2011-05-11 19:14:04

വിശ്വാസ വളര്‍ച്ച
അഭൂതപൂര്‍വ്വമെന്ന്
ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍


11 മെയ് 2011, റോം
ആഗോളസഭയോടും പരിശുദ്ധ സിംഹാസനത്തോടുമുള്ള വിശ്വസ്തയും പിന്‍തുണയും വടക്കു-കിഴക്കെ ഇന്ത്യന്‍ സഭയ്ക്കുവേണ്ടി ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പില്‍ പ്രഖ്യാപിച്ചു. വടക്കു-കിഴക്കെ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് എന്ന നിലയില്‍ മെയ്
6-ാം തിയതി വെള്ളിയായ്ച മാര്‍പാപ്പയുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍ പ്രാദേശിക സഭയുടെ പിന്‍തുണയും കൂറും അറിയിച്ചതെന്ന്, യൂക്കാന്‍ Ucan വാര്‍ത്താ ഏജെന്‍സിക്കു റോമില്‍ നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ചരിത്രപരമായി ഭാരതത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സഭയാണ്
വടക്കു-കിഴക്കെ ഇന്ത്യയെങ്കിലും, 1934-ല്‍ തുടങ്ങിയ ഷില്ലോങ്ങ് രൂപത വളര്‍ന്നു പന്തലിച്ച്, ഇന്ന് ഗൗഹാത്തി, ഇംഫാല്‍, ഷില്ലോങ്ങ് - മൂന്നു വലിയ അതിരൂപതകളും 12 രൂപതകളുമായെന്ന് ആര്‍ച്ചുബിഷ്പ്പ് മേനാംപറമ്പില്‍ പ്രസ്താവിച്ചു. പുരാതനമായ സാംസ്കാരിക പൈതൃകവും പാരമ്പര്യങ്ങളുംകൊണ്ട് സമ്പന്നമായ വടക്കു-കിഴക്കെ ഇന്ത്യയിലെ വിശ്വാസ വളര്‍ച്ച അഭൂതപൂര്‍വ്വമാണെന്ന് ആര്‍ച്ചുബിഷ്പ്പ് മേനാംപറമ്പില്‍ വിശേഷിപ്പിച്ചു. പ്രതിസന്ധികളെ അതിജീവിച്ച് ഏറെ വിജനവും വിദൂരവുമായ അരുണാചല്‍ - മിയാവോ മേഖലയില്‍പ്പോലും വിശ്വാസത്തിന്‍റെ വെളിച്ചമെത്തിച്ച് രൂപത സ്ഥാപിക്കുവാന്‍ സാധിച്ച
വടക്കു-കിഴക്കന്‍ മേഖലയിലെ മിഷനറിമാരുടെ പ്രേഷിത ചൈതന്യത്തെ ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍ പ്രശംസിച്ചു. അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാര്‍പാപ്പയുമായുള്ള ad limina ഔദ്യോഗിക സന്ദര്‍ശനത്തിയതാണ് ഗൗഹാത്തി അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍.







All the contents on this site are copyrighted ©.