2011-05-12 19:11:39

പരിസ്ഥിതി സംരക്ഷണം
ഒരു ധാര്‍മ്മിക ഉത്തരവാദിത്തം


12 മെയ് 2011, കെയ്പ് ടൗണ്‍
ആഗോളവത്കൃത ലോകത്ത് പരിസ്ഥിതി സംരക്ഷണം
ധാര്‍മ്മിക ഉത്തരവാദിത്തമാണെന്ന്, ആര്‍ച്ചുബിഷ്പ്പ് മക്കോബാ, ആഫ്രിക്കയിലെ ആംഗ്ളിക്കന്‍ സഭാദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
മെയ് 11-ാം തിയതി ബുധനാഴ്ച ആഫ്രിക്കയിലെ കേപ് ടൌണില്‍ ആഫ്രിക്കയ്ക്കുവേണ്ടി സംഘടിപ്പിച്ച 21-ാമത് ആഗോള സാമ്പത്തിക ചര്‍ച്ചാവേദിയില്‍ World Economic Forum on Africa 2011 സംസാരിക്കുകയായിരുന്നു സൗത്ത് ആഫ്രിക്കയിലെ ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മക്കോബാ. പരിസ്ഥിതി നശീകരണം മൂലമാണ് കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളുമുണ്ടാകുന്നതെന്നും, അതിന്‍റെ കെടുതികള്‍ അധികവും അനുഭവിക്കുന്നത് പാവങ്ങളും നിര്‍ദ്ദോഷികളുമായ ജനങ്ങളാണെന്നും, അങ്ങിനെ അവയുടെ ധാര്‍മ്മികമാനം വര്‍ദ്ധിക്കുകയാണെന്നും ആഫ്രിക്കയിലെ കേപ് ടൗണ്‍ ആഗ്ലിക്കന്‍ സഭാദ്ധ്യക്ഷന്‍ കൂടിയായ ആര്‍ച്ചുബിഷപ്പ് മക്കോബാ പ്രസ്താവിച്ചു. ‘ദൈവം മനുഷ്യന്‍റെ സംരക്ഷണയ്ക്ക് ഭരമേല്പിച്ചൊരു സ്വത്താണ് സൃഷ്ടി,’ എന്നതായിരുന്നു സമ്മേളനത്തിന്‍റെ ചര്‍ച്ചാവിഷയം. അനീതിയും സ്വാര്‍ത്ഥതയുമാണ് പിരസ്ഥിതി നാശത്തിന് വഴിയൊരുക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച ആര്‍ച്ചുബിഷപ്പ് മക്കോബാ, “അധികം ലഭിച്ചവനില്‍നിന്ന് അധികം ആവശ്യപ്പെടും, ....” (ലൂക്കാ 12, 48), എന്നും ഉദ്ബോധിപ്പിച്ചു. ആഫ്രിക്കപോലുള്ള രാജ്യങ്ങളില്‍ വന്‍കിടക്കാര്‍ നടത്തുന്ന വനനശീകരണ പ്രകൃയയാണ് കാലാവസ്ഥാ വ്യതിയാനത്തിനു മുഖ്യകാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്‍ യുഎന്‍ ജനറല്‍ സെക്രട്ടറി കോഫി ആണ്ണന്‍, സൗത്ത് ആഫ്രിക്കയുടെ പ്രസിഡന്‍റ് ജേക്കബ് സുമാ എന്നിവരും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.







All the contents on this site are copyrighted ©.