2011-05-12 19:04:38

വിശ്വാസ ജീവിതം അഭൗമമായ
യാഥാര്‍ത്ഥ്യത്തിന്‍റെ സാക്ഷൃം – മാര്‍പാപ്പ


12 മെയ് 2011, വത്തിക്കാന്‍
പരിവര്‍ത്തന വിധേയമാകുന്ന ലോകത്തിന്‍റെ വെല്ലുവിളികളെ യഹൂദരും കത്തോലിക്കരും ഒത്തൊരുമിച്ച് നേരിടമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. യഹൂദരുടെ ആഗോള സമുദായ സംഘടനയായ ബിനായ് ബ്രിത്ത് പ്രതിനിധികളുമായി മെയ് 12-ാം തിയതി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.
ആഗോളതലത്തില്‍ അനുഭവേദ്യമാകുന്ന ദാരിദ്ര്യം അനീതി, വിവേചനം, മനുഷ്യാവകാശ നിഷേധം മുതലായ വെല്ലുവിളികളെ നേരിടുമ്പോഴും,
മനുഷ്യന്‍ ദൈവത്തിന്‍റെ പ്രതിഛായയില്‍ (ഉല്പത്തി1, 26) സൃഷ്ടിക്കപ്പെട്ടവരാണെന്ന ബോധ്യമുള്ളവര്‍ അനിഷേധ്യമായ മനുഷ്യാവകാശ സംരക്ഷണത്തിനായി പരിശ്രമിക്കണെന്ന് മാര്‍പാപ്പ ബിനായ് ബ്രിത്തിന്‍റെ പ്രതിനിധികളെ അനുസ്മരിപ്പിച്ചു. മനുഷ്യവ്യക്തിയെക്കുറിച്ചും സമൂഹജീവിതത്തെക്കുറിച്ചും വളരെ വൈകല്യമുള്ളതും ലൗകായവുമായ വീക്ഷണമുള്ള ഇക്കാലയളവില്‍
മതാത്മക ജീവിതത്തിന്‍റെ പ്രസക്തിയും പ്രാധാന്യവും ലോകത്തിനു
പകര്‍ന്നു കൊടുക്കേണ്ടതാണെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
വിശ്വാസികളുടെ ജീവിതവും പ്രയത്നവും അഭൗമമായൊരു യാഥാര്‍ത്ഥ്യത്തിന്‍റെ നിരന്തരമായ സാക്ഷൃമായിരിക്കണം. ചരിത്രത്തിന്‍റെ അന്തിമ രൂപത്തെ ക്രമപ്പെടുത്തുന്നത്, (അതിലേയ്ക്കുള്ള യാത്ര എത്ര ദുര്‍ഘടമായിരുന്നാലും), സ്നേഹവും കാരുണ്യവുമുള്ള ദൈവമാണെന്ന ബോധ്യത്തിലേയ്ക്ക് എല്ലാ മനുഷ്യരെയും നയിക്കണമെന്നും മാര്‍പാപ്പ ആഹ്വാനംചെയ്തു. യഹൂദരുടെ ഐക്യത്തിനും സംരക്ഷണത്തിനും, യഹൂദ-വിരുദ്ധ പ്രവണതകളെ എതിര്‍ക്കുന്നതിനുംവേണ്ടി 1843-ല്‍ ന്യൂയോര്‍ക്കില്‍ സ്ഥാപിതമായ ബിനായ് ബ്രിത്ത് സംഘടനയ്ക്ക് 58 രാജ്യങ്ങളിലായി 5 ലക്ഷത്തിലേറെ അംഗങ്ങളുണ്ട്. ഉടമ്പടിയുടെ മക്കള്‍, people of the Covenant എന്നാണ് ബിനായ് ബ്രിത്തെന്ന ഹെബ്രായ പേരിനര്‍ത്ഥം. ആഗോള തലത്തില്‍ ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഈ സംഘടന വ്യാപൃതമാണ്







All the contents on this site are copyrighted ©.