2011-05-18 19:03:53

കുടിയേറ്റത്തില്‍ ഒളിപ്പിച്ചിരിക്കുന്ന
മനുഷ്യക്കച്ചവടം


18 മെയ് 2011, വത്തിക്കാന്‍
കുടിയേറ്റ പ്രതിഭാസത്തിന്‍റെ പിന്നില്‍ നടക്കുന്ന മനുഷ്യക്കച്ചവടത്തെ മനുഷ്യാന്തസ്സിന്‍റെ സംരക്ഷണ പാതയില്‍ നേരിടുമെന്ന്, ആര്‍ച്ചുബിഷപ്പ് അന്തോണിയോ വേല്യോ, കുടിയേറ്റക്കാര്‍ക്കും യാത്രികര്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് റോമില്‍ പ്രസ്താവിച്ചു.
വത്തിക്കാനിലേയ്ക്കുള്ള അമേരിക്കയുടെ നയതന്ത്രകാര്യാലയം
മെയ് 18-ാം തിയതി ബുധനാഴ്ച റോമില്‍ സംഘടിപ്പിച്ച, സ്വാതന്ത്ര്യത്തിന്‍റെ കണ്ണികള്‍, എന്ന അന്താരാഷ്ട്ര സമ്മേളനത്തെ അധികരിച്ച് വത്തിക്കാന്‍ റേഡിയോയോടു സംസാരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്പ് വേല്യോ.
അഗോളവത്ക്കരണത്തിന്‍റെ പേരില്‍ ലോകവ്യാപകമായി നടക്കുന്ന വിവിധ മേഖലകളിലുള്ള ഭീകരമായ മനുഷ്യക്കച്ചവടത്തെ മനുഷ്യാവകാശത്തിന്‍റെ നിഷേധമെന്ന നിലയില്‍ നേരിടുവാനുള്ള നീക്കമാണ്, അമേരിക്കയുടെ നയതന്ത്രകാര്യാലയം റോമില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശിയ സമ്മേളനമെന്ന് ആര്‍ച്ചുബിഷപ്പ് വ്യക്തമാക്കി. സ്ത്രീകളുടെ ലൈംഗികചൂഷണം കൂടാതെ കൃഷിയുടെയും വ്യവസായത്തിന്‍റെയും മേഖലകളിലും അടിമത്വവും അധാര്‍മ്മികതയും വ്യാപകമായി നിലനില്ക്കുന്നുണ്ടെന്ന്, കുടിയേറ്റക്കാര്‍ക്കും യാത്രികര്‍ക്കുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഉത്തരവാദിത്തം വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് വേല്യോ പ്രസ്താവിച്ചു. നിഷ്ക്കളങ്കരായ കുട്ടികളെ പട്ടാളക്കാരായി ഉപയോഗിക്കുന്ന വിമതസൈന്യങ്ങളുടെ പ്രവണതയെയും നേരിടുവാന്‍ പ്രായോഗിക ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടക്കുമെന്ന് ആര്‍ച്ചുബിഷപ്പ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.
മനുഷ്യക്കച്ചവടമെന്ന ആഗോള പ്രതിഭാസത്തെ നിയമപരമായി നേരിടുന്നതിന് സര്‍ക്കാരുകളുടെ മാത്രമല്ല, സര്‍ക്കാരേതര സംഘടകളുടെയും മനുഷ്യാവകാശ കമ്മിഷനുകളുടെയും പ്രാദേശിക സഭകളുടെയും സഹായം ആഗോളതലത്തില്‍ സംഘടിപ്പിക്കുമെന്നും കുടിയേറ്റക്കാരുടെ ക്ഷേമത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഉത്തരവാദിത്തം വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് വേല്യോ പ്രസ്താവിച്ചു. വ്യക്തികളുടെ ചൂഷണം കുടിയേറ്റത്തില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നും, അറിയുവാനും അറിയിക്കുവാനും ആര്‍ക്കും താല്പര്യമില്ലാത്ത നവയുഗത്തിന്‍റെ അടിമത്ത്വമാണിതെന്നും ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയെ ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് വേല്യോ വെളിപ്പെടുത്തി.







All the contents on this site are copyrighted ©.