2011-05-17 15:10:42

മാര്‍പാപ്പയുടെ ആത്മീയസാന്നിദ്ധ്യത്തിന് സിറിയായിലെ കത്തോലിക്കാ മെത്രാപ്പോലിത്താ കൃതജ്ഞത രേഖപ്പെടുത്തുന്നു.


17 മെയ്, സിറിയ
സിറിയായില്‍ സമാധാനം സ്ഥാപിക്കപ്പെടുന്നതിനു വേണ്ടി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നടത്തിയ അഭ്യര്‍ത്ഥനയ്ക്കും പ്രാര്‍ത്ഥനയ്ക്കും ദമാസ്ക്കസിലെ സിറിയന്‍ കത്തോലിക്കാ മെത്രാപ്പോലിത്താ കൃതജ്ഞത രേഖപ്പെടുത്തി. പതിനഞ്ചാം തിയതി ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയെത്തുടര്‍ന്ന് സിറിയായില്‍ നടക്കുന്ന സായുദ്ധ സംഘര്‍ഷത്തില്‍ തനിക്കുള്ള ആകുലത വെളിപ്പെടുത്തിയ മാര്‍പാപ്പ അന്നാട്ടില്‍ ഏകതയുടേയും ഐക്യത്തിന്‍റേയും സഹജീവനം വീണ്ടും സാധ്യമാകേണ്ടത് അടിയന്തരമാണെന്നു പറയുകയും സിറിയായില്‍ വീണ്ടും രക്തചൊരിച്ചിലുകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു, സമാധാനപൂര്‍ണ്ണമായ ഭാവിക്കുവേണ്ടി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അന്നാട്ടിലെ ഭരണാധികാരികളേയും പൊതുജനങ്ങളെയും ക്ഷണിച്ച മാര്‍പാപ്പയുടെ വാക്കുകള്‍ പ്രത്യാശാജനകമാണെന്ന് ആര്‍ച്ച് ബിഷപ്പ് ഏലിയാസ് തോബെ ഒരു വാര്‍ത്താഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. അക്രമവും സംഘട്ടനവും കൂടാതെ ജനങ്ങളുടെ പ്രതിഷേധ പ്രകടങ്ങള്‍ക്കു പരിഹാരം കാണുവാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് അഭ്യര്‍ത്ഥിച്ചു. മാര്‍പാപ്പ പറഞ്ഞതുപോലെ അക്രമം വെടിഞ്ഞ് സര്‍ക്കാരും പൊതുജനങ്ങളും സഹകരിച്ചു പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഐക്യവും യോജിപ്പും ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പാപ്പ സൂചിപ്പിച്ചതുപോലെ പൊതു നന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തില്‍ ഒരിക്കലും പ്രത്യാശ കൈവെടിയരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.







All the contents on this site are copyrighted ©.