2011-05-19 19:13:18

മാര്‍പാപ്പയുടെ
വേനല്‍ക്കാല പരിപാടി


19 മെയ് 2011, വത്തിക്കാന്‍
ജൂലൈ മാസത്തിന്‍റെ ആദ്യവാരത്തില്‍ മാര്‍പാപ്പ വേനല്‍ക്കാല അവധിക്കായി
ക്യാസില്‍ ഗണ്ടോള്‍ഫോയിലേയ്ക്കു പോകുമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി,
പരിശുദ്ധ സിംഹാസനത്തിന്‍റെ ഔദ്യോഗിക വക്താവ് അറിയിച്ചു.
ജൂലൈ 3-ാം തിയതി ഞായറാഴ്ച വത്തിക്കാനിലെ ഔദ്യോഗിക പരിപാടികള്‍ക്കു ശേഷമാണ് വത്തിക്കാനില്‍നിന്നും ഏകദേശം 30 കി.മീ. അകലെയുള്ള വേനല്‍ക്കാല വസതിയിലേയ്ക്ക് മാര്‍പാപ്പ പോകുന്നത്.
ജൂലൈ 31-ാം തിയതി ഞായറാഴ്ചവരെ നീണ്ടുനില്ക്കുന്ന മാര്‍പാപ്പയുടെ വേനല്‍ക്കാല പരിപാടികള്‍ക്കു മദ്ധ്യേയുള്ള പതിവ് ബുധനാഴ്കളിലെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണങ്ങള്‍, ജൂലൈ മാസത്തിലെ 6, 13, 20, 27 – തിയതികളില്‍ ഉണ്ടായിരിക്കുന്നതല്ലെന്നും വിജ്ഞാപനം വെളിപ്പെടുത്തി.
ഞായറാഴ്ചകളിലെ ത്രികാലപ്രാര്‍ത്ഥനാ പരിപാടികള്‍ ക്യാസില്‍ ഗണ്ടോള്‍ഫോയില്‍തന്നെ നടത്തുകയാണ് പതിവ്. മലയോര പ്രദേശമായ ബ്രസ്സാനോണിലേയ്ക്ക് വിശ്രമത്തിനായി തദ്ദേശവാസികള്‍ മാര്‍പാപ്പയ്ക്കു നല്കിയ പ്രത്യേക ക്ഷണം നിരസിച്ചതായും വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ലൊമ്പോര്‍ഡി അറിയിച്ചു. വത്തിക്കാനിലെ തിരക്കുകളില്‍നിന്നും മാറിനില്ക്കുന്ന മാര്‍പാപ്പ ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ അധികസമയം പ്രാര്‍ത്ഥനയിലും പഠനത്തിലും, പുസ്തകരചനയിലും ചിലവഴിക്കുകയാണു പതിവ്. അത്യാവശ്യമുള്ള ഔദ്യോഗിക കാര്യങ്ങള്‍ക്കും മുടക്കു വരുത്താറില്ല.







All the contents on this site are copyrighted ©.