെയും ഈ പ്രപഞ്ചം മുഴുവനിലും അനുഭവ വേദ്യമാകുന്നതുപോലെ തന്നെ, നമുക്ക് മറ്റുള്ളവര്‍ക്കായ് ദൈവിക സാന്നിദ്ധ്യം വെളിപ്പെടുത്തി കൊടുക്കുവാനും സാധിക്കണം – വ്യക്തി ജീവിതങ്ങളിലൂടെ...

നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല. ദൈവം ബലഹീനരായ നമ്മെ സ്നേഹിച്ചു എന്നതിലാണ് സാക്ഷാത്തായ സ്നേഹം അടങ്ങിയിരിക്കുന്നത്. 1യോഹ. ഞാന്‍ സ്നേഹിച്ചതുപോലെ, എന്നു പറയുമ്പോള്‍ ദൈവത്തിന്‍റെ പ്രത്യേക സ്നേഹമാണ് അതില്‍ പ്രകടമാകുന്നത്.
സഹോദര സ്നേഹം, നമ്മെ നിത്യതയുടെ തീരങ്ങളിലേയ്ക്ക് നയിക്കുന്നു. ദൈവം നമ്മെ സ്നേഹിക്കുന്നതുപോലെ നമുക്കും അപരനെ സ്നേഹിക്കാം.
നിങ്ങള്‍ ദാസന്മാരല്ല, എന്‍റെ സ്നേഹിതന്മാരാണ്...എന്നാണ് ക്രിസ്തു പറഞ്ഞത്, പഠിപ്പിച്ചത്.

മെയ് മാസാന്ത്യത്തിലാണു നാം. പരിശുദ്ധ ദൈവമാതാവിനെ അനുസ്മരിക്കുന്ന വര്‍ണ്ണപൂക്കളുടെയും സുകൃതങ്ങളുടെയും മാസം.
ആലസ്യങ്ങളുടെ മദ്ധ്യേ മറിയം അമ്മയും അദ്ധ്യാപികയുമായി തെളിഞ്ഞു നില്കുന്നു. അയല്‍ക്കാരുടെ ആകുലതയില്‍ ശ്രദ്ധയോടെ പങ്കുചേര്‍ന്ന മറിയത്തിന്‍റെ കാനായിലെ മാദ്ധ്യസ്ഥ്യം ശ്രദ്ധേയമാണ്.
ജീവിത പ്രതിസന്ധികളില്‍ ക്രിസ്തു-സാന്നിദ്ധ്യം മറിയത്തെപ്പോലെ അംഗീകരിക്കുവാനും അറിയിക്കാനും നമുക്ക് കഴിയുമോ... ക്രിസ്തുവിനാല്‍ നയിക്കപ്പെടുവാന്‍ തക്കവിധം നമുക്ക് വിശ്വസ്തരും വിശ്വാസ യോഗ്യരുമായിത്തീരാം. മറിയത്തിന്‍റെ മാതൃ സാന്നിദ്ധ്യത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് ഇന്ന് ലോകത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ പ്രതിഭാസങ്ങള്‍ക്ക് കാതോര്‍ക്കാന്‍ നമുക്ക് സാധിക്കട്ടെ. സാക്ഷൃവും ദൗത്യവും കോര്‍ത്തിണക്കിയതാണ് ക്രിസ്തുവിനെ സ്നേഹിക്കുകയും അനുകരിക്കുകയും ചെയ്യുന്നവരുടെ ജീവിതങ്ങള്‍. ലോകത്തെ പ്രത്യാശയുടെ പാതയില്‍, സമാധാനത്തിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കും നയിക്കാന്‍ ക്രിസ്തു മാര്‍ഗ്ഗം സഹായിക്കും.
ദൈവത്തിന്‍റെ സൃഷ്ടിയെയും ചരിത്രത്തെയും സംരക്ഷിക്കുവാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ട്. ചുറ്റും കാണുന്ന സാമൂഹ്യ-രാഷ്ട്രീയ ചലനങ്ങള്‍
ക്രിസ്തു വെളിച്ചത്തില്‍ കണ്ടുകൊണ്ട് കാലികമായ സാമൂഹ്യ ഘടകങ്ങളില്‍ പങ്കുചേരുകയും, ചുറ്റുമുള്ള ലോകത്ത് സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ഒരു ചെറുകൈത്തിരി തെളിയിക്കാന്‍ ശ്രമിക്കാം.. End.









All the contents on this site are copyrighted ©.