2011-05-11 19:06:23

വാഴ്ത്തപ്പെട്ട
ജോണ്‍ പോള്‍ രണ്ടാമന്‍
ആത്മീയ ഉണര്‍വിന്‍റെ ഉറപ്പ്


11 മെയ് 2011, റോം
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പൈതൃകം അതുല്യമായ ആത്മീയ ഉണര്‍വ്വിന്‍റെ ഉറപ്പാണെന്ന് ഏലിയോ തൊവാഫ്, റോമിലെ വലിയ യഹൂദ പള്ളിയുടെ മുന്‍ റാബായ് സാക്ഷൃപ്പെടുത്തി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍റെ ദിനപത്രമായ ഒസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ അഭിമുഖത്തിലാണ് 94 വയസ്സുകാരനും മാര്‍പാപ്പയുടെ സുഹൃത്തുമായ റാബായ് ഏലിയോ തൊവാഫ് ഇപ്രകാരം പ്രസ്താവിച്ചത്. 1986-ലും 2000-ാമാണ്ടിലും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍നിന്നും ഏകദേശം നാലു കിലോമീറ്റര്‍ അകലെയുള്ള പുരാതനമായ തേംപിയോ മജ്ജോരെ യഹൂദ പള്ളിയിലേയ്ക്ക് നടത്തിയ സന്ദര്‍ശനങ്ങള്‍, മുന്‍ റാബായ് അഭിമുഖത്തില്‍ അനുസ്മരിച്ചു. ലോകത്തിലെ രണ്ടു വലിയ മത സമൂഹങ്ങളായ യഹൂദരും
ക്രൈസ്തവരും തമ്മില്‍, നൂറ്റാണ്ടുകളായുള്ള ശത്രുതയുടെ ചരിത്രവും ഗര്‍വ്വിന്‍റെ മനോഭാവവും മറികടന്ന് സാഹോദര്യത്തിന്‍റെയും സഹിഷ്ണുതയുടെയും പാത തുറന്നത് ജോണ്‍ പോള്‍ രണ്ടമന്‍ മാര്‍പാപ്പയാണെന്ന് റാബായ് ഏലിയോ സമര്‍ത്ഥിച്ചു.
രക്ഷയുടെ വാഗ്ദാനങ്ങള്‍ സ്വീകരിച്ചവര്‍, ദൈവിക ഉടമ്പടിയില്‍ പങ്കുകാരായ ജനതയോടു കാണിച്ച വിദ്വേഷത്തിനും അകല്‍ച്ചയ്ക്കും ജൂബിലി വര്‍ഷത്തില്‍ മാപ്പപേക്ഷിച്ചുകൊണ്ടാണ് മാര്‍പാപ്പ സാഹോദര്യത്തിന്‍റെ കണ്ണികള്‍ കൂട്ടിയിണക്കിയതെന്ന് റാബായ് ഏലിയോ അനുസ്മരിച്ചു.
2000-ാമാണ്ട് ജൂബിലി വര്‍ഷത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധ നാട്ടിലെത്തി, പുണ്യപ്പെട്ട സങ്കടമതില്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചതും റാബായ് സ്നേഹപൂര്‍വ്വം അനുസ്മരിച്ചു.
 







All the contents on this site are copyrighted ©.