2011-05-19 19:39:37

തെരേസിയാനും - ആത്മീയതയുടെ 75 വര്‍ഷങ്ങള്‍


19 മെയ് 2011, വത്തിക്കാന്‍
ക്രിസ്തു രഹസ്യങ്ങളിലേയ്ക്ക് അറിവിന്‍റെയും സനേഹത്തിന്‍റെയും തുറന്ന ഹൃദയവുമായി കടന്നുചെല്ലണമെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. നിഷ്പാദുക കര്‍മ്മലീത്താ സഭാംഗങ്ങളുടെ റോമിലുള്ള തെരേസിയാനും - ദൈവശാസ്ത്ര വിദ്യാപീഠത്തിന്‍റെ വജ്രജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് മെയ് 19-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍‍‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. വിദ്യപീഠത്തിന്‍റെ അധികൃതര്‍, വൈദികരും സന്യസ്തരും സെമിനാരി വിദ്യാര്‍ത്ഥികളും, അല്മായരുമായി വലിയൊരു സംഘമാണ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കായി വത്തിക്കാനില്‍ എത്തിയത്.
ആവിലായിലെ അമ്മ ത്രേസ്യായിലൂടെയും കുരിശിന്‍റെ വിശുദ്ധ യോഹന്നാനിലൂടെയും 16-ാം നൂറ്റാണ്ടില്‍ ലോകത്തിനു ലഭിച്ച ആദ്ധ്യാത്മിക നവീകരണത്തിന്‍റെ സാക്ഷൃവും നവചൈതന്യവും മാര്‍പാപ്പ തന്‍റെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. ധ്യാനാത്മക ജീവിതത്തിന് ഉണര്‍വ്വും ഉന്മേഷവും പകര്‍ന്നുകൊണ്ട് ഇന്നും സഭയില്‍ തെളിഞ്ഞുനില്ക്കുന്ന നിഷ്പാദുക കര്‍മ്മലീത്താ ആത്മീയതയെയും, അതില്‍ തെരേസിയാനും വിദ്യാപീഠം വഹിക്കുന്ന വലിയ പങ്കിനെയും മാര്‍പാപ്പ നന്ദിയോടെ അനുസ്മരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ക്രിസ്തു കേന്ദ്രീകൃതമായ ഈ ആത്മീയത, വികാര വിചാരങ്ങളിലും, പ്രാര്‍ത്ഥനയിലും പഠനത്തിലും പ്രവൃത്തികളിലും അനുദിനം വളര്‍ത്തിയെടുക്കണമെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.