2011-05-24 14:48:29

ഏഴാമത് അന്തര്‍ദേശീയ കുടുംബസമ്മേളനം – മതബോധനരേഖ പ്രസിദ്ധീകരിച്ചു


24 മെയ് 2011, വത്തിക്കാന്‍
ഏഴാമത് അന്തര്‍ദേശീയ കുടുംബ സമ്മേളനത്തിനൊരുക്കമായുള്ള മതബോധനരേഖ “കുടുംബം - തൊഴിലും ആഘോഷവും” ഇരുപത്തിനാലാം തിയതി ചൊവ്വാഴ്ച പ്രകാശനം ചെയ്തു. കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും മിലാന്‍ അതിരൂപതയും സംയുക്തമായി സഹകരിച്ച് തയ്യാറാക്കിയ പ്രബോധന രേഖയുടെ പ്രഥമ പ്രതി പതിമൂന്നാം തിയതി വെള്ളിയാഴ്ച മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചിരുന്നു എന്ന് അനുസ്മരിച്ച കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ എന്നിയോ അന്തോണെല്ലി, ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, പോര്‍ച്ചുഗീസ്, പോളിഷ് എന്നീ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രബോധന രേഖ സഭാ സമൂഹങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഉടന്‍ തന്നെ ഉപയോഗിക്കാമെന്നും അറിയിച്ചു. 2012 മെയ് മാസം മുപ്പതാം തിയതി മുതല്‍ ജൂണ്‍മാസം മൂന്നാം തിയതി വരെ ഇറ്റലിയിലെ മിലാനില്‍ നടക്കാന്‍ പോകുന്ന അന്തര്‍ദേശീയ കുടുംബ സമ്മേളനത്തിനായുള്ള ഒരുക്കത്തിന്‍റെ പ്രാഥമിക ഔദ്യോഗിക നടപടിയായിട്ടാണ് മതബോധനരേഖ പ്രസിദ്ധീകരിക്കുന്നതെന്ന് വിശദീകരിച്ച മിലാന്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ തെത്തമാന്‍സി വിശുദ്ധ ഗ്രന്ഥ ഭാഗങ്ങളും സഭാപ്രബോധനങ്ങളും ഉള്‍ച്ചേര്‍ത്ത് തയ്യാറാക്കിയിട്ടുള്ള ഈ പ്രബോധനരേഖ കുടുംബ സമ്മേളനത്തിന്‍റെ മികച്ച മുന്നൊരുക്കത്തിന് സഹായകമാകുമെന്നും പ്രസ്താവിച്ചു. വിവിധ ഭാഷകളില്‍ തയ്യാറാക്കിയിട്ടുള്ള പ്രബോധന രേഖ ലോകമെങ്ങുമുള്ള രൂപതകള്‍ തങ്ങളുടെ കുടുംബ അജപാലനമേഖലയിലും ഇതര മേഖലകളിലും ഉപയോഗപ്പ‍െടുത്തുമെന്നും കര്‍ദ്ദിനാള്‍ തെത്തമാന്‍സി പ്രത്യാശ പ്രകടിപ്പിച്ചു.







All the contents on this site are copyrighted ©.