2011-05-18 18:45:52

ചൈനയിലെ പീഡിത-സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


18 മെയ് 2011, വത്തിക്കാന്‍
ആഗോളസഭയോടും പത്രോസിന്‍റെ പിന്‍ഗാമിയോടും ഐക്യപ്പെട്ടിരിക്കുവാന്‍ ചൈനയിലെ സഭയ്ക്കുവേണ്ടി നിരന്തരമായി പ്രാര്‍ത്ഥിക്കണമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ആഹ്വാനംചെയ്തു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ മെയ് 18-ാം തിയതി ബുധനാഴ്ച, പതിവുള്ള തന്‍റെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് മാര്‍പാപ്പ ചൈനയിലെ സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥനാസഹായം തേടിയത്.
മെയ് 24-ാം തിയതി ചൈനയിലെ ഷാങ്ഹായിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആഘോഷിക്കപ്പെടുന്ന ക്രിസ്ത്യനികളുടെ സഹായിയായ മറിയത്തിന്‍റെ വിഖ്യാതമായ തിരുനാളിന്‍റെ പശ്ചാത്തലത്തിലാണ് ചൈനയിലെ പീഡിത സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പാപ്പ ആഹ്വാനംചെയ്തത്.
പ്രാര്‍ത്ഥനകൊണ്ടു മാത്രമെ അവിടത്തെ കത്തോലിക്കര്‍ക്ക് സഭാപ്രബോധനങ്ങളോടു വിശ്വസ്തത പാലിച്ചും, വിശുദ്ധിയും അച്ചടക്കവുമുള്ള ഒരു സമൂഹമായും വളരുവാനും സാധിക്കൂ എന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചത്. വിശ്വാസം ജീവിക്കാന്‍ സാധിക്കാത്ത കത്തോലിക്കരെയും അജപാലന ശുശ്രൂഷ നിഷേധിക്കപ്പെട്ട മെത്രാന്മാരെയും മാര്‍പാപ്പ കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു. പത്രോസിന്‍റെ പാതയില്‍നിന്നും സ്വതന്ത്രമായൊരു വിശ്വാസപാത തിരഞ്ഞെടുക്കാനുള്ള പ്രലോഭനത്തില്‍നിന്നും പിന്‍തിരിയുന്നതിനും പാപത്തെയും മരണത്തെയും കീഴടക്കിയ പുതിയ മനുഷ്യന്‍, ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷൃംവഹിക്കാനും ചൈനയിലെ സഭയ്ക്കു സാധിക്കട്ടെയെന്നും മാര്‍പാപ്പ പ്രാര്‍ത്ഥനാപൂര്‍വ്വം തന്‍റെ പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു. അവസരവാദത്തില്‍പ്പെട്ട് വഴിതെറ്റുകയും സംശയിക്കുകയും പീഡിപ്പിക്കപ്പ‍െടുകയും ചെയ്യുന്ന ചൈനയിലെ വിശ്വാസികളെ, ക്രിസ്തുവിന്‍റെ ചാരത്ത് നിന്ന കന്യകാ നാഥയുടെ മാദ്ധ്യസ്ഥ്യത്തിന് എന്നും സമര്‍പ്പിച്ചുകൊണ്ടാണ് മാര്‍പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.







All the contents on this site are copyrighted ©.