2011-05-25 20:15:51

‘അറബി വസന്തം’
മാനിക്കപ്പെടേണ്ട പ്രതിഷേധം


25 മെയ് 2011, ജരൂസലേം
മനുഷ്യാന്തസ്സിനായുള്ള മദ്ധ്യപൂര്‍വ്വദേശത്തെ യുവാക്കളുടെ മുറവിളി മാനിക്കേണ്ടതാണെന്ന് ഫവദ് ത്വാല്‍, ജരൂസലേമിലെ പാത്രിയര്‍ക്കിസ് അറിയിച്ചു. തൊഴിലിനും മനുഷ്യാന്തസ്സിലും സ്വാതന്ത്യത്തിനുംവേണ്ടി വാദിക്കുന്ന ‘അറബിന്‍റെ വസന്ത’മെന്ന (Arab Spring) മദ്ധ്യപൂര്‍വ്വദേശത്തെ യുവസംഘടനയുടെ അടുത്തകാലത്തെ പ്രതിഷേധ പ്രകടനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ജരൂസലേമിലെ പാത്രിയര്‍ക്കിസ്. രാഷ്ട്രീയ പ്രേരിതമല്ലാതെ മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനും സമാധാനത്തിനുംവേണ്ടി പ്രതിഷേധിക്കുന്ന യുവാക്കളുടെ മുറവിളി ‘പരിഗണിക്കേണ്ട പക്വതയാര്‍ന്ന പ്രതിഷേധ’മാണെന്ന് ആര്‍ച്ചുബിഷപ്പ് ത്വാല്‍ വിശേഷിപ്പിച്ചു. ടുനീഷ്യായിലും ഈജിപ്തിലുമുണ്ടായ സ്വാച്ഛാധിപത്യത്തില്‍‍നിന്നും ഏകാധിപത്യത്തില്‍നിന്നുമുണ്ടായ പ്രകടമായ രാഷ്ട്രീയ മാറ്റങ്ങള്‍ മദ്ധ്യപൂര്‍വ്വദേശത്തും ഉണ്ടാകണമെന്ന, അമേരിക്കന്‍ പ്രസിഡന്‍റ് ബാറക്ക് ഒബാമയുടെ അഭിപ്രായവും, അടിസ്ഥാന മനുഷ്യാവകാശങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് - അറബ്, പലസ്തീനാ - സ്വതന്ത്ര രാഷ്ട്രങ്ങള്‍ രൂപീകരിക്കപ്പെടണമെന്നുള്ള ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശവും ഇനിയും വൈകാതെ നടപ്പിലാക്കേണ്ട മാറ്റങ്ങളാണെന്ന് പാത്രിയര്‍ക്കിസ് ത്വാല്‍ മെയ് 24-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.
ക്രൈസ്തവീകതയുടെ അടിവേരുള്ള വിശുദ്ധനാട് സംരക്ഷിക്കപ്പെടുവാനും അവിടത്തെ ചെറുസമൂഹങ്ങള്‍ പുരോഗതി പ്രാപിക്കുവാനും മനുഷ്യാവകാശവും മതസ്വാതന്ത്രൃവും മാനിക്കുന്ന ഭരണക്രമങ്ങള്‍ ഉണ്ടാകേണ്ടതാവശ്യമാണെന്ന് ലത്തീന്‍ പാത്രിയര്‍ക്കിസ്, ഫവദ് ത്വാല്‍ അഭിമുഖത്തില്‍ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.