2011-05-25 20:00:19

മിസ്സൂരിലേയ്ക്ക് മാര്‍പാപ്പയുടെ സാന്ത്വന സന്ദേശം


25 മെയ് 2011, വത്തിക്കാന്‍
അമേരിക്കയില്‍ ചുഴലിക്കാറ്റിന്‍റെ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് മാര്‍പാപ്പ സാന്ത്വന സന്ദേശമയച്ചു. മെയ് 22-ാം തിയതി ഞായറാഴ്ച വൈകുന്നേരമാണ് മദ്ധ്യ-അമേരിക്കന്‍ സംസ്ഥാനമായ മിസ്സൂരിയിലെ ജോപ്ളിന്‍ പട്ടണം മാരകമായ ചുഴലിക്കാറ്റിന്‍റെ പിടിയലമര്‍ന്നത്. 116-പേര്‍ മരിക്കുകയും അനേകര്‍ ഭവനരഹിതരാക്കപ്പെടുകയും ചെയ്ത ദുരന്തത്തില്‍ അനുശോചനവും ദുഃഖവും രേഖപ്പെടുത്തിക്കൊണ്ടാണ് മാര്‍പാപ്പ സന്ദേശമയച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെവഴി പട്ടണാധികരികള്‍ക്കയച്ച സന്ദേശത്തില്‍ മാര്‍പാപ്പ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും, ഇനിയും ദുരിതമനുഭവിക്കുന്നവരെ ദൈവിക കാരുണ്യത്തിനു സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥന നേരുകയും ചെയ്തു. 60 വര്‍ഷക്കാലയളവില്‍ അമേരിക്കയിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ജോപ്ളിന്‍ പട്ടണത്തെ തകര്‍ത്തതെന്ന് അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 265 കി.മീ. വേഗതയിലെത്തിയ ചുഴലിക്കാറ്റിന്‍റെ പ്രത്യാഘാതങ്ങള്‍ മഴയായും ശക്തിയുള്ള കാറ്റായും ഇപ്പോഴും തുടരുന്നു.

 







All the contents on this site are copyrighted ©.