2011-05-26 18:52:48

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍


26 മെയ് 2011, വത്തിക്കാന്‍
മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സീറോ മലബാര്‍ സഭയുടെ
മേജര്‍ ആര്‍ച്ചുബിഷപ്പായി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സ്ഥിരീകരിച്ചു.
തമിഴ് നാട്ടിലെ തക്കല രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെയാണ് പൗരസ്ത്യ കാനോനിക നിയമപ്രകാരം മെയ് 24-ാം തിയതി കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍ ചേര്‍ന്ന സിനഡ് മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുത്തത്. സിനഡിന്‍റെ തീരുമാനം വത്തിക്കാനില്‍ മാര്‍പാപ്പ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മെയ് 26-ാം തിയതി വ്യാഴാഴ്ച വത്തിക്കാനിലും കൊച്ചിയിലും ഒരേ സമയത്ത് പ്രഖ്യാപനം നടന്നത്.
തിരഞ്ഞെടുക്കപ്പെട്ട മേജര്‍ ആര്‍ച്ചുബിഷപ്പ്, എറണാകുളം-അങ്കമാലി അതിരൂപതാദ്ധ്യക്ഷനും ആഗോള സീറോ-മലബാര്‍ സഭയുടെ പരാമദ്ധ്യക്ഷനുമാണ്.
ചങ്ങനാശ്ശേരിയിലെ തുരുത്തി ഗ്രാമത്തില്‍ 1945 –ല്‍ ജനിച്ച ജോര്‍ജ്ജ് ആലഞ്ചേരി,
1972- വൈദികപട്ടം സ്വീകരിച്ചു. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പഠിച്ച ഫാദര്‍ ആലഞ്ചേരി, പാരീസിലെ കത്തോലിക്കാ സര്‍വ്വകലാശാലയില്‍നിന്നും മതബോധനത്തില്‍ ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കി. ചങ്ങനാശ്ശേരി അതിരൂപതയുടെ മതബോധന വിഭാഗത്തിന്‍റെ ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് അദ്ദേഹത്തെ കേരളസഭയുടെ പ്രാദേശിക കാര്യാലയമായ പി.ഒ.സിയുടെ ഡയറക്ടറായി കത്തോലിക്കാ മെത്രാന്‍ സമിതി നിയമിച്ചത്. നീണ്ട 18 വര്‍ഷക്കാലം പാലാരിവട്ടത്തുള്ള പിഒസിയുടെ ഡറക്ടറായി അദ്ദേഹം പ്രവര്‍ത്തിച്ച കാലയളവിലാണ് ബൈബിള്‍, മതബോധനം, എന്നീ മേഖലകളില്‍ പ്രാദേശിക സഭ ഏറെ ശക്തിപ്പെട്ടത്. മൂന്നു റീത്തുകളുടേതായി പിഒസിയെ ഏകോപിപ്പിച്ചു വളര്‍ത്തിയെടുത്തതിലും മാര്‍ ആലഞ്ചേരി വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. പിഒസിയിലെ സേവനകാലത്ത് അദ്ദേഹം ആലുവ പൊന്തിഫിക്കല്‍ സെമിനാരി, കോട്ടയത്തെ പൗരസ്ത്യ വിദ്യാപീഠം എന്നിവിടങ്ങളില്‍ ദൈവശാസ്ത്രം, പാസ്റ്ററല്‍ കൗണ്‍സിലിങ്ങ്, മതബോധനം എന്നീ വിഷയങ്ങള്‍ പഠിപ്പിച്ചിരുന്നു. 1993-ല്‍ പിഒസില്‍ നിന്നും വിരമിച്ച ഫാദര്‍ ആലംഞ്ചേരി ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരി ജനറലായി സേവനമനുഷ്ഠിച്ചു. 1996-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ പുതുതായി രൂപീകരിച്ച തക്കല രൂപതയുടെ പ്രഥമ മെത്രാനായി നിയമിച്ചു.
2011 മെയ് 24-ന് സീറോ മലബാര്‍ സിനഡ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സഭയുടെ മെയ്ജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കുകയും,
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സിനഡിന്‍റെ തിരഞ്ഞെടുപ്പ് സ്ഥീരികരിച്ച്, പ്രഖ്യാപിക്കുകയും ചെയ്തു.
സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രഥമ മേജര്‍ ആര്‍ച്ചുബിഷപ്പാണ് മാര്‍ ആലഞ്ചേരി. സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍
മാര്‍ വര്‍ക്കി വിതയത്തില്‍ കാലംചെയ്തതിനെ തുടര്‍ന്നാണ് പുതിയ സഭാനേതൃത്വത്തിനുവേണ്ടി സിനഡു സമ്മേളിച്ചത്.







All the contents on this site are copyrighted ©.